X

മുസ്‌ലിംലീഗ് രാജ്യവ്യാപകമായി സേവ് സെക്കുലറിസം സേവ് ഇന്ത്യ കാമ്പയിന്‍ തുടങ്ങും

മലപ്പുറം: ഭീതിനിറഞ്ഞ രാഷ്ട്രീയ സാഹചര്യങ്ങളെ പ്രതിരോധിക്കാനും ദേശീയ തലത്തില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനം സജീവമാക്കുവാനും മുസ്‌ലിംലീഗ് രാജ്യവ്യാപകമായി ‘സേവ് സെക്കുലറിസം, സേവ് ഇന്ത്യ’ കാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് ദേശീയ പ്രസിഡണ്ട് പ്രഫ. ഖാദര്‍മൊയ്തീന്‍, ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മലപ്പുറത്ത് നടന്ന ദേശീയ സെക്രട്ടറിയേറ്റ് യോഗശേഷം സംസാരിക്കുകയായിരുന്നു നേതാക്കള്‍.

സോണിയാഗാന്ധിയുടെ നേതൃത്വത്തില്‍ മുന്നേറ്റമാരംഭിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ കൂട്ടായ്മയില്‍ ശ്രദ്ധേയ സാന്നിധ്യമായി മുസ്‌ലിംലീഗുണ്ടാകും. കൂട്ടായ്മയെ ശക്തിപ്പെടുത്താന്‍ മുസ്‌ലിംലീഗിന് കഴിയാവുന്നതെല്ലാം ചെയ്യും. മതേതര പാര്‍ട്ടികളുമായി ചേര്‍ന്ന് ശക്തമായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും നേതാക്കള്‍ പറഞ്ഞു. സുപ്രീം കോടതിയുടെ മുത്തലാഖ് വിധി മറയാക്കി ശരീഅത്ത് നിയമത്തില്‍ ഇടപെടാന്‍ ബി.ജെ.പി സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. ഏക സിവില്‍കോഡ് നീക്കവും അണിയറയില്‍ സജീവമാണ്. ഇതിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കും. മറ്റു മുസ്‌ലിം സംഘടനകളുമായും വ്യക്തിനിയമ ബോര്‍ഡുമായും ചര്‍ച്ച ചെയ്ത് കേന്ദ്ര നീക്കത്തെ ചെറുക്കും. ദലിത്, ന്യൂനപക്ഷ ജനവിഭാഗങ്ങളെ പരിഗണിച്ചല്ല കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ഇത് ആശങ്കക്ക് വഴിയൊരുക്കുന്നുണ്ട്.

മുസ്‌ലിംലീഗ് നേതാക്കള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പര്യടനം നടത്തും. പ്രതിപക്ഷ പാര്‍ട്ടികളുടെ മുഖ്യധാരയില്‍ സജീവമായി പ്രവര്‍ത്തിക്കുക, ജീവകാരുണ്യമേഖലയിലെ ഇടപെടല്‍ വര്‍ധിപ്പിക്കുക എന്നീ കാര്യങ്ങള്‍ സംയോജിപ്പിച്ചുള്ള പ്രവര്‍ത്തനമാണ് ദേശീയ തലത്തില്‍ ലക്ഷ്യമിടുന്നതെന്നും ഇതിന്റെ ഭാഗമാണു പുതിയ കാമ്പയിന് തുടക്കംകുറിക്കുന്നതെന്നും നേതാക്കള്‍ പറഞ്ഞു.

ദേശീയ സെക്രട്ടറിയേറ്റ് യോഗം മുസ്‌ലിംലീഗ് ദേശീയ രാഷ്ട്രീയ കാര്യ സമിതി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ദേശീയ പ്രസിഡന്റ് പ്രഫ. കെ.എം ഖാദര്‍മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, എസ്. നഈം അക്തര്‍ (ബിഹാര്‍), ദസ്തഖീര്‍ ആഗ(കര്‍ണാടക), കെ.പി.എ മജീദ്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ സംസാരിച്ചു.

chandrika: