X

മുസ്‌ലിം യുവാവിനെ ജീവനോടെ കത്തിച്ചുകൊന്ന ശംഭുലാല്‍ 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാവുന്നു

ലക്നൗ: ലൗ ജിഹാദ് ആരോപിച്ച് മുസ്ലിം യുവാവിനെ ജീവനോടെ പെട്രോളൊഴിച്ച് കത്തിച്ചുകൊന്ന ശംഭുലാല്‍ റെഗാര്‍ 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ എം.പി സ്ഥാനാര്‍ത്ഥിയാവുന്നു. ആഗ്രയില്‍ നിന്നും ഉത്തര്‍പ്രദേശ് നവനിര്‍മ്മാണ്‍ സേനയുടെ സ്ഥാനാര്‍ത്ഥിയായാണ് ശംഭുലാല്‍ മത്സരിക്കുകയെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

ശംഭുലാല്‍ സ്ഥാനാര്‍ത്ഥിയാകാമെന്ന് സമ്മതിച്ചതായി ഉത്തര്‍പ്രദേശ് നവനിര്‍മാണ്‍ സേനയുടെ ദേശീയ അധ്യക്ഷന്‍ അമിത് ജാനി ന്യൂസ് 18നോട് പറഞ്ഞു. ജോധ്പൂരിലെ ജയിലിനുള്ളില്‍ വെച്ച് തന്നെ അദ്ദേഹം തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ ദളിത് സംവരണ സീറ്റാണ് ആഗ്രയിലേത്. ബി.ജെ.പിയുടെ രാംശങ്കര്‍ കത്തേരിയ ആണ് ആഗ്രയിലെ എം.പി. ഇദ്ദേഹത്തിന് പകരമായി ആഗ്രയിലെ ബിജെപി സീറ്റ് ചോദിച്ചു വാങ്ങി ശംഭുലാലിനെ മത്സരിപ്പിക്കാനാണ് ശ്രമം നടക്കുന്നത്.

മുസ്ലിം യുവാവിനെ വെട്ടിക്കൊന്ന് ചുട്ടുകരിച്ച സംഭവത്തില്‍ കുറ്റബോധമില്ലെന്ന് നേരത്തെ പ്രതി ശംഭുലാല്‍ വ്യക്തമാക്കിയിരുന്നു. ജോധ്പൂരിലെ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന സമയത്താണ് ശംഭുലാല്‍ അനധികൃതമായെടുത്ത വിഡിയോയിലാണ് ഇക്കാര്യം പറയുന്നത്. ശംബുലാല്‍ റെഗാര്‍ ജയിലിനുള്ളില്‍ വെച്ചും വര്‍ഗ്ഗീയത പ്രചരിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതും വിവാദമായിരുന്നു.. ഇസ്ലാമിനെതിരെ സംസാരിക്കുന്ന മിനുട്ടുകളോളം നീണ്ട സ്വന്തം വീഡിയോയാണ് ഇയാള്‍ ജയിലിനുള്ളില്‍ വെച്ച് ചിത്രീകരിച്ച് പുറത്ത് വിട്ടത്.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ ആറിനാണ് ബംഗാള്‍ സ്വദേശിയായ  അഫറാസുല്‍ ഖാനെന്ന കൂലിപ്പണിക്കാരനെ ശംബുലാല്‍ റെഗാര്‍ വെട്ടിയ ശേഷം കത്തിച്ചു കൊല്ലുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ജോലി നല്‍കാമെന്നു പറഞ്ഞാണ് മുഹമ്മദ് അഫ്രസുലിനെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് ഇയാള്‍ കൂട്ടിക്കൊണ്ടുവരുന്നത് . പിന്നീട് മഴു ഉപയോഗിച്ച് വെട്ടി നിലത്തു വീഴ്ത്തുകയും തീകൊളുത്തുകയുമായിരുന്നു. ആക്രമത്തില്‍ നിലത്തുവീണ അഫ്രസുല്‍ നിലവിളിക്കുന്നതും ജീവനുവേണ്ടി യാചിക്കുന്നതും വീഡിയോയില്‍ കാണാം. തുടര്‍ന്ന് കൊലപാതകി വീഡിയോയില്‍ സംസാരിക്കുന്നുമുണ്ട്.

chandrika: