X
    Categories: Newsworld

പച്ചയണിഞ്ഞ് സഊദി ; വർണ്ണാഭമായ ദേശീയ ദിനം

അഷ്‌റഫ് വേങ്ങാട്ട്

റിയാദ് : തൊണ്ണൂറ്റി മൂന്നാമത് ദേശീയദിനാഘോഷം വർണ്ണ ശബളമായി ആഘോഷിച്ച് സഊദി. രാജ്യപുരോഗതിയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് നേതൃത്വം നൽകുന്ന സഊദി ഭരണാധികാരി സൽമാൻ രാജാവിന്റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും ഭരണത്തിനും നിലപാടുകൾക്കും പൂർണ്ണ പിന്തുണയോതിയാണ് സഊദിയുടെ നഗരങ്ങളും ഗ്രാമങ്ങളും ദേശീയ ദിനം ഹൃദ്യമായി കൊണ്ടാടിയത്. അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന ആഘോഷത്തിൽ വൈവിധ്യമാർന്ന പരിപാടികളാണ് അരങ്ങേറുന്നത് . രാജ്യത്തിന്റെ പൂർവകാല ചരിത്രങ്ങൾ സുസ്‌മൃതികളാക്കി അനസ്യൂതം പുരോഗതിയിലേക്ക് മുന്നേറുന്ന നാടിനൊപ്പം സഞ്ചരിക്കാൻ സഊദി ജനതക്കൊപ്പം ഒന്നരകോടിയിലധികം വരുന്ന വിദേശി സമൂഹവും ആഹ്ലാദത്തോടെ ആഘോഷത്തിൽ പങ്ക് ചേർന്നു. വാരാന്ത്യ അവധിക്കൊപ്പം വന്നെത്തിയ ഇക്കൊല്ലത്തെ ദേശീയ ദിനത്തിന് മൂന്ന് അവധി ലഭിച്ചത് ഒരുക്കങ്ങൾ പൂർത്തിയാക്കാൻ സ്വദേശികൾക്കും വിദേശികൾക്കും അവസരമൊരുക്കി.

പശ്ചിമേഷ്യയുടെ കെട്ടുറപ്പ് ലക്ഷ്യം വെച്ചുള്ള സഊദിയുടെ പ്രയാണം അറബ് മേഖലയിൽ വൻ സ്വീകാര്യതയാണ് രാജ്യത്തിന് നൽകിയതെന്ന തിരിച്ചറിവാണ് ഇക്കൊല്ലത്തെ ദേശീയ ദിനാഘോഷത്തിന്റെ പൊലിമകളിലൊന്ന്. സഊദിയുടെ ദേശീയ ദിനാഘോഷം മറ്റു അറബ് രാജ്യങ്ങളും ആവേശപൂർവം കൊണ്ടാടിയത് അതിന്റെ തെളിവായിരുന്നു. ഖത്തറിൽ അവിസ്മരണീയമായ ആഘോഷ പരിപാടികളാണ് ആസൂത്രണം ചെയ്തത്. അതെ പോലെ ജിസിസിയിലെ മറ്റു രാജ്യങ്ങളിലെല്ലാം സഊദിയുടെ ദേശീയ ദിനം ഏറെ പ്രാധാന്യത്തോടെ ആഘോഷിച്ചു. ലോകരാജ്യങ്ങളുടെ ആശംസകൾ ഭരണാധികാരികളെ തേടിയെത്തി.

ഉത്സവ ലഹരിയിലായ ദേശീയ ദിനം തോരണങ്ങളും അലങ്കാര വിളക്കുകളും കൊണ്ട് നാടെങ്ങും ഹരിത പൂരിതമാക്കി . പ്രധാന വീഥികളിലും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും ദേശീയ പതാക ഉയർത്തിയും ഭരണാധികാരികളുടെ വർണ്ണ ചിത്രങ്ങൾ സ്ഥാപിച്ചും സഊദി ജനത തങ്ങളുടെ ആഹ്ലാദം പ്രകടമാക്കി. പ്രധാന ദേശീയ പാതകളെല്ലാം ആഘോഷ തിമർപ്പിൽ ലയിച്ചു.
ജനറൽ എന്റർടെയ്ൻമെന്റ് അതോറിറ്റിയുടെ മേൽനോട്ടത്തിൽ തലസ്ഥാന നഗരിയായ റിയാദിലും സുപ്രധാന പട്ടണങ്ങളായ ജിദ്ദയിലും ദമാമിലും ഉൾപ്പടെ കരിമരുന്ന് പ്രയോഗവും എയർ ഷോയും മറ്റു ആഘോഷപരിപാടികളും നടന്നു വരികയാണ് . സഊദിയുടെ ചരിത്രം അയവിറക്കുന്ന എക്സിബിഷൻ, സാഹിത്യ സംവാദ സദസ്സുകൾ, കലാപ്രകടനങ്ങൾ, നാടകങ്ങൾ, ചിത്ര പ്രദർശനം തുടങ്ങിയ വൈവിധ്യമാർന്ന കലാസാംസ്‌കാരിക പരിപാടികൾ അരങ്ങേറുന്നുണ്ട്.

സഊദി ദേശീയ ദിനത്തോടനുബന്ധിച്ച് കെഎംസിസി സഊദി നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാജ്യത്തെ ഇരുപതോളം കേന്ദ്രങ്ങളിൽ രക്തദാനം നിർവഹിച്ചു . സെപ്തംബർ 23 മുതൽ 30 വരെ നീണ്ടു നിൽക്കുന്ന രക്തദാന ക്യാമ്പയിൻ വിവിധ സെൻട്രൽ കമ്മിറ്റികൾക്ക് കീഴിൽ ഔദ്യോഗിക അനുമതിയോടെ അതാത് പ്രദേശങ്ങളിലെ ആശുപത്രികളും ബ്ലഡ് ബാങ്കുകളും കേന്ദ്രീകരിച്ചാണ് നടത്തുന്നത്.

webdesk15: