X

രോഗക്കിടക്കയില്‍ നിന്ന് അരങ്ങിലേക്ക് പാര്‍വ്വതിക്ക് വിജയത്തിന്റെ ‘ഡബിള്‍ബെല്‍’

ചിക്കന്‍പോക്‌സിന്റെ പാടുകള്‍ ചായം തേച്ച് മറച്ചിട്ടുണ്ട്. ജനറല്‍ ആസ്പത്രിയില്‍ നിന്നും സൂചിയെടുത്ത വേദന അസഹ്യം. രോഗത്തിന്റെ കാഠിന്യം ആ മുഖത്ത് നിന്നും വായിച്ചെടുക്കാം. കുച്ചുപുടിക്ക് വേണ്ടി അണിഞ്ഞൊരുങ്ങിയ ശേഷം അമ്മയുടെ മടിയില്‍ തലചായ്ച്ചുറങ്ങി. അതിനിടയില്‍ മത്സരത്തിന്റെ അവസാന ക്ലസ്റ്റര്‍ അനൗണ്‍സ് വന്നു. പങ്കെടുക്കേണ്ടവരില്‍ ഒരാള്‍ അസുഖക്കാരി പാര്‍വ്വതിയാണ്. അമ്മ ബിന്ദുവിന്റെ അനുഗ്രഹം വാങ്ങി നേരെ അരങ്ങിലേക്ക്. പിന്നീടവള്‍ വേദിയില്‍ തീര്‍ത്തത് വിജയത്തിന്റെ നൃത്ത ഗോപുരമായിരുന്നു.

കാസര്‍ക്കോട് മുഴക്കോത്തെ ഉണ്ണികൃഷ്ണന്‍- ബിന്ദു ദമ്പതികളുടെ മകളാണ് കയ്യൂര്‍ ജി.വി.എച്ച്.എസ്.എസിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥി പാര്‍വ്വതി കൃഷ്ണന്‍. അച്ഛനും അമ്മയും കാസര്‍ക്കോട് – പയ്യന്നൂര്‍ റൂട്ടില്‍ സ്വകാര്യ ബസ്സിലെ കണ്ടക്ടര്‍മാരണ്. ഇവരുടെ തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം പുലര്‍ത്തുന്നത്. രക്ഷിതാക്കളുടെ വരുമാനം പാര്‍വ്വതിയുടെ നൃത്ത സ്വപ്‌നങ്ങള്‍ക്ക് പല ഘട്ടങ്ങളിലും പ്രയാസം തീര്‍ത്തിരുന്നു. ഇതു കണ്ടറിഞ്ഞ് അവള്‍ ചിലങ്കയൂരാന്‍ ശ്രമിച്ചതാണ്. കലയോടുള്ള താല്‍പര്യം അതിനനുവദിച്ചില്ല. കടം വാങ്ങിയും ഉള്ളത് വിറ്റുപെറുക്കിയും ഈ കൊച്ചുമിടുക്കിയുടെ സ്വപ്‌നങ്ങള്‍ക്ക് ഉണ്ണിയും ബിന്ദുവും ചിറക് മുളപ്പിച്ചു.

ഇന്നലെ ഹൈസ്‌കൂള്‍ വിഭാഗം കുച്ചുപുടിയിലും ശനിയാഴ്ച ഭരതനാട്ട്യത്തിലും വിജയത്തിന്റെ വളയം പിടിച്ചത് ബസ് കണ്ടക്ടര്‍ ദമ്പതികളുടെ മകളായ പാര്‍വ്വതി തന്നെയാണ്. ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ നാടോടി നൃത്തത്തില്‍ കൂടി പാര്‍വ്വതി പങ്കെടുത്തിരുന്നുവെങ്കിലും രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ വര്‍ഷം യുപി വിഭാഗം ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും ഒന്നാം സ്ഥാനവും നാടോടി നൃത്തത്തില്‍ രണ്ടാം സ്ഥാനവും ലഭിച്ചിരുന്നു. ഏക സഹോദരന്‍ അതുല്‍ കൃഷ്ണ മുമ്പ് നാടകത്തിലും മോണോ ആക്ടിലും സംസ്ഥാന തലത്തില്‍ മത്സരിച്ചിരുന്നു.

ഒരു നൃത്തയിനം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അവതരിപ്പിക്കാന്‍ ചുരുങ്ങിയത് ഒരു ലക്ഷം രൂപയെങ്കിലും ചെലവു വരും. പാര്‍വ്വതി രണ്ട് നൃത്ത ഇനങ്ങളിലാണ് ഇത്തവണ മത്സരിച്ചത്. രണ്ടു ലക്ഷത്തോളം രൂപ ചെലവ് വന്നു. സുഹൃത്തുക്കളുടെ സഹായവും ചിട്ടി പിടിച്ചുമാണ് ഇത്തവണ ആ സ്വപ്‌നം രക്ഷിതാക്കള്‍ യാഥാര്‍ത്ഥ്യമാക്കിയത്. അടുത്ത വര്‍ഷം എന്ത് എന്ന ചോദ്യം മുന്നില്‍ കിടക്കുന്നുണ്ടെങ്കിലും മുകളില്‍ ദൈവമുണ്ടെന്ന് പ്രതീക്ഷയിലാണ് ഈ കുടുംബം. ആത്മവിശ്വാസത്തിന്റെ ഡബിള്‍ബെല്ലടിച്ച് അച്ഛനും അമ്മയും കൂടെ നില്‍ക്കുമ്പോള്‍ വിജയത്തിന്റെ വളയം പിടിച്ച് പാര്‍വ്വതി സ്വപ്‌ന ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ്.

ഇഞ്ചോടിഞ്ച്; വിട്ടുകൊടുക്കാതെ കോഴിക്കോട്

തൃശൂര്‍: കലോത്സവം രണ്ടാംദിനം പിന്നിടുമ്പോള്‍ 322 പോയിന്റോടെ നേരിയ മുന്‍തൂക്കവുമായി കോഴിക്കോട് ജില്ല. രണ്ടാം സ്ഥാനത്തുള്ള പാലക്കാടും കണ്ണൂരും 319 പോയിന്റുമായി ഇഞ്ചോടിഞ്ച് പോരാട്ടത്തിലാണ്. 313 പോയിന്റുമായി ആതിഥേയരായ തൃശൂരാണ് മൂന്നാം സ്ഥാനത്ത്. നീര്‍മാതളത്തിലും നീലകുറിഞ്ഞിയിലുമടക്കം പതിനായിരങ്ങള്‍ ഇന്നലെ കലയുടെ സുഗന്ധം നുകരാനെത്തി.

chandrika: