X

ലൈംഗികാരോപണം; ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് ക്ലീന്‍ചിറ്റ്

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്ക്ക് എതിരായ ലൈംഗിക പീഡന പരാതി സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി തള്ളി. സുപ്രീം കോടതി മുന്‍ ജീവനക്കാരി കൂടിയായ യുവതി ഉന്നയിച്ച ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അന്വേഷണ സമിതിയുടെ ക്ലീന്‍ചിറ്റ്. ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ സമിതിയാണ് പരാതി തള്ളിയത്.

അന്വേഷണ സമിതിയില്‍ വിശ്വാസമില്ലെന്ന് കാട്ടി നേരത്തേ സമിതിയുമായി സഹകരിക്കില്ലെന്ന് യുവതി കഴിഞ്ഞദിവസം അറിയിച്ചിരുന്നു.

നാടകീയമായാണ് ചീഫ് ജസ്റ്റിസിനെതിരെ ലൈംഗികാരോപണവുമായി ചീഫ് ജസ്റ്റിസിന്റെ തന്നെ ഓഫീസിലെ ജീവനക്കാരി രംഗത്തെത്തിയത്. ക്ലറിക്കല്‍ തസ്തികയിലുള്ള യുവതിയാണ് ചീഫ് ജസ്റ്റിസിനെതിരെ ആരോപണമുന്നയിച്ച് 22 ജഡ്ജിമാര്‍ക്ക് കത്തെഴുതിയത്.

പ്രതിരോധത്തിലായ ചീഫ് ജസ്റ്റിസ് ഇത് ചര്‍ച്ച ചെയ്യാന്‍ പിറ്റേന്ന് തന്നെ സുപ്രീംകോടതിയില്‍ തീര്‍ത്തും നാടകീയമായി അടിയന്തര സിറ്റിംഗ് വിളിച്ചു ചേര്‍ത്തു. കോടതിയിലെ മുതിര്‍ന്ന ജഡ്ജിമാരും അറ്റോര്‍ണി ജനറലടക്കമുള്ളവരും ഈ സിറ്റിംഗിനെത്തി. അടിയന്തരമായി വിളിച്ചു ചേര്‍ത്ത ആ സിറ്റിംഗില്‍ തനിക്കെതിരായ എല്ലാ ആരോപണങ്ങളും നിഷേധിച്ചു. ഇത് ജുഡീഷ്യറിയുടെ പ്രവര്‍ത്തന സ്വാതന്ത്ര്യം തന്നെ ഹനിക്കാനുള്ള ഗൂഢാലോചനയാണെന്നും യുവതിക്ക് പിന്നില്‍ വലിയ ആരൊക്കെയോ ഉണ്ടെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. തുടര്‍ന്നാണ് സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണ സമിതി വിഷയത്തില്‍ തുടര്‍ന്ന് നടപടികള്‍ എടുത്തത്.

chandrika: