X

ഫിഫ ലോകകപ്പ് പദ്ധതികള്‍ വിശദീകരിച്ച് മിയാമിയില്‍ എസ്.സി റോഡ്‌ഷോ

ദോഹ: 2022ല്‍ ഖത്തറില്‍ നടക്കുന്ന ഫിഫ ലോകപ്പുമായി ബന്ധപ്പെട്ട് ഖത്തര്‍ നടത്തുന്ന ആസൂത്രണങ്ങളും പദ്ധതികളും വിശദീകരിക്കുന്ന റോഡ് ഷോ മിയാമിയില്‍ തുടങ്ങി. ഖത്തറിലെ ഫിഫ ലോകകപ്പ് സംഘാടകരായ സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി(എസ്.സി)യാണ് പരിപാടി സംഘടിപ്പിച്ചത്. മിയാമി ബെഫ്രണ്ട് പാര്‍ക്കിര്‍ നടക്കുന്ന റോഡ്‌ഷോ രണ്ടു ദിവസം സന്ദര്‍ശകരെ സ്വീകരിക്കും. പ്രദേശ വാസികളെയും ഫുട്‌ബോള്‍ ആരാധകരെയും മാധ്യമങ്ങളെയും ഖത്തര്‍ ലോകകപ്പ് സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുക എന്നതാണ് പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

ഖത്തര്‍ ലോകകപ്പ് സംഘടിപ്പിക്കപ്പെടുന്ന സ്റ്റേഡിയങ്ങളെകുറിച്ചും സൗകര്യങ്ങളെ കുറിച്ചും വിശദീകരിക്കുന്ന വീഡിയോകളും ചിത്രങ്ങളുമാണ് പ്രദര്‍ശനത്തില്‍ ഒരുക്കിയിരിക്കുന്നത്.സ്റ്റേഡിയം രൂപകല്‍പ്പനകളുടെ പ്രചോദനവും ലക്ഷ്യങ്ങളുമെല്ലാം ഇതില്‍ വിശദീകരിക്കുന്നുണ്ട്. ഫുട്‌ബോളിനെ അഗാധമായി പ്രണയിക്കുന്ന നഗരമാണ് മിയാമിയെന്നും അതിനാലാണ് ഇവിടെ ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചതെന്നും 2002ലെ ലോകകപ്പില്‍ തങ്ങള്‍ക്ക് എന്തൊക്കെ പ്രതീക്ഷിക്കാമെന്നും ആശ്ചര്യ ജനകമായ സന്ദര്‍ഭങ്ങള്‍ തങ്ങള്‍ക്ക് ഈ ലോകകപ്പ് നല്‍കുമെന്നും അവരെ മനസ്സിലാക്കാനുമാണ് ഈ റോഡ്‌ഷോയെന്നും സുപ്രീം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി കമേഴ്‌സ്യല്‍ അഷുറന്‍സ് മാനേജര്‍ മുഹമ്മദ് ഖസം അല്‍ഇമാദി പറഞ്ഞു.

ഖത്തര്‍ സാമ്പത്തിക വാണിജ്യ മന്ത്രി ശൈഖ് അഹമ്മദ് ബിന്‍ ജാസിം ബിന്‍ മുഹമ്മദ് അല്‍താനിയുടെ വാണിജ്യ സംഘത്തിനൊപ്പമാണ് മുഹമ്മദ് ഖസം അമേരിക്കയിലെത്തിയത്. വാണിജ്യ സംഘത്തില്‍ എസ്.സി സംഘത്തെ നയിക്കുന്നത് ഇദ്ദേഹമാണ്.
റോഡ് ഷോയ്ക്ക് വലിയ പിന്തുണയാണ്് ലഭിച്ചു കൊണ്ടിരിക്കുന്നതെന്നും കുടംബ സമേതം ആളുകള്‍ ഇവിടെ വന്ന് പരിപാടിയില്‍ പങ്കെടുക്കുന്നുണ്ടെന്നും വളരെ താത്പര്യത്തോടെയാണ് അവര്‍ ഷോയെ സമീപിക്കുന്നതെന്നും മുഹമ്മദ് ഖസം പറഞ്ഞു.2022 ഖത്തര്‍ ലോകകപ്പിന് ഈ റോഡ്‌ഷോ മുതല്‍ കൂട്ടാവുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഖത്തറിന്റെ സാമ്പത്തിക സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന വിവിധ സ്റ്റാളുകളും റോഡ്‌ഷോയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഖത്തര്‍ സന്ദര്‍ശിക്കുന്ന ഒരാള്‍ക്ക് എന്തൊക്കെ സൗകര്യങ്ങള്‍ ലഭിക്കുമെന്നും മറ്റു വിശദ വിവരങ്ങളും ഇവിടെ തയ്യാറാക്കിയിട്ടുണ്ട്്.
ഖത്തര്‍ എയര്‍വെയ്‌സ്, ഖത്തര്‍ ഫൗണ്ടേഷന്‍, ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് തുടങ്ങിയവയെല്ലാം വിവിധ വിനോദങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പരിപാടികള്‍ സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്. സൂഖ് വാഖിഫിന്റെ ഒരു പകര്‍പ്പും ഇവിടെ തയ്യാറാക്കിയിട്ടുണ്ട്.

chandrika: