X

ലജ്ജാകരം ഈ ആക്രമണം-എഡിറ്റോറിയല്‍

തിരുവനന്തപുരം കാട്ടാക്കട കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ മകളുടെ കണ്‍സഷന്‍ കാര്‍ഡ് പുതുക്കാനെത്തിയ പിതാവിനെ ജീവനക്കാര്‍ വളഞ്ഞിട്ട് ആക്രമിച്ചത് ദു:ഖത്തോടെയും അതിലേറെ രോഷത്തോടെയുമാണ് മലയാളികള്‍ നോക്കിക്കണ്ടത്. കണ്‍സഷന്‍ പുതുക്കാന്‍ കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് വേണമെന്നുപറഞ്ഞപ്പോള്‍ മൂന്നു മാസം മുന്‍പ് കാര്‍ഡെടുത്ത സമയത്ത് സര്‍ട്ടിഫിക്കറ്റ് നല്‍കിയതാണെന്നാണ് പ്രേമനന്‍ എന്നയാള്‍ അറിയിച്ചത്. എന്നാല്‍ സര്‍ട്ടിഫിക്കറ്റില്ലാതെ കണ്‍സഷന്‍ നല്‍കാനാവില്ലെന്നു ശഠിക്കുകയും സ്റ്റേഷന്‍ മാസ്റ്റര്‍ പ്രേമനനോട് തട്ടിക്കയറുകയുമായിരുന്നു. വാക് തര്‍ക്കത്തിനിടെ ‘ചുമ്മാതല്ല കെ.എസ്.ആര്‍.ടി.സി ഈ നിലയിലെത്തിയത് ‘ എന്ന പ്രേമനന്റെ പരാമര്‍ശത്തെ തുടര്‍ന്ന് ഡിപ്പോയിലെ സുരക്ഷാ ജീവനക്കാരനും മറ്റു ജീവനക്കാരനും പാഞ്ഞെത്തി അദ്ദേഹത്തെ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. അച്ഛനെ മര്‍ദിക്കല്ലേയെന്ന് പറഞ്ഞ് മകള്‍ അലറി വിളിച്ചു കരഞ്ഞിട്ടും അതൊന്നും ചെവിക്കൊണ്ടില്ലെന്നുമാത്രമല്ല കാര്യമറിഞ്ഞെത്തുന്നവരൊക്കെയും മര്‍ദ്ദനത്തില്‍ പങ്കാളികളാകുന്നതാണ് പിന്നീടുണ്ടായത്. തലസ്ഥാന ജില്ലയിലുണ്ടായ ഈ ദൗര്‍ഭാഗ്യകരമായ സംഭവം എന്തുമാത്രം അപമാനമാണ് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കും ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷനു തന്നെയും ഉണ്ടാക്കിയിരിക്കുന്നത് എന്നറിയാന്‍ സാമൂഹ്യമാധ്യമങ്ങളും മറ്റും നിറയുന്ന പ്രതികരണങ്ങള്‍ പരിശോധിച്ചാല്‍ മതിയാകും.
കെ.എസ്.ആര്‍.ടി.സി യെ സംബന്ധിച്ചടുത്തോളം അതിന്റെ നിലനില്‍പ്പ് യാത്രക്കാരിലൂടയൊണ്. എന്തൊക്കെ പോരായ്മകളുണ്ടെങ്കിലും പൊതു ഗതാഗത സംവിധാനം എന്ന നിലക്ക് മലയാളികള്‍ നെഞ്ചേറ്റുന്ന സ്ഥാപനമാണ് കെ.എസ്.ആര്‍.ടി.സി. അതിന്റെ നിലനില്‍പ്പും വളര്‍ച്ചയുമൊക്കെ ഏതൊരു മലയാളികളും ആഗ്രഹിക്കുന്നതുമാണ്. അതു കൊണ്ടാണ് യാത്രാ സൗകര്യങ്ങളുടെ അഭാവവും പലപ്പോഴും ജീവനക്കാരില്‍ നിന്നുണ്ടാകുന്ന തിക്താനുഭവങ്ങളുമെല്ലാം തൃണവല്‍ക്കരിച്ചുകൊണ്ട് ദീര്‍ഘദൂര യാത്രകള്‍ക്കുപോലും ജനങ്ങള്‍ അവരുടെ സ്വന്തം ആനവണ്ടിയെ തിരഞ്ഞെടുക്കുന്നത്. എന്നാല്‍ ഇങ്ങനെയുള്ള പൊതുജനങ്ങളോടുള്ള കടുത്ത യുദ്ധപ്രഖ്യാപനമായിട്ടേ കഴിഞ്ഞ ദിവസമുണ്ടായതുപോലെയുള്ള സംഭവ വികാസങ്ങളെ കാണാന്‍ കഴിയുകയുള്ളൂ. ഇത്തരത്തില്‍ ക്രൂരമായി മര്‍ദ്ദിക്കപ്പെടാന്‍ എന്തു തെറ്റാണ് ആ പിതാവ് ചെയ്തതെന്ന് ആളുകളെ ബോധ്യപ്പെടുത്താന്‍ ആ ജീവനക്കാര്‍ക്ക് കഴിഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ അക്രമികള്‍ ഒരു തരത്തിലുള്ള മാപ്പുമര്‍ഹിക്കുന്നില്ല എന്നു മാത്രമല്ല, മാതൃകാപരമായി ശിക്ഷിക്കപ്പെടേണ്ടവരുമാണെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ജീവനക്കാരെ സസ്‌പെന്റു ചെയ്യാനുള്ള കോര്‍പറേഷന്റെ തീരുമാനവും പ്രതികള്‍ക്ക് ജാമ്യം നിഷേധിച്ച കോടതിയുടെ നിലപാടുമെല്ലാം സ്വാഗതാര്‍ഹമാണ്.

ഏതൊരു സ്ഥാപനത്തിന്റെയും നിലനില്‍പ്പ് അതിന്റെ ഉപഭോക്താക്കളേയും ഉപയോക്താക്കളേയും ആശ്രയിച്ചാണ്. അതുകൊണ്ടാണ് ഗാന്ധിജി ഉപഭോക്താവിനെ രാജാവിനോട് ഉപമിച്ചത്. ആ നിലക്ക് ഏറ്റവും മാന്യമായ രീതിയിലുള്ള പെരുമാറ്റം കെ.എസ്.ആര്‍.ടി.സിയില്‍ നിന്ന് ലഭിക്കാനുള്ള അവകാശം യാത്രക്കാര്‍ക്കുണ്ട്. ഒരു സര്‍ക്കാര്‍ സംവിധാനം എന്ന നിലക്ക് വിശേഷിച്ചും. എന്നാല്‍ ജനങ്ങളുടെ അനുഭവം പലപ്പോഴും അവരുടെ ആഗ്രഹങ്ങള്‍ക്ക് കടക വിരുദ്ധമാണ്. കൃത്യമായി സ്റ്റോപ്പില്‍ നിര്‍ത്തിക്കിട്ടുന്നതിലെ സാഹസം മുതല്‍ രാത്രി യാത്രകളില്‍ ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ ഇറക്കിക്കിട്ടാനുള്ള പ്രയാസം വരെയുള്ള നിരവധിയായ കാര്യങ്ങള്‍ ഇതിന് തെളിവായുണ്ട്. നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കെ.എസ്.ആര്‍.ടിസി കൂപ്പുകുത്തുമ്പോഴും ലാഭ നഷ്ടങ്ങളുടെ കണക്കുപുസ്തകം നോക്കാതെ ഈ സംവിധാനം നിലനിര്‍ത്തണമെന്ന് വാശിപിടിക്കുന്നവരാണ് ഇന്നാട്ടിലെ ജനങ്ങള്‍. ബാധ്യതകളുടെ പേരില്‍ കെ.എസ്.ആര്‍.ടി.സിയെ കൈയ്യൊഴിയാനുള്ള നിരന്തരമായ ശ്രമങ്ങളാണ് സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തു നിന്നുണ്ടായിക്കൊണ്ടിരിക്കുന്നത്. ഈ ഘട്ടത്തിലെല്ലാം ഇത് ലാഭം കൊണ്ടുവരാനുള്ള കുത്തക വ്യവസായമല്ലെന്നും ജനങ്ങള്‍ക്ക് ഭരണകൂടം നല്‍കേണ്ട അവശ്യ സേവനങ്ങളില്‍ പെട്ടതാണെന്നുമുള്ള നിലപാടാണ് പ്രതിപക്ഷം എടുത്തിട്ടുള്ളത്.

സാധ്യതകളെ പരമാവധി ഉപയോഗപ്പെടുത്തിയാല്‍ ബസ് വ്യവസായത്തിന് ഇന്നും നിലനില്‍പ്പുണ്ട് എന്നതിന്റെ തെളിവാണ് നമ്മുടെ നാട്ടിലെ സ്വകാര്യ ബസ് സര്‍വീസുകള്‍. കോവിഡ് കാലത്തെ പ്രയാസങ്ങളെല്ലാം അതിജീവിച്ച് ആ മേഖല പതിയെ തിരിച്ചുവന്നുകൊണ്ടിരിക്കുകയാണ്. ജീവനക്കാരുടെ ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ ഈ തിരിച്ചുവരവിനു പിന്നിലുള്ള പ്രധാന ഘടകമാണ്. കെ.എസ്.ആര്‍.ടി.സിക്കും ഒരു തിരിച്ചുവരവ് അസാധ്യമല്ല എന്നതിന്റെ തെളിവാണിത്. എന്നാല്‍ ജനങ്ങളെ ആഘര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തേണ്ടതിനു പകരം അവരെ ആട്ടിയോടിക്കുന്ന സമീപനം ഒരിക്കലും അംഗീകരിക്കാനാവില്ല. സ്വകാര്യ സംവിധാനങ്ങളില്‍ നിന്ന് വ്യത്യസ്തമായി പൊതു സംവിധാനങ്ങളുടെ പവിത്രത കാത്തു സൂക്ഷിക്കുക എന്ന ഉത്തരവാദിത്തം കൂടി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്കുണ്ട്. ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങള്‍ ചീത്തപ്പേരുണ്ടാക്കുന്നത് ഒരു സംവിധാനത്തിന് മൊത്തമാണെന്ന് തിരിച്ചറിയാന്‍ അതിലെ ജീവനക്കാര്‍ക്ക് സാധിക്കണം.

web desk 3: