X
    Categories: CultureMoreViews

അനുഷ്ഠാനങ്ങള്‍ പകര്‍ന്ന് നല്‍കുന്നത് ക്രിമിനല്‍ കുറ്റമാക്കുന്നത് ആപത് സൂചന: പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: മതാചാരങ്ങളും അനുഷ്ഠാനങ്ങളും വിശ്വാസികള്‍ക്ക് പകര്‍ന്ന് നല്‍കുന്നത് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യേണ്ടുന്ന ക്രിമിനല്‍ കുറ്റമായി മാറുന്നത് വലിയ ആപത് സൂചനയാണ് നല്‍കുന്നതെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. വസ്ത്ര ധാരണത്തെ കുറിച്ചും ജീവിത രീതികളെക്കുറിച്ചുമൊക്കെ ഓരോ മതവിഭാഗങ്ങള്‍ക്കും തങ്ങളുടേതായ കാഴ്ചപ്പാടുകള്‍ ഉണ്ടാവുക സ്വാഭാവികമാണ്. സാമൂഹ്യ ജീവിതത്തില്‍ ചലനങ്ങളുണ്ടാക്കാവുന്ന കാര്യങ്ങളെക്കുറിച്ച് സാംസ്‌കാരിക പ്രവര്‍ത്തരും സാഹിത്യകാരന്മാരും വരെ ഇതിനു മുമ്പും അഭിപ്രായ പ്രകടനങ്ങള്‍ നടത്താറുണ്ട്. നമ്മുടെ സംസ്‌കാരത്തിന് യോജിക്കാത്ത വസ്ത്രധാരണ രീതികളെക്കിറിച്ച് ശ്രദ്ധേയരായ ഗായകര്‍ പോലും പരിതപിച്ചത് നമുക്കെല്ലാം ഓര്‍മയുള്ളതാണല്ലോ ?. പക്ഷേ, അത്തരം ഘട്ടങ്ങളിലൊന്നും അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ പൊലീസ് കേസ് എടുക്കുന്ന സാഹചര്യം ഇവിടെ ഉണ്ടായിട്ടില്ല. പൊലീസ് ഒരു വിഭാഗത്തെ മാത്രം തെരഞ്ഞുപിടിച്ച് ടാര്‍ഗറ്റ് ചെയ്യുന്നു എന്ന ആക്ഷേപത്തിന് പിന്‍ബലം നല്‍കുന്നതാണ് അടുത്തിടെയുണ്ടായ നീക്കങ്ങള്‍ .
മത പ്രബോധകരും പ്രവര്‍ത്തകരും നടത്തുന്ന അഭിപ്രായ പ്രകടനങ്ങളെ പൊലീസിനെ ഉപയോഗിച്ച് വിരട്ടുക എന്ന ശൈലി ഗൗരവത്തോടെ കാണേണ്ടി വന്നിരിക്കുന്നു. ഇതിനെ അനാവശ്യ വിവാദമാക്കുകയാണ്. വെടക്കാക്കി തനിക്കാക്കുക എന്ന സംഘ് പരിവാര്‍ ശൈലി തന്നെയാണിതിലും കാണാനാവുന്നത് . വസ്ത്രധാരണത്തെക്കുറിച്ച് ആരും ആരെയും ഇവിടെ നിര്‍ബന്ധിക്കുന്നില്ല.അടിച്ചേല്‍പ്പിക്കുന്നുമില്ല. അതേ സമയം കേരളം കാത്തു സൂക്ഷിച്ച സാംസ്‌കാരികമായ ഔന്നത്യം തല്ലിക്കെടുത്താനെ ആശയപരമായി ചെറുക്കുക മാത്രമാണ്. അത് പറയാനുള്ള സ്വാതന്ത്ര്യം ഹനിക്കുന്നതും ആവിഷ്‌കാര സ്വാതന്ത്ര്യത്തെ നിഷേധിക്കലാണ്. തീ തുപ്പുന്ന വര്‍ഗീയത പ്രസംഗിക്കുന്നവര്‍ക്കെതിരെ നടപടിയില്ല. അതേസമയം മത പണ്ഡിതര്‍ക്കെതിരെ കേസെടുക്കുന്നു. ഇതിനെ ശക്തമായി ചെറുക്കും. 29 നു പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ മത നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട് . അന്ന് സ്വാഭാവികമായും ഈ പ്രവണതയും ചര്‍ച്ച ചെയ്യപ്പെടും. ഇത്തരം വിഷയങ്ങളില്‍ എടുക്കേണ്ട തുടര്‍ നടപടികളെ കുറിച്ച് യോഗത്തില്‍ തീരുമാനമെടുക്കും. ആ തീരുമാനത്തോടൊപ്പം മുസ്‌ലിം ലീഗ് ഉണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: