X

റദ്ദാക്കിയ വകുപ്പില്‍ ഇപ്പോഴും അറസ്റ്റ്; ഞെട്ടിത്തരിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: 2015ല്‍ റദ്ദാക്കിയ ഐ.ടി നിയമത്തിലെ 66 എ വകുപ്പിന്റെ പേരില്‍ ഇപ്പോഴും അറസ്റ്റ് നടക്കുന്നതില്‍ ഞെട്ടല്‍ രേഖപ്പെടുത്തി സുപ്രീംകോടതി. ഇതുസംബന്ധിച്ച കേസ് പരിഗണിക്കവെയാണ് കോടതി പരാമര്‍ശം. അക്രമപരമോ മറ്റുള്ളവര്‍ക്ക് അസൗകര്യമുണ്ടാക്കുന്നതോ ആയ കാര്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നത് മൂന്നു വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നായിരുന്നു ഐ.ടി നിയമത്തിലെ 66 എ വകുപ്പില്‍ പറഞ്ഞിരുന്നത്. ഇതുസംബന്ധിച്ച് പൗരാവകാശ സംഘടനകള്‍ നല്‍കിയ ഹര്‍ജിയെതുടര്‍ന്ന് 2015ല്‍ ഈ വകുപ്പ് കോടതി റദ്ദാക്കിയിരുന്നു. എന്നാല്‍ മുന്നു വര്‍ഷത്തിനു ശേഷവും ഇതേ നിയമത്തിന്റെ പേരില്‍ രാജ്യത്ത് അറസ്റ്റ് നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പീപ്പിള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് ആണ് കോടതിയെ സമീപിച്ചത്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് ജസ്റ്റിസുമാരായ ആര്‍.എഫ് നരിമാനും വിനീത് സരണും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. നാലാഴ്ചക്കകം മറുപടി നല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി ആവശ്യപ്പെട്ടു. നിയമം വ്യാപകമായി ദുരുപയോഗിക്കപ്പെടുന്നുവെന്നും ഭരണഘടനയുടെ 19 (1) വകുപ്പ് ഉറപ്പു നല്‍കുന്ന സംസാരിക്കാനും ആശയപ്രകടനത്തിനുമുള്ള മൗലികാവകാശത്തിന്റെ നിഷേധമാണ് 66എ വകുപ്പെന്നുമുള്ള പരാതിയിലാണ് പ്രസ്തുത വകുപ്പ് കോടതി റദ്ദാക്കിയത്.

chandrika: