താമരശ്ശേരി ഷഹബാസ് വധക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ എസ്എസ്എല്‍സി ഫലം പുറത്ത് വിടരുതെന്ന് ആവശ്യപ്പെട്ട് ബാലാവകാശ കമ്മീഷന് കത്ത് നല്‍കി പിതാവ്. നേരത്തെ പരീക്ഷ ബോര്‍ഡ് ഫലം തടഞ്ഞു വെച്ചിരുന്നു. എന്നാല്‍ ഫലം പുറത്തുവിടാന്‍ ബാലാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. ഈ മാസം പതിനെട്ടിനകം പ്രസിദ്ധീകരിക്കണമെന്നായിരുന്നു ബാലാവകാശ കമ്മീഷന്റെ ആവശ്യം.
ഫലം തടഞ്ഞുവെച്ച നടപടി ബാലാവകാശ നിയമത്തിന് എതിരാണെന്നും ഫലം തടഞ്ഞതും ഡീ ബാര്‍ ചെയ്തതും നിയമവിരുദ്ധമാണെന്നും ബാലാവകാശ കമ്മിഷന്‍ പറഞ്ഞു. ജുവനൈല്‍ ഹോമിലെ പ്രത്യേക പരീക്ഷാ കേന്ദ്രത്തില്‍ വെച്ചായിരുന്നു വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത്. കുറ്റാരോപിതരായ വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിക്കാന്‍ അനുവദിക്കില്ലെന്ന് ആരോപിച്ച് കെഎസ്‌യുവും എംഎസ്എഫും രംഗത്ത് വന്നിരുന്നു. ട്യൂഷന്‍ സെന്ററിലുണ്ടായ പ്രശ്‌നത്തിന്റെ ചുവടുപിടിച്ച് നടന്ന വിദ്യാര്‍ത്ഥി സംഘര്‍ഷത്തിലായിരുന്നു പതിനഞ്ചുകാരനായ ഷഹബാസ് കൊല്ലപ്പെട്ടത്.