X

മലേഷ്യന്‍ വിമാനമായ എം.എച്ച് 370ന് വേണ്ടിയുള്ള തിരച്ചില്‍ അവസാനിപ്പിച്ചു

ക്വലാലംപൂര്‍:239 യാത്രക്കാരുമായി  പറന്ന മലേഷ്യന്‍ വിമാനം എം.എച്ച് 370നായുള്ള തെരച്ചില്‍ അവസാനിപ്പിച്ചു. മൂന്നു വര്‍ഷം മുമ്പാണ് വിമാനം കാണാതായത്. തെരച്ചിലിന് നേതൃത്വം നല്‍കുന്ന ഓസ്‌ട്രേലിയ, മലേഷ്യ, ചൈന എന്നിവര്‍ സംയുക്തമായണ് തെരച്ചില്‍ അവസാനിപ്പിച്ച കാര്യം അറിയിച്ചത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെ 120,000 സ്‌ക്വയര്‍ മീറ്റര്‍(46,300 മയില്‍സ്)തെരച്ചില്‍ നടത്തിയെങ്കിലും ചില ഭാഗങ്ങള്‍ ലഭിച്ചതല്ലാതെ കാര്യമായതൊന്നും കണ്ടെത്താനായിരുന്നില്ല.

അതേസമയം തെരച്ചില്‍ നിര്‍ത്താനുള്ള തീരുമാനം നിരുത്തരവാദപരമാണെന്നും തീരുമാനം പുനപരിശോധിക്കണമെന്നും അപകടത്തില്‍ കാണാതായവരുടെ ബന്ധുക്കള്‍ വ്യക്തമാക്കി. 2014 ല്‍ ക്വലാലംപൂരില്‍ നിന്ന് ബെയ്ജിങ്ങിലേക്ക് പുറപ്പെട്ടതായിരുന്നു എം.എച്ച് 370 എന്ന മലേഷ്യന്‍ വിമാനം. തെരച്ചിലില്‍ വിമാനത്തിന്റേതെന്ന് കരുതുന്ന 20ലധികം ഭാഗങ്ങള്‍ ലഭിച്ചെങ്കിലും ഏഴെണ്ണത്തിനാണ് ഇതില്‍ വിമാനവുമായി ഏറെക്കുറെ ബന്ധമുള്ളതെന്നാണ് റിപ്പോര്‍ട്ട്.

ഇന്ധനം തീര്‍ന്ന വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തിലേക്ക് കൂപ്പുകുത്തിയെന്നാണ് അന്വേഷണസംഘത്തിന്റെ ഏറ്റവും ഒടുവിലത്തെ നിഗമനം. അവസാന നിമിഷങ്ങളില്‍ വിമാനം ആരും നിയന്ത്രിച്ചിരുന്നില്ലെന്നും നവംബറില്‍ അന്വേഷണസംഘം പറഞ്ഞിരുന്നു. ലോകത്ത് ഇന്നുവരെ ഉണ്ടായ ഏറ്റവും നിഗൂഢമായ തിരോധാനമായിട്ടാണ് എംഎച്ച് 370ന്റെ കണക്കാക്കുന്നത്.

chandrika: