X

കേന്ദ്രസര്‍ക്കാറിനെ ജഡ്ജിമാര്‍ വിമര്‍ശിക്കുന്നു: പരാതിയുമായി അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനെതിരെ ജഡ്ജിമാര്‍ വിമര്‍ശനമുന്നയിക്കുന്ന നടപടിക്കെതിരെ പരാതിയുമായി അറ്റോര്‍ണി ജനറല്‍. അതേ സമയം അറ്റോര്‍ണി ജനറലിന്റെ പരാതിക്ക് അതേ അര്‍ത്ഥത്തില്‍ ജസ്റ്റിസ് മദന്‍ ബി ലോകൂര്‍ മറുപടിയും നല്‍കി. ഒരു ജഡ്ജിക്ക് എല്ലാ പ്രശ്‌നങ്ങളുടെയും എല്ലാ വശങ്ങളും അറിയില്ലായിരിക്കാം. ഒരു പ്രത്യേക വിഷയത്തില്‍ ഉള്ള പൊതുതാല്‍പര്യ ഹര്‍ജി ജഡ്ജിയുടെ പരിഗണനയ്ക്ക് എത്തുമ്പോള്‍ അതിലെ അവകാശ ലംഘനം പരിശോധിക്കാനുള്ള അവസരം ജഡ്ജിക്ക് ഉപയോഗപ്പെടുത്താം, ഉത്തരവുകള്‍ ഇറക്കാം. എന്നാല്‍ ഈ ഉത്തരവുകള്‍ക്ക് പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് അവര്‍ മനസിലാക്കണം.

മറ്റുള്ള വിഭാഗങ്ങളുടെ അവകാശങ്ങളെ അതു ബാധിക്കാം. അതേപ്പറ്റി സര്‍ക്കാരിന് ആലോചിക്കേണ്ടി വരും. ഉദാഹരണത്തിന് 2ജി കേസില്‍ ലൈസന്‍സുകള്‍ റദ്ദാക്കിയപ്പോള്‍ വന്‍ വിദേശ നിക്ഷേപം തുടച്ചുമാറ്റപ്പെട്ടു. ഹൈവേകളില്‍ മദ്യശാലകള്‍ നിരോധിച്ചപ്പോള്‍ വന്‍ സാമ്പത്തിക നഷ്ടം ഉണ്ടായി. നിരവധി പേര്‍ക്ക് ഉപജീവനം നഷ്ടമായി. ദാരിദ്ര്യമടക്കം നിരവധി ഗൗരവമേറിയ പ്രശ്‌നങ്ങള്‍ രാജ്യത്തുണ്ട്. ഒരുദിവസം നൂറു രൂപ പോലും വരുമാനം ഇല്ലാത്തവരുടെ കാര്യങ്ങളാണ് സര്‍ക്കാരിന് ആദ്യം നോക്കേണ്ടി വരിക. പൊതുതാല്പപര്യ ഹര്‍ജികളില്‍ കോടതി ചിന്തിച്ചുറപ്പിച്ചു സംതുലിത നിലപാട് മാത്രമേ കൈക്കൊള്ളാവൂവെന്നും അറ്റോര്‍ണി ജറല്‍ കോടതിയെ അറിയിച്ചു.

അതേസമയം അറ്റോര്‍ണി ജനറലിന്റെ വിമര്‍ശത്തിന് മറുപടി പറഞ്ഞ ജസ്റ്റിസ് മദന്‍ ബി ലോകുര്‍ തങ്ങള്‍ സര്‍ക്കാരിനെ വിമര്‍ശിക്കുകയല്ലെന്നും, ഞങ്ങളും ഈ രാജ്യത്തെ പൗരന്മാരാണെന്നും പറഞ്ഞു. ഇവുടത്തെ പ്രശ്‌നങ്ങള്‍ ജഡ്ജിമാര്‍ക്ക് അറിയാം. ഞങ്ങള്‍ ജനങ്ങളുടെ അധികാരങ്ങള്‍ നടപ്പാക്കുകയാണ്. ഭരണഘടനയുടെ അനുച്ഛേദം 21 നല്‍കുന്ന അവകാശങ്ങളില്‍ നിന്ന് ഞങ്ങള്‍ക്ക് ഒഴിഞ്ഞുമാറാന്‍ ആകില്ല. കോടതി ഉത്തരവുകള്‍ കാരണമാണ് പല കാര്യങ്ങളും നടന്നത്. നിങ്ങളുടെ ഉദ്യോഗസ്ഥര്‍ പാര്‍ലമെന്റ് പാസാക്കുന്ന നിയമങ്ങള്‍ നടപ്പാക്കിയാല്‍ മാത്രം മതി. കോടതി വിധിയുടെ ഭാഗമായി സര്‍ക്കാര്‍ പിരിച്ചെടുത്ത ഒരുലക്ഷം കോടി രൂപയുടെ തീരുവ സര്‍ക്കാരിന്റെ പക്കലുണ്ടെന്നും ചൂണ്ടിക്കാട്ടി.

എന്നാല്‍ ഇക്കാലത്തെ ബജറ്റില്‍ ഈ പണം ഒന്നുമല്ലെന്നും, മാത്രമല്ല ഈ പണം കേന്ദ്ര സര്‍ക്കാര്‍ മാത്രമല്ല ചിലവഴിക്കുന്നത്, സംസ്ഥാനങ്ങളും കൂടിയാണ്. സംസ്ഥാനങ്ങള്‍ക്കും പങ്കുണ്ട്, അതുകൊണ്ട് കേന്ദ്രത്തിന് മാത്രം തീരുമാനിക്കാന്‍ ആകില്ലെന്നുമായിരുന്നു അറ്റോര്‍ണി ജനറലിന്റെ മറുപടി.

അറ്റോര്‍ണി ജനറലിന്റെ പരാമര്‍ശത്തിന് വീണ്ടും മറുപടി പറഞ്ഞ ജസ്റ്റിസ് മദന്‍ ബി ലോകുര്‍ ഈ പണം കൊണ്ട് ചെയ്യാന്‍ കഴിയുന്ന നിരവധി മികച്ച കാര്യങ്ങള്‍ ഉണ്ട്. ഷെല്‍ട്ടര്‍ ഹോമുകളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്താം. വിധവകളെ പുനരധിവസിപ്പിക്കാം. ജയിലുകളിലെ തിങ്ങിപ്പാര്‍ക്കല്‍ ഒഴിവാക്കാം തുടങ്ങി പലതും സാധ്യമാക്കാമെന്നും വ്യക്തമാക്കി. മാലിന്യ നിര്‍മാര്‍ജനം, അനധികൃത നിര്‍മ്മാണം, ബലാത്സംഗം, താജ് മഹല്‍ സംരക്ഷണം, വ്യാജ ഏറ്റുമുട്ടല്‍ തുടങ്ങിയ വിഷയങ്ങളില്‍ ജസ്റ്റിസ് മദന്‍ ലോകുറിന്റെ കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളെ വിമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അറ്റോര്‍ണി പ്രതിഷേധമറിയിച്ചത്.

chandrika: