X

ഇവിടുത്തെ വോട്ടര്‍മാരുടെ പ്രശ്‌നങ്ങള്‍ വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ്. കോണ്‍ഗ്രസിന്റെ ശ്രദ്ധ അതിലാണ്. ജനം കോണ്‍ഗ്രസിനൊപ്പമുണ്ട്.

ഡി.കെ ശിവകുമാര്‍ / സി.പി സദക്കത്തുള്ള

അതിസമ്പന്നരായ രാഷ്ട്രീയക്കാരും സിനിമാതാരങ്ങളും താമസിക്കുന്ന സദാശിവ നഗറിലെ 18-ാം ക്രോസിലെ വീട്ടില്‍നിന്നും കാലത്ത് 9 മണിയോടെ പുറത്തിറങ്ങിയാല്‍ പിന്നെ 19 മണിക്കൂര്‍ വരെ മണ്ഡലത്തില്‍നിന്നും മണ്ഡലത്തിലേക്ക് പ്രചാരണ പടയോട്ടം. ദോഡ്ഡലഹള്ളി കെമ്പഗൗഡ ശിവകുമാര്‍ എന്ന കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ കാലത്ത് ഏഴു മണിക്കുണര്‍ന്ന് പ്രാഥമിക കര്‍മങ്ങളും പൂജയും കഴിഞ്ഞു നേരെ ക്വീന്‍സ് റോഡിലെ കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക്. പിന്നെ സംസ്ഥാനത്തിന്റെ നാനാദിക്കുകളില്‍നിന്നും വന്നെത്തിയവരുടെ ആവലാതികള്‍ക്ക് ഉടനടി പരിഹാര നിര്‍ദേശങ്ങള്‍ നല്‍കി മീഡിയറൂമില്‍ കാത്തുനില്‍ക്കുന്ന രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കിടയിലേക്ക്. തന്റെ ഇരിപ്പിടത്തിന് പിറകില്‍ പ്രതീകാത്മകമായി സ്ഥാപിച്ച ഗ്യാസ് സിലിണ്ടര്‍ ചൂണ്ടി എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം ഈ ഗ്യാസ് സിലിണ്ടര്‍ തരുമെന്ന തമാശ രൂപേണയുള്ള കമന്റോടെ സാവകാശം കോണ്‍ഗ്രസ് പ്രചാരണത്തിന്റെ മേല്‍ക്കോയ്മ ചൂണ്ടിക്കാട്ടുന്നു. കോണ്‍ഗ്രസില്‍ ചേരാന്‍ ഒപ്പം വേദിയില്‍ എത്തിയ ബി.ജെ.പി, ജനതാദള്‍ മുന്‍ എം.എല്‍. എമാരടക്കമുള്ളവരെ ചൂണ്ടി എന്തിന് കോണ്‍ഗ്രസ് എന്ന് ഇവരോട് ചോദിക്ക് എന്നുള്ള കൃത്യമായ കമന്റ്. പിന്നെ കത്തിക്കയറുന്നു. ബി.ജെ.പിയുടെ ഓരോ വാദങ്ങളും പൊതുയോഗത്തില്‍ എന്നപോലെ മാധ്യമങ്ങള്‍ക്ക്മുന്നില്‍ തുറന്നുകാട്ടുന്നു. അര മണിക്കൂര്‍ മാധ്യമ സമ്മേളനം, വീണ്ടും ഓഫീസ് മുറിയില്‍ കാത്തിരിക്കുന്ന എ.ഐ.സി. സി നിരീക്ഷകര്‍ക്കരികിലേക്ക്. തലേദിവസം വരെയുള്ള പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍. ഒപ്പം പുതിയ നിര്‍ദേശങ്ങളും. ഒരാഴ്ചയോളം പഴയ മൈസൂര്‍, ഉത്തര കന്നഡ ഭാഗങ്ങളില്‍ പ്രചാരണം കഴിഞ്ഞുവന്ന ക്ഷീണമൊന്നും മുഖത്തില്ല. പ്രചാരണത്തിന്റെ ക്ലൈമാക്‌സിലെത്തുമ്പോള്‍ പ്രതീക്ഷ എത്രത്തോളമുണ്ടെന്ന ചോദ്യത്തിന്, കേരളം ഈ തിരഞ്ഞെടുപ്പിനെ എങ്ങിനെ കാണുന്നു എന്നൊരു മറു ചോദ്യമെറിഞ്ഞു. പിന്നെ വാചാലനായി… കഴിഞ്ഞ മൂന്നര വര്‍ഷം പിന്‍വാതിലില്‍കൂടി കയറിവന്ന ബി.ജെ.പി സര്‍ക്കാര്‍ പിന്‍വാതിലിലൂടെ കര്‍ണാടകയിലെ ഖജനാവും കടത്തിക്കൊണ്ടുപോയി, കന്നഡികരെയും കൊള്ളയടിച്ചു, എല്ലാം തകര്‍ത്തെറിഞ്ഞു. ഈ നാടിനെ രക്ഷിച്ചെടുക്കാനുള്ള പടയോട്ടത്തിലാണ് കോണ്‍ഗ്രസ്. ഭരിക്കാനുള്ള ശക്തമായ ജനവിധി കോണ്‍ഗ്രസ് നേടും. അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം കന്നഡ മാധ്യമങ്ങളുടെ ഡികേശി മനസ്സുതുറന്നു.
? ഭൂരിപക്ഷം നേടും എന്ന ആത്മവിശ്വാസം എന്തിന്റെ ബലത്തിലാണ്
=ഭരണവിരുദ്ധ വികാരം സംസ്ഥാനമാകെ അലയടിക്കുകയാണ്. ആവശ്യ വസ്തുക്കളുടെ വില വര്‍ധനവ് തന്നെ മുഖ്യവിഷയം. യുവാക്കള്‍ തൊഴില്‍രഹിതരാണ്. ഇതൊക്കെ മതി ഒരു ഭരണകൂടത്തെ ജനം കൈയൊഴിയാന്‍.
? 40 ശതമാനം കമ്മീഷന്‍ സര്‍ക്കാര്‍ എന്ന പ്രചാരണം ഗുണം ചെയ്യുമോ
= തീര്‍ച്ചയായും, ഒരു എം.എല്‍.എ തന്നെ ചൂണ്ടിക്കാണിച്ചതല്ലേ, കൂടാതെ ഒരു കരാറുകാരന്‍ ജീവനൊടുക്കിയത് സര്‍ക്കാര്‍ കമ്മീഷന്‍ ചോദിച്ചതിന്റെ പേരിലാണ്. സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ കാറ്റഗറി നിശ്ചയിച്ചല്ലേ കൈക്കൂലി വാങ്ങുന്നത്. മുതിര്‍ന്ന നേതാവ് ഈശ്വരപ്പ മന്ത്രിസഭയില്‍നിന്നു രാജിവെച്ചത് അഴിമതി പുറത്തായത് കൊണ്ടല്ലേ.
? കോണ്‍ഗ്രസിന്റെ അഞ്ചു ഗ്യാരണ്ടി പ്രഖ്യാപനങ്ങള്‍ നടപ്പാക്കാന്‍ സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി പ്രതികൂലമല്ലേ
= ജനങ്ങളോട് പ്രതിബദ്ധതയും നിശ്ചയദാര്‍ഢ്യവുമുള്ള ഭരണകര്‍ത്താക്കളുണ്ടെങ്കില്‍ ഖജനാവ് നിറഞ്ഞിരിക്കും. ബി.ജെ.പി ഭരിക്കുമ്പോള്‍ ഭരണകര്‍ത്താക്കളുടെയും ഉദ്യോഗസ്ഥരുടെയും പോക്കറ്റാണ് നിറയുന്നത്. അതുകൊണ്ടാണ് ജനക്ഷേമ പദ്ധതികള്‍ പ്രഖ്യാപനത്തില്‍ ഒതുങ്ങിപ്പോകുന്നത്. ഗൃഹജ്യോതി, ഗൃഹലക്ഷ്മി, അന്നഭാഗ്യ, യുവനിധി, ശക്തി പദ്ധതികള്‍ കന്നഡ ജനത നെഞ്ചേറ്റിക്കഴിഞ്ഞു. ഭരണം ലഭിച്ചാല്‍ പ്രഥമ മന്ത്രിസഭാ യോഗത്തില്‍തന്നെ തീരുമാനമെടുത്ത് നടപ്പാക്കും.
? രാഹുലും പ്രിയങ്കയും നടത്തുന്ന റോഡ് ഷോ ഗുണം ചെയ്യുമോ
= ഗ്രാമീണ ജനത ഇന്ദിരയെയാണ് പ്രിയങ്കയില്‍ ദര്‍ശിക്കുന്നത്. പല റാലികളിലും പ്രായമുള്ള സ്ത്രീകള്‍ പ്രിയങ്കയെ കണ്ടപ്പോള്‍ ഇന്ദിര ഗാന്ധിക്കാണ് ജയ് വിളിച്ചത്. ഇന്ദിരയുടെ പ്രയാസ കാലഘട്ടത്തില്‍ കര്‍ണാടക നല്‍കിയ പിന്തുണ ചിക്കമാഗ്ലൂരിലെ എം.പി സ്ഥാനമായിരുന്നു.
? മോദിയുടെ കാടടച്ചുള്ള പ്രചാരണത്തില്‍ കോണ്‍ഗ്രസിന് അടിതെറ്റുമോ
= കര്‍ണാടകയിലെ ജനത വെറുക്കുന്നത് നരേന്ദ്ര മോദിയെയും കേന്ദ്ര ഭരണത്തെയും കൂടിയാണ്. കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ഏറെ ദുരിതങ്ങളുണ്ടാക്കിയിട്ടുണ്ട്. അതിന് മോദിയോടുള്ള പ്രതികാരം വോട്ടെടുപ്പില്‍ പ്രതിഫലിക്കും.
? സംവരണകാര്യത്തില്‍ പാര്‍ട്ടി നിലപാട്
= എല്ലാ ജനവിഭാഗങ്ങള്‍ക്കും അര്‍ഹതപ്പെട്ടത് അനുവദിക്കാനുള്ള സംവിധാനം കോണ്‍ഗ്രസ് ഉണ്ടാക്കിയെടുക്കും. മുസ്‌ലിം സംവരണം പുനസ്ഥാപിക്കും.
? സ്വന്തം മണ്ഡലമായ കനകപുരയില്‍ റവന്യു മന്ത്രി അശോകാണ് ബി.ജെ.പി സ്ഥാനാര്‍ഥി. മത്സരം കടുത്തതാകില്ലേ ?
= ഞാന്‍ അവിടെ പത്രിക സമര്‍പ്പണത്തിന്ന് പോയതാണ്. പിന്നെ എന്റെ യാത്ര പാര്‍ട്ടി സ്ഥാനാര്‍ഥികളുടെ വിജയം സുനിശ്ചിതമാക്കാന്‍ വേണ്ടിയാണ്. കനകപുരയിലെ ജനത മണ്ഡലത്തിലെ കാര്യങ്ങള്‍ നോക്കിക്കൊള്ളും.
? ഭാര്യ ഉഷ മണ്ഡലത്തില്‍ സജീവ പ്രചാരണത്തില്‍ ആണല്ലോ?
= അത് അവരുടെ സ്വന്തം തീരുമാനമാണ്. കനകപുരയില്‍ ഉഷ സജീവമാണ്. ഒപ്പം മണ്ഡലത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരും പ്രവര്‍ത്തനങ്ങള്‍ ക്രമീകരിച്ചു മുന്നോട്ടുപാകുന്നു. ഫലത്തില്‍ ആശങ്ക ഒന്നുമില്ല.
? ഭരണം ലഭിച്ചാല്‍ മുഖ്യമന്ത്രി കസേരയില്‍ താങ്കളെ കാണുമോ?
= കോണ്‍ഗ്രസിന് അതിനൊക്കെ സംവിധാനമുണ്ട്. പാര്‍ലമെന്ററി പാര്‍ട്ടി ചേര്‍ന്നു ഹൈക്കമാന്റാണ് നേതാവിനെ തീരുമാനിക്കുക. എന്തു തന്നെയായാലും കോണ്‍ഗ്രസ് മുഖ്യമന്ത്രി കര്‍ണാടകയില്‍ ഉണ്ടാകും.
? ബജറങ്ദള്‍ നിരോധന വിവാദം കോണ്‍ഗ്രസിന്റെ വിജയത്തെ ബാധിക്കും എന്ന ആശങ്ക പലരും പ്രകടിപ്പിക്കുന്നുണ്ടല്ലോ?
= ബജറങ്ദള്‍ മാത്രമല്ല സംസ്ഥാനത്തു സമാധാനതിന് വിഘ്‌നം നില്‍ക്കുന്ന എല്ലാവരും ഈ പരിധിയില്‍ വരും. ജനങ്ങളുടെ സ്വസ്ഥതയും സമാധാനവും ആഗ്രഹിക്കുന്ന കന്നഡ ജനത കോണ്‍ഗ്രസിനൊപ്പമാണ്. ഹൈന്ദവ ദൈവങ്ങള്‍ ബി.ജെ.പിയുടേതോ ബജറങ്ദളിന്റേതോ മാത്രമല്ല, ഞങ്ങളും ഹനുമാന്‍ ഭക്തരാണ്.
? പ്രധാനമന്ത്രിയുടെ റോഡ് ഷോ വിജയസാധ്യതയെ തടുക്കുമോ
= ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള പ്രചാരണമാണ് പ്രധാനമന്ത്രി നടത്തുന്നത്. ജനങ്ങളുടെ ദുരിതങ്ങള്‍ കാണാത്ത ഭരണാധികാരിയാണ് മോദി. ഇവിടുത്തെ വോട്ടര്‍മാരുടെ പ്രശ്‌നങ്ങള്‍ വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ്. കോണ്‍ഗ്രസിന്റെ ശ്രദ്ധ അതിലാണ്. ജനം കോണ്‍ഗ്രസിനൊപ്പമുണ്ട്.
കോണ്‍ഗ്രസിന്റെ വന്‍മതിലാണ് ഡി.കെ. സി.ബി.ഐ, എന്‍ഫോഴ്‌സ്‌മെന്റ് തുടങ്ങിയ ഏജന്‍സികളെകൊണ്ട് കേന്ദ്രം നിരന്തരം വേട്ടയാടുമ്പോഴും കരളുറപ്പോടെ അവയെ നേരിടുന്ന മഹാനായകന്‍. പ്രചാരണ റാലികളില്‍ ബി.ജെ.പി കോട്ടകള്‍ ഉഴുതുമറിച്ച് അസ്ത്രങ്ങള്‍ ഓരോന്നായി തൊടുത്തുവിടുകയാണ് കര്‍ണാടക കോണ്‍ഗ്രസിന്റെ ഈ മഹാമേരു.

Chandrika Web: