X

ചെപ്പോക്കില്‍ ഇന്ന് രണ്ടാം മല്‍സരം;ബംഗ്ലാദേശ് ന്യുസിലന്‍ഡിനെതിരെ ഇന്നിറങ്ങും

ചെന്നൈ: ചെപ്പോക്കില്‍ ഇന്ന് രണ്ടാം മല്‍സരം. ബംഗ്ലാദേശ് ന്യുസിലന്‍ഡിനെതിരെ കളിക്കുന്നു. കളിച്ച രണ്ട് മല്‍സരങ്ങളിലും മികച്ച വിജയം സ്വന്തമാക്കിയവരാണ് കിവീസ്. അവരാണിപ്പോള്‍ പോയിന്റ് ടേബിളില്‍ ഒന്നാമതുള്ളവര്‍. മികച്ച റണ്‍റേറ്റും അവര്‍ക്ക് തന്നെ. ബംഗ്ലാദേശ് രണ്ടില്‍ ഒരു മല്‍സരം തോറ്റ് ടേബിളില്‍ ആറാം സ്ഥാനത്താണ്. അഹമ്മദാബാദില്‍ നടന്ന ഉദ്ഘാടന മല്‍സരത്തില്‍ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ കശക്കി തുടങ്ങിയ കിവീസ് രണ്ടാം മല്‍സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെയും കശക്കിയിരുന്നു. ബാറ്റിംഗില്‍ മാത്രമല്ല ബൗളിംഗിലും കിവി സംഘം ആധികാരികത പ്രകടിപ്പിക്കുന്നു. രണ്ട് മല്‍സരങ്ങളിലും ഗംഭീര തുടക്കമാണ് ടീമിന് ലഭിച്ചത്. ഓപ്പണര്‍ ഡിവോണ്‍ കോണ്‍വേ കരുത്തനായി കളിക്കുന്നു.

ആദ്യ മല്‍സരത്തില്‍ അതിവേഗ സെഞ്ച്വറി. രണ്ടാം മല്‍സരത്തില്‍ 32 റണ്‍സ്. വില്‍ യംഗ് എന്ന യുവ ഓപ്പണര്‍ ആദ്യ മല്‍സരത്തില്‍ നിറം മങ്ങിയെങ്കില്‍ രണ്ടാം മല്‍സരത്തില്‍ 70 റണ്‍സ് നേടി. ഇന്ത്യന്‍ വംശജനായ രചിന്‍ രവീന്ദ്ര രണ്ട് കളികളിലും ടീമിന്റെ ശക്തിയായി മാറി. സെഞ്ച്വറിയും അര്‍ധ സെഞ്ച്വറിയുമാണ് അദ്ദേഹത്തിന്റെ കരുത്തെങ്കില്‍ നായകന്‍ ടോം ലതാമും ഡാരല്‍ മിച്ചലുമെല്ലാം റണ്‍സ് സ്വന്തമാക്കുന്നു. ബൗളിംഗിന് നേതൃത്വം നല്‍കുന്ന ട്രെന്‍ഡ് ബോള്‍ട്ടും മാറ്റ് ഹെന്‍ട്രിയും മിച്ചല്‍ സാന്ററുമെല്ലാം വിക്കറ്റ് വേട്ടയില്‍ മുന്‍പന്തിയിലുള്ളത് ഇന്ന് ബംഗ്ലാ ബാറ്റര്‍മാര്‍ക്ക് തലവേദനയാണ്. നെതര്‍ലന്‍ഡ്‌സിനെതിരെ അഞ്ച് വിക്കറ്റ് നേട്ടമാണ് സാന്റര്‍ ആഘോഷമാക്കിയത്. ചെന്നൈ ട്രാക്കില്‍ സ്പിന്നര്‍മാര്‍ക്ക് മുന്‍ത്തൂക്കമുണ്ട്. അതേ സമയം ആദ്യ മല്‍സരത്തില്‍ അഫ്ഗാനെ എളുപ്പത്തില്‍ കീഴടക്കിയ കടുവകള്‍ ഇംഗ്ലണ്ടിനെതിരെ തീര്‍ത്തും നിറം മങ്ങി. ഡേവിഡ് മലാന്‍ കരുത്തില്‍ ഇംഗ്ലീഷുകാര്‍ വാരിക്കൂട്ടിയ റണ്‍സിന് മുന്നില്‍ ഷാക്കിബും സംഘവും നിഷ്പ്രഭരായി. ബാറ്റിംഗാണ് പ്രശ്‌നം. ഓപ്പണിംഗില്‍ ഇത് വരെ താളം ലഭിച്ചിട്ടില്ല. ലിട്ടണ്‍ദാസ് എന്ന അനുഭവ സമ്പന്നന്‍ നന്നായി കളിച്ചപ്പോള്‍ ടീമിലെ സീനിയര്‍ ബാറ്ററായ നായകന് മിന്നാനായിട്ടില്ല. ഇംഗ്ലണ്ടിനെതിരെ ഒരു റണ്‍ മാത്രമായിരുന്നു സമ്പാദ്യം. ഇന്ന് ഷാക്കിബ് വലിയ ഇന്നിംഗ്‌സ് കളിച്ചാല്‍ മാത്രമാണ് കിവിസിനെതിരെ പൊരുതി നില്‍ക്കാനാവുക. മുസ്താഫിസുര്‍ റഹ്മാനാണ് സീനിയര്‍ സീമര്‍. തസ്‌കിന്‍ അഹമ്മദും ഷറിഫുല്‍ ഇസ്‌ലാമുമെല്ലാം ഫോമില്‍ നില്‍ക്കുന്ന കിവി ബാറ്റര്‍മാരെ എങ്ങനെ മെരുക്കുമെന്ന് കണ്ടറിയണം. ഷാക്കിബിന്റെ സ്്പിന്‍ പക്ഷേ നല്ല ആയുധാമാവും. ബംഗ്ലാദേശിന് അശുഭ വാര്‍ത്തയുമുണ്ട്. കിവി മുന്‍ നായകനും ടീമിലെ മികച്ച ബാറ്ററുമായ കെയിന്‍ വില്ല്യംസണ്‍ ഇന്നലെ പരിശീലനത്തില്‍ സജീവമായിരുന്നു. ഇന്ന് അദ്ദഹം കളിക്കും.

webdesk11: