X
    Categories: indiaNews

രാജ്യദ്രോഹക്കുറ്റം ചുമത്തുന്ന വകുപ്പ്: ഭേദഗതി വന്നേക്കും

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ വ്യവസ്ഥ ചെയ്യുന്ന വകുപ്പില്‍ കേന്ദ്രസര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നേക്കുമെന്ന സൂചന നല്‍കി അറ്റോര്‍ണി ജനറല്‍. ചില ക്രിമിനല്‍ നിയമങ്ങളില്‍ സര്‍ക്കാര്‍ പുനഃപരിശോധന നടത്തിവരികയാണ്. പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ ഇതുമായി ബന്ധപ്പെട്ട് ചിലത് സംഭവിക്കുമെന്നും അറ്റോര്‍ണി ജനറല്‍ എം. വെങ്കിട്ടരമണി സുപ്രീം കോടതിയെ അറിയിച്ചു.

രാജ്യദ്രോഹക്കുറ്റം ചുമത്താന്‍ അധികാരം നല്‍കുന്ന ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 എ വകുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കവെയാണ് അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. അറ്റോര്‍ണി ജനറലിന്റെ ആവശ്യം പരിഗണിച്ച് ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി അടുത്ത വര്‍ഷം ജനുവരിയിലേക്ക് മാറ്റി. 124 എ വകുപ്പ് പുനഃപരിശോധിക്കാന്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന് നേരത്തെ അനുമതി നല്‍കിയിരുന്നു.

പുനഃപരിശോധന പൂര്‍ത്തിയാകുന്നതുവരെ സംസ്ഥാന സര്‍ക്കാരുകളോട് രാജ്യദ്രോഹക്കുറ്റം പ്രകാരം കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയോ അന്വേഷണം നടത്തുകയോ ചെയ്യരുതെന്ന് നിര്‍ദേശിക്കണമെന്നും കേന്ദ്രത്തോട് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച നിര്‍ദേശം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈമാറിയിട്ടുണ്ടെന്ന് കേന്ദ്രത്തിനുവേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയെ അറിയിച്ചു.

web desk 3: