X
    Categories: keralaNews

സംസ്ഥാനത്ത് ഈ മാസം 15ന് ശേഷം സ്‌കൂളുകള്‍ തുറക്കാന്‍ ആലോചന

തിരുവനന്തപുരം: കോവിഡ് വ്യാപനം നീണ്ടുപോവുന്ന സാഹചര്യത്തില്‍ ഈ മാസം പകുതിയോടെ സ്‌കൂളുകള്‍ ഭാഗികമായി തുറക്കുന്നത് സര്‍ക്കാറിന്റെ പരിഗണനയില്‍. സര്‍ക്കാര്‍ അനുവദിച്ചാല്‍ ഈ മാസം 15ന് ശേഷം സ്‌കൂളുകള്‍ തുറക്കാന്‍ തയ്യാറാണെന്ന് വിദ്യാഭ്യാസവകുപ്പ് സര്‍ക്കാറിനെ അറിയിച്ചു. ആദ്യഘട്ടത്തില്‍ 10,12 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് പ്രവേശനം അനുവദിക്കുക.

ആരോഗ്യവിദഗ്ധരുമായി ചര്‍ച്ച നടത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുക. കോവിഡ് വ്യാപനം കൂടുതലുള്ള മേഖലകളില്‍ ക്ലാസ് ഒഴിവാക്കും. ഇതിനായി എല്ലാ ജില്ലകളിലെയും കോവിഡ് വിവരങ്ങള്‍ ശേഖരിക്കും. എസ്എസ്എല്‍സി, പ്ലസ് ടു പൊതുപരീക്ഷകള്‍ക്ക് അധികം സമയമില്ലെന്ന രക്ഷിതാക്കളുടെ ആശങ്ക കൂടി പരിഗണിച്ചാണ് വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം.

ഒക്ടോബര്‍ 15 മുതല്‍ കേന്ദ്രസര്‍ക്കാര്‍ സ്‌കൂളുകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ കോവിഡ് രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനങ്ങള്‍ സ്‌കൂളുകള്‍ തുറക്കാന്‍ മടിക്കുകയായിരുന്നു. ഈ മാസം പകുതിയോടെ കൂടുതല്‍ സംസ്ഥാനങ്ങളില്‍ സ്‌കൂളുകള്‍ തുറക്കുമെന്നാണ് വിവരം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: