X

മതേതരമാണ് ഇന്ത്യയുടെ ആത്മാവ്-മൊയ്തു അഴിയൂര്‍

വിനാശകരമായ വിഭാഗീയതയുടെയും അതിഭീകരമായ വര്‍ഗീയതയുടെയും കൊടിയ വിഷ വായുവിന്റെ അഭിശപ്തമായ ധൂമവലയത്തിലാണ് നമ്മുടെ രാജ്യം ഇന്നുള്ളത്. സ്വാതന്ത്ര്യത്തിന്‌ശേഷമോ അതിന്റെ ആയിരമായിരം ആണ്ടുകള്‍ക്ക് മുമ്പോ ഇതുപോലൊരു കരാള കാലഘട്ടം ഭാരതത്തിന്റെ ചരിത്രത്തിലൊരിക്കലുമുണ്ടായിട്ടില്ല. ഓരോ മനുഷൃനും ആത്യന്തികമായി അഭിലഷിക്കുന്നത് അവന്റെ വൃക്തി ജീവിതത്തിലെ, സമാധാനവും സന്തോഷവും സഹിഷ്ണുതയും സഹവര്‍ത്തിത്വവുമാണ്. അതിന് മതത്തിന്റെയോ, ജാതിയുടെയോ ഗോത്രത്തിന്റെയോ, രാഷ്ടീയത്തിന്റെയോ അങ്ങനെയുള്ള യാതൊന്നിന്റെയും മതിലുകളോ, പരിമിതികളോ ഇല്ല. പാല്‍ മണം മാറാത്ത കൊച്ചുകുട്ടിയെ കഴുത്തിലേറ്റി കൊടിയ വര്‍ഗീയ വിഷം വമിപ്പിക്കുന്ന ചില വൃത്തികെട്ട നരാധമന്മാരെ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യയിലെ മുസ്‌ലിംകളിലെ സമസ്ത വിഭാഗങ്ങളും ഒരുപോലെ ആഗ്രഹിക്കുന്നത് രാജ്യത്ത് ശാശ്വതമായ ശാന്തിയും സര്‍വ മത സാഹോദരൃവും അവിരാമമായി നിലനിന്നുകാണാനാണ്. നാടിന്റെ പൂര്‍വകാല ചരിത്രം അതാണ്. നാനാത്വത്തിലെ ഏകത്വം. ഭാരതത്തിന്റെ മഹത്തായ ഭരണഘടനയുടെ അടിസ്ഥാനശിലയും അതുതന്നെ.

വിവേകശാലികള്‍ക്കും പക്വമതികള്‍ക്കുമറിയാം, പ്രതിരോധം പ്രതിക്രിയയല്ല. മാനസിക പരിവര്‍ത്തനമുണ്ടാക്കുന്നതാണ് പരിഹാരം. നഷ്ടം പലപ്പോഴും ഒരുവിഭാഗത്തിന്ന് മാത്രമാവില്ലെന്ന തിരിച്ചറിവുമുണ്ടാക്കണം. പരസ്പരം കൊമ്പു കോര്‍ക്കുക എന്നത് ശിലായുഗകാലത്തെ വന്യജീവികളുടെ മൃഗീയമായ വികാരമാണ്. കൊന്നും കൊടുത്തും പകരം വീട്ടുന്നത് പൂര്‍ണമായും കാടത്തംതന്നെ. ഭൂരിപക്ഷ, ന്യൂനപക്ഷ അനുപാതം അജണ്ടയാക്കിയാണ് സംഘ് പരിവാര്‍ പ്രഭൃതികള്‍ അവരുടെ വെറുപ്പിന്റെ രാഷ്ടീയമായ മതധ്വംസന അജണ്ടകള്‍ കെട്ടിപ്പടുക്കുന്നത്. ചരിത്രം വളച്ചൊടിക്കുന്നത്. ചരിത്രത്തില്‍ പ്രാഥമികമായി അറിവ് മാത്രമുള്ളവര്‍ക്ക് പോലുമറിയാം, അറേബ്യയില്‍ നിന്നോ, അറ്റ്‌ലാന്റിക്കില്‍ നിന്നോ മധ്യേഷ്യയില്‍ നിന്നു പോലുമോ വന്നവരല്ല ഇന്ത്യയിലെ മുസ്‌ലിംകള്‍. എല്ലാവരും ഒരു പൊതു പൈതൃകത്തിന്റെ ഏകത്വമുള്ളവര്‍.

മതപരിവര്‍ത്തനത്തിന്റെ കള്ളക്കഥകള്‍ പറയാറുണ്ട് കാവി ചരിത്രകാരന്മാര്‍. ചാതുര്‍വര്‍ണ്യത്തിന്റെ ജാതീയമായ കൊടും ക്രൂരതയുമായി കൂട്ടി വായിക്കുമ്പോഴാണ് മതപരിവര്‍ത്തനത്തിന്റെ പൂച്ച പുറത്ത് ചാടുക. ആശാന്‍ പണ്ട് പാടിയത്‌പോലെ ‘തൊട്ടുകൂടാത്തവരും തീണ്ടി കൂടാത്തവരും ദൃഷ്ടിയില്‍ പെട്ടാല്‍പോലും ദോഷമുള്ളോരുമായിരുന്ന’ അടിച്ചമര്‍ത്തപ്പെട്ട ഒരുവിഭാഗമാണ്, വിഭജനമേതുമില്ലാത്ത മനുഷ്യരെയെല്ലാം തുല്യമായി കാണുന്ന മാനവീകതയുടെ മതമായ ഇസ്‌ലാമില്‍ ആകൃഷ്ടരായത്. ജാതീയമായ ഉച്ഛനീചത്വത്താല്‍ മലീമസമായിരുന്ന സാമൂഹിക ജീവിത പരിസരങ്ങളിലുള്ളവര്‍ക്ക് ആശ്രയവും അത്താണിയുമായിരുന്നു അന്ന് ഇസ്‌ലാം. എട്ട് നൂറ്റാണ്ടുകളിലേറെ മുഗള രാജാക്കന്മാരുടെ തലസ്ഥാനമായിരുന്ന ലഖ്‌നോവിലെ മുസ്‌ലിംകളുടെ കണക്ക് മാത്രം നോക്കിയാല്‍മതി മത പരിവര്‍ത്തനത്തിന്റെ കള്ളക്കഥ തിരിച്ചറിയാന്‍. മനുഷ്യന്‍ എന്ന ഉല്‍കൃഷ്ട ജീവിയുടെ ജനിതക സ്രോതസുകളില്‍ ദൈവദത്തമായി കുടികൊള്ളുന്നത് മതാതീത മാനവീകതയുടെ മഹോന്നതമായ മൂല്യങ്ങളാണ്, മുത്തുമണികളാണ്.

അധികാരത്തിന്റെ ചെങ്കോലും സിംഹാസനവും നിലനിര്‍ത്താന്‍ ഉന്നതമായ ആത്മീയ മൂല്യങ്ങളെ എത്ര ബീഭത്സമായിട്ടാണ്, ആപല്‍ക്കരമായിട്ടാണ്, സംഘ്പരിവാര്‍ ധ്വംസിക്കുന്നത്. മതമൈത്രിയുടെ മന്ത്രമധുരമുണരുന്ന മണ്ണാണിത്. ഇന്ത്യയുടെ ആത്മാവ് അതാണ്. മതാന്ധതയുടെ മദമിളക്കാന്‍ ആവനാഴിയിലെ അസ്ത്രങ്ങളെല്ലാം തൊടുത്തുവിടുകയാണവര്‍. അവധാനതയോടെ നേരിട്ടാല്‍ പരാജയമടയുമവര്‍. നാടിന്റെ മഹാ ഭൂരിപക്ഷം വരുന്ന പൊതുമനസ് അവര്‍ക്കെതിരാണ്. സമസ്ത സങ്കുചിത വീക്ഷണങ്ങള്‍ക്കും ചിന്താധാരകള്‍ക്കും അതീതമായി സുമനസുകള്‍ സജ്ജമാവുക. വര്‍ഗീയത തുലയുക തന്നെചെയ്യും.

 

Chandrika Web: