X

അധിനിവേശ വിരുദ്ധ പ്രമേയം; ഫലസ്തീന് പുതുജീവന്‍

റാമല്ല: അനധികൃത കുടിയേറ്റങ്ങളും നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ ഇസ്രാഈലിനോട് ആഹ്വാനം ചെയ്യുന്ന പ്രമേയം യു.എന്‍ രക്ഷാ സമിതിയില്‍ പാസായത് ഫലസ്തീന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. ശുഭപ്രതീക്ഷ നല്‍കുന്ന നീക്കമെന്നാണ് യു.എന്‍ നടപടിയെ ഫലസ്തീന്‍ പ്രസിഡണ്ട് മെഹ്്മൂദ് അബ്ബാസ് വിശേഷിപ്പിച്ചത്. ഫതഹ് പാര്‍ട്ടി നേതാക്കളുടെ യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്തമാസം ഫ്രാന്‍സില്‍ നടക്കുന്ന മിഡില്‍ ഈസ്റ്റ് രാഷ്ട്ര തലവന്മാരുടെ സമ്മേളനമാണ് അടുത്ത ലക്ഷ്യമെന്നും മെഹ്്മൂദ് അബ്ബാസ് വ്യക്തമാക്കി.

ജനുവരി 15നാണ് മിഡില്‍ ഈസ്റ്റ് സമ്മേളനം. ലോകാരഷ്ട്രങ്ങളുടെയും യു.എന്‍ ഉള്‍പ്പെടെയുള്ള സംഘടനകളുടെയും പിന്തുണയോടെ ഇസ്രാഈല്‍ അധിനിവേശത്തെ ചെറുക്കാനുള്ള ശ്രമങ്ങള്‍ക്ക് യു.എന്‍ പ്രമേയം കരുത്തു പകരുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.

ഫലസ്തീനിലെ എല്ലാ അനധികൃത കുടിയേറ്റങ്ങളും നിര്‍മാണപ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെടുന്ന പ്രമേയം കഴിഞ്ഞ ദിവസമാണ് യു.എന്‍ രക്ഷാ സമിതി എതിര്‍പ്പില്ലാതെ പാസാക്കിയത്. എക്കാലത്തും യു.എന്നില്‍ തങ്ങളെ സംരക്ഷിച്ചിരുന്ന അമേരിക്ക പോലും കൈവിട്ടത് അന്താരാഷ്ട്ര തലത്തില്‍ ഇസ്രാഈലിന് വലിയ തിരിച്ചടിയായിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതല്‍ അന്താരാഷ്ട്ര വേദികളില്‍നിന്ന് പിന്തുണ തേടാന്‍ ഫലസ്തീന്‍ നീക്കം സജീവമാക്കുന്നത്. അതേസമയം ഫലസ്തീന്‍ നീക്കത്തെ എതിര്‍ത്ത് ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നതന്യാഹു രംഗത്തെത്തിയിട്ടുണ്ട്. നേരിട്ടുള്ള ചര്‍ച്ചയിലൂടെ മാത്രമേ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടൂവെന്നും ഇതിനായി മെഹ്്മൂദ് അബ്ബാസിനെ ചര്‍ച്ചക്ക് ക്ഷണിക്കുന്നതായും നതന്യാഹു വ്യക്തമാക്കി. എന്നാല്‍ അനധികൃത കുടിയേറ്റങ്ങളും നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാതെ ഇസ്രാഈലുമായി നേരിട്ടുള്ള ഒരു ചര്‍ച്ചക്കും തയ്യാറല്ലെന്ന നിലപാടിലാണ് ഫലസ്തീന്‍ ഭരണകൂടം.

അതേസമയം യു.എന്‍ പ്രമേയം ഇസ്രാഈലിന് അന്താരാഷ്ട്ര നിര്‍ദേശങ്ങള്‍ ലംഘിക്കാനുള്ള മറ്റൊരു മാര്‍ഗം മാത്രമാണെന്ന് ജറൂസലേം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ- നിയമ സഹായ വേദിയായ ജറൂസലേം ലീഗല്‍ എയ്ഡിന്റെ ഡയരക്ടര്‍ റമി സലേഹ് പറഞ്ഞു. 2016ല്‍ 1600 കുടിയേറ്റ ഭവനങ്ങളാണ് അധിനിവിഷ്ട ഫലസ്തീനില്‍ ഇസ്രാഈല്‍ പണി കഴിപ്പിച്ചത്. 2014ലെ അനധികൃത നിര്‍മാണങ്ങളുടെ നാലിരട്ടി വരുമിത്. 618 കുടിയേറ്റ കെട്ടിടങ്ങള്‍ കൂടി നിര്‍മ്മിക്കുന്നതിന് ജറൂസലേം ലോക്കല്‍ പ്ലാനിങ് ആന്റ് കണ്‍സ്ട്രക്ഷന്‍ കമ്മിറ്റി അനുമതി നല്‍കിയതായാണ് ഇസ്രാഈലി ദിനപത്രമായ ഹാരെറ്റ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും റമി സലേഹ് പറഞ്ഞു. അതുകൊണ്ടുതന്നെ യു.എന്‍ പ്രമേയം കൊണ്ട് മാത്രം ഇസ്രാഈലിനെ തടയാനാവില്ല. പകരം യു.എന്‍ രക്ഷാ സമിതി പ്രമേയം ധിക്കരിച്ചതിന് അന്താരാഷ്ട്ര കോടതിയില്‍ ഇസ്രാഈലിനെതിരെ ക്രിമിനല്‍ പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കാന്‍ യു.എന്‍ തയ്യാറാവണം. അതിനെ മാത്രമാണ് ഈസ്രാഈല്‍ ഭരണകൂടത്തിന് തെല്ലെങ്കിലും ഭയം. അന്താരാഷ്ട്ര കോടതിയില്‍ ക്രിമിനല്‍ പ്രോസിക്യൂഷന്‍ നേരിടുന്നതോടെ ഇസ്രാഈലിനെതിരെ ഉപരോധം ഏര്‍പ്പെടുത്താന്‍ ലോക രാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ വഴി തെളിയുമെന്നും ഇത് ഫലസ്തീന്‍ സമാധാന ശ്രമങ്ങള്‍ക്ക് കൂടുതല്‍ കരുത്തു പകരുമെന്നും റമി സലേഹ് കൂട്ടിച്ചേര്‍ത്തു.

chandrika: