X

വാങ്കഡെയില്‍ അസ്ഹറുദ്ദീന്റെ വെടിക്കെട്ട്; മുംബൈയെ തകര്‍ത്ത് കേരളം

മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈയ്‌ക്കെതിരെ കേരളത്തിന് തകര്‍പ്പന്‍ ജയം. കാസര്‍കോടുകാരന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി മിന്നിത്തിളങ്ങിയ മത്സരത്തില്‍ എട്ടു വിക്കറ്റിനാണ് കേരളം മുംബൈയെ തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 196 റണ്‍സ്. മറുപടി ബാറ്റിങ്ങില്‍ 25 പന്തു ബാക്കിനില്‍ക്കെ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ കേരളം ലക്ഷ്യത്തിലെത്തി.

ഓപ്പണറായിറങ്ങിയ അസ്ഹറുദ്ദീന്‍ 54 പന്തില്‍ ഒമ്പത് ഫോറും 11 സിക്‌സും സഹിതം 137 റണ്‍സുമായി പുറത്താകാതെ നിന്നു. അസ്ഹറുദ്ദീന് ഒരു റണ്ണിന് 1000 രൂപവച്ച് 1,37,000 രൂപ കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെസിഎ) പാരിതോഷികം പ്രഖ്യാപിച്ചു. 20 പന്തില്‍നിന്ന് അര്‍ധസെഞ്ചുറി പിന്നിട്ട അസ്ഹറുദ്ദീന്‍, 37 പന്തില്‍നിന്നാണ് 100 കടന്നത്. സഹ ഓപ്പണര്‍ റോബിന്‍ ഉത്തപ്പ 23 പന്തില്‍ നാലു ഫോറുകള്‍ സഹിതം 33 റണ്‍സെടുത്തു. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ 12 പന്തില്‍ നാലു ഫോറുകള്‍ സഹിതം 21 റണ്‍സെടുത്ത് വിജയത്തിനരികെ പുറത്തായി. സച്ചിന്‍ ബേബി ഏഴു പന്തില്‍ രണ്ടു റണ്‍സുമായി പുറത്താകാതെ നിന്നു.

വെറും 37 പന്തില്‍നിന്ന് സെഞ്ചുറിയിലെത്തിയ അസ്ഹറുദ്ദീന്‍ ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ മൂന്നാമത്തെ ട്വന്റി20 സെഞ്ചുറി എന്ന നേട്ടത്തിനൊപ്പമെത്തി. 2018ല്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഹിമാചല്‍ പ്രദേശിനെതിരെ വെറും 32 പന്തില്‍നിന്ന് സെഞ്ചുറി നേടിയ ഋഷഭ് പന്തിന്റെ പേരിലാണ് വേഗമേറിയ സെഞ്ചുറിയുടെ ഇന്ത്യന്‍ റെക്കോര്‍ഡ്. രണ്ടാം സ്ഥാനത്ത് രോഹിത് ശര്‍മയാണ്. 2017ല്‍ ശ്രീലങ്കയ്‌ക്കെതിരെ 35 പന്തില്‍ രോഹിത് സെഞ്ചുറി തികച്ചിരുന്നു. 2010ല്‍ മുംബൈ ഇന്ത്യന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി 37 പന്തില്‍ സെഞ്ചുറിയടിച്ച യൂസഫ് പഠാന്റെ റെക്കോര്‍ഡിന് ഒപ്പമെത്തി അസ്ഹര്‍.

ഈ സീസണില്‍ കേരളത്തിന്റെ തുടര്‍ച്ചയായ രണ്ടാം ജയമാണിത്. ആദ്യ മത്സരത്തില്‍ കേരളം പുതുച്ചേരിയെ ആറു വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു. അതേസമയം, മുംബൈയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. ആദ്യ മത്സരത്തില്‍ ഡല്‍ഹിയോടും മുംബൈ തോറ്റിരുന്നു.

 

web desk 3: