X
    Categories: CultureMoreViews

ജാലിയന്‍ വാലാബാഗിനെ പറ്റി ശശി തരൂരിന്റെ പ്രസംഗം; ‘സോറി’ പറഞ്ഞ് ബ്രിട്ടീഷുകാരന്‍

സ്വാതന്ത്ര്യ സമരത്തിനിടെ 1919-ല്‍ ബ്രിട്ടീഷുകാര്‍ നടത്തിയ ജാലിയന്‍വാലാ ബാഗ് നരമേധത്തെപ്പറ്റിയുള്ള ശശി തരൂരിന്റെ പ്രസംഗത്തിനൊടുവില്‍, തന്റെ മുന്‍ഗാമികള്‍ ചെയ്ത ക്രൂരതക്ക് മാപ്പപേക്ഷിച്ച് ബ്രിട്ടീഷ് പൗരന്‍. ന്യൂസിലാന്റിലെ ഓക്ക്‌ലാന്റില്‍ വെച്ചാണ് സംഭവം. ഓക്ക്‌ലാന്റില്‍ എഴുത്തുകാരുടെ സമ്മേളനത്തിനിടെയുണ്ടായ അനുഭവം ശശി തരൂര്‍ തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്.

ഓക്ക്‌ലാന്റ് റൈറ്റേഴ്‌സ് ഫെസ്റ്റിവലിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട എഴുത്തുകാര്‍ക്ക് ‘സത്യകഥ’ എന്ന വിഷയത്തില്‍ സംസാരിക്കാന്‍ ഏഴു മിനുട്ടു വീതം അനുവദിക്കപ്പെട്ടിരുന്നു. താന്‍ ജാലിയന്‍വാലാ ബാഗിനെപ്പറ്റി സംസാരിച്ചതെന്നും പ്രസംഗത്തിനൊടുവില്‍ ഒരാള്‍ വന്ന് തനിക്കൊരു കുറിപ്പ് കൈമാറി എന്നും തരൂര്‍ പറയുന്നു. ട്വിറ്ററില്‍ തരൂര്‍ പങ്കുവെച്ച കുറിപ്പില്‍ ‘I am British born & I am sorry’ (ഞാന്‍ ബ്രിട്ടീഷുകാരനായാണ് ജനിച്ചത്. എനിക്ക് ഖേദമുണ്ട്) എന്നാണ് എഴുതിയിരിക്കുന്നത്. തരൂരിന്റെ ട്വീറ്റ് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.

1919 ഏപ്രില്‍ 13-നാണ് ജാലിയന്‍വാലാ ബാഗ് കൂട്ടക്കൊല അഥവാ അമൃത്സര്‍ കൂട്ടക്കൊല എന്ന പേരില്‍ ചരിത്രത്തില്‍ ഇടംപിടിച്ച ക്രൂരകൃത്യം അരങ്ങേറിയത്. സത്യപാല്‍, സൈഫുദ്ദീന്‍ കിച്ച്‌ലൂ എന്നീ ദേശീയ നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് അമൃത്സറിലെ ജാലിയന്‍വാലാ ബാഗ് മൈതാനത്ത് തടിച്ചുകൂടിയ ഇന്ത്യക്കാരായ സാധാരണക്കാര്‍ക്കു നേരെ ബ്രിട്ടീഷ് കേണല്‍ റജിനാള്‍ഡ് ഡയറുടെ കല്‍പ്പനയെ തുടര്‍ന്ന് ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മി വെടിയുതിര്‍ക്കുകയായിരുന്നു. ഏഴ് ഏക്കര്‍ വിസ്താരവും ചുറ്റുമതിലുമുള്ള മൈതാനത്തിന്റെ പ്രധാന പ്രവേശന കവാടങ്ങള്‍ അടച്ചതിനു ശേഷമായിരുന്നു വെടിവെപ്പ്. തുറന്നിട്ട മറ്റു കവാടങ്ങളിലൂടെ രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ക്കു നേരെ നടത്തിയ വെടിവെപ്പില്‍ 379 പേര്‍ കൊല്ലപ്പെടുകയും 1200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: