X
    Categories: MoreNewsViews

ജി.സി.സി ഉച്ചകോടി: ഖത്തര്‍ അമീറിന് സഊദി രാജാവിന്റെ ക്ഷണം

നൗഷാദ് പേരോട്

ദോഹ: റിയാദില്‍ നടക്കുന്ന ജി.സി.സി ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയെ ആതിഥേയ രാജ്യമായ സഊദി അറേബ്യ ഔദ്യോഗികമായി ക്ഷണിച്ചു. സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസ് അല്‍സഊദിന്റെ ക്ഷണക്കത്ത് ജി.സി.സി സെക്രട്ടറി ജനറല്‍ ഡോ. അബ്ദുല്‍ ലത്തീഫ് ബിന്‍ റാഷിദ് അല്‍സയാനി ഖത്തറിന് കൈമാറി. ഖത്തര്‍ വിദേശകാര്യ സഹമന്ത്രി സുല്‍താന്‍ ബിന്‍ സഅദ് അല്‍മുറൈഖി കത്ത് സ്വീകരിച്ചു. ഈ മാസം ഒമ്പതിന് റിയാദിലാണ് ഉച്ചകോടി. ഗള്‍ഫ് പ്രതിസന്ധി അവസാനിക്കുന്നതിന്റെ ആദ്യ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ കത്തിനെ വിലയിരുത്തുന്നത്. ജി.സി.സിയുടെ 39-ാമത് ഉച്ചകോടിയാണിത്. ഉപരോധത്തിന് ശേഷമുള്ള രണ്ടാമത്തെ ഉച്ചകോടിയും. റിയാദില്‍ നടക്കാനിരിക്കുന്ന ജി.സി.സി ഉച്ചകോടിയില്‍ ഖത്തറിനെ പങ്കെടുപ്പിക്കാന്‍ കുവൈത്ത് മധ്യസ്ഥശ്രമം ഊര്‍ജ്ജിതപ്പെടുത്തിയിരുന്നു.

സൗദി സഖ്യരാജ്യങ്ങളുമായുംം ഖത്തറുമായും ഇതിനായി കുവൈത്ത് നേരത്തേ തന്നെ ചര്‍ച്ച ആരംഭിച്ചിരുന്നു. ഖത്തര്‍ ഉള്‍പ്പെടെ എല്ലാ ജി.സി.സി രാജ്യങ്ങളും റിയാദ് ഉച്ചകോടിയില്‍ സംബന്ധിക്കുമെന്ന് കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഖാലിദ് അല്‍ ജാറല്ല കുവൈത്ത് വാര്‍ത്താ ഏജന്‍സിയുമായുള്ള സംഭാഷണത്തില്‍ നേരത്തെതന്നെ പ്രത്യാശ പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം സഊദി കിരീടാവകാശി, വളര്‍ന്നുവരുന്ന സാമ്പത്തിക ശക്തിയെന്ന നിലക്ക് ഖത്തറിനെ അഭിനന്ദിച്ച് സംസാരിക്കുകയും ചെയ്തു. കഴിഞ്ഞ ഡിസംബറില്‍ കുവൈത്തില്‍ നടന്ന ജി.സി.സി ഉച്ചകോടി വേണ്ടത്ര വിജയമായിരുന്നില്ല. രാഷ്ട്രത്തലവന്മാരില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം അല്‍ ഹമദ് അല്‍താനിയും കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍അഹ്മദ് അല്‍ജാബിര്‍ അസ്സബാഹും മാത്രമാണ് അന്ന് പങ്കെടുത്തത്. ബാക്കിയുള്ളവര്‍ പ്രതിനിധികളെ അയക്കുകയായിരുന്നു

ചന്ദ്രിക വെബ് ഡെസ്‌ക്‌: