X

ശബരിമലയില്‍ ഇനി പഴയ ആവേശം വേണ്ടെന്ന് സി.പി.എം, ക്ഷേത്ര കമ്മിറ്റികളിലൊക്കെ കയറിക്കൂടാന്‍ നേതാക്കള്‍ക്ക് നിര്‍ദേശം


തിരുവനന്തപുരം: ശബരിമലയില്‍ നിലപാട് മയപ്പെടുത്താനൊരുങ്ങി സി.പി.എം. യുവതീപ്രവേശനത്തില്‍ തല്‍ക്കാലം ആവേശം വേണ്ടെന്നാണ് സി.പി.എം സംസ്ഥാനസമിതിയിലെ ചര്‍ച്ചയിലുയര്‍ന്ന നിര്‍ദേശം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിലാണ് സി.പി.എമ്മിലെ പുതിയ നീക്കം.

വിശ്വാസികളുടെ വികാരം മാനിക്കണമെന്ന നിര്‍ദേശം സംസ്ഥാനത്തങ്ങോളമിങ്ങോളമുള്ള പ്രാദേശിക ഘടകങ്ങളിലെത്തിക്കും. ആളുകള്‍ക്കിടയിലിറങ്ങി പ്രവര്‍ത്തിക്കണം. വിശ്വാസികളെയും പാര്‍ട്ടിക്ക് ഒപ്പം നിര്‍ത്തണം. അതിനായി പ്രാദേശിക ക്ഷേത്ര കമ്മിറ്റികളില്‍ പ്രവര്‍ത്തകര്‍ സജീവമാകണമെന്നും സി.പി.എമ്മില്‍ നിര്‍ദേശമുയര്‍ന്നു. നിലവില്‍ കണ്ണൂരിലടക്കമുള്ളത് പോലെ, പ്രാദേശിക തലത്തില്‍ വിശ്വാസികളുമായി കൂടുതല്‍ അടുക്കാന്‍ ക്ഷേത്രസമിതികളില്‍ പ്രവര്‍ത്തകര്‍ അംഗങ്ങളാകുന്നത് നല്ലതാണെന്നും നിര്‍ദേശമുണ്ട്.

വിവാദ നിലപാടുകളില്‍ പാര്‍ട്ടിക്ക് എതിരായി നിലപാട് പരസ്യമായി എടുക്കരുതെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു. പാര്‍ട്ടിയുമായി പ്രവര്‍ത്തകര്‍ അകലുകയാണെന്ന തരത്തിലുള്ള ഒരു പ്രതീതി സൃഷ്ടിക്കാന്‍ ഇതിന് കഴിയും. അതനുവദിക്കരുതെന്നും സിപിഎം സംസ്ഥാനസമിതിയില്‍ നിര്‍ദേശമുയര്‍ന്നു.

എന്നാല്‍ ശബരിമലയുമായി ബന്ധപ്പെട്ട ഈ നിലപാട് മാറ്റവും മയപ്പെടുത്തലും, തെറ്റുതിരുത്തല്‍ രേഖയില്‍ ഉള്‍പ്പെടുത്തുമോ എന്നതാണ് കണ്ടറിയേണ്ടത്. രണ്ട് ദിവസമായി നടക്കുന്ന സംസ്ഥാനസമിതി യോഗത്തില്‍ പാര്‍ട്ടിയ്ക്ക് പറ്റിയ പിഴവുകള്‍ കണ്ടെത്തി പരിഹരിക്കാന്‍ നിരവധി നിര്‍ദേശങ്ങളുയര്‍ന്നു.

web desk 1: