X
    Categories: MoreViews

ചലച്ചിത്രമേളയില്‍ നിറസാന്നിധ്യമായി ജഗതി ശ്രീകുമാര്‍

തിരുവനന്തപുരം: ഇരുപത്തിയൊന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ രണ്ടാദിനത്തില്‍ നടന്‍ ജഗതി ശ്രീകുമാര്‍ ശ്രദ്ധാകേന്ദ്രമാകുന്നു. ചലചിത്ര മേള രണ്ടാം ദിവസം പൊതുപരിപാടില്‍ പങ്കെടുക്കാനെത്തിയ മലയാളത്തിന്റെ പ്രിയ താരം മേളയുടെ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. മലയാള ചിത്രങ്ങളുടെ പ്രചാരണ ചരിത്രം അടയാളപ്പെടുത്തുന്ന പ്രത്യേക ദൃശ്യാവിഷ്‌കാരം ഉദ്ഘാടനം ചെയ്യാനാണ് ജഗതി മേളയില്‍ എത്തിയതെന്നാണ് വിവരം. ടാഗോര്‍ തിയേറ്ററിലെ പവലിയനില്‍ ഒരുക്കിയിട്ടുള്ള വിഷ്വല്‍ ഇന്‍സ്റ്റാലേഷനാണ് ജഗതി ഉദ്ഘാടനം ചെയ്യുന്നത്.

ആദ്യകാല സിനിമാ നോട്ടീസുകള്‍, പോസ്റ്ററുകള്‍, പാട്ടു പുസ്തകങ്ങള്‍ തുടങ്ങിയവയും പുതിയകാല രീതികളും സമന്വയിപ്പിച്ച വീഡിയോ ഇന്‍സ്റ്റലേഷന്‍ ഡിസൈനേഴ്‌സ് ആറ്റിക് ആറ്റിക് എന്ന പേരിലാണ് ഒരുക്കിയത്.

സിനിമാ പ്രചാരണ വഴികളുടെ ചരിത്രവും വര്‍ത്തമാനവും മൂന്നു സ്‌ക്രീനുകളില്‍ ദൃശ്യസമന്വയമായാണ് അവതരിപ്പിക്കുന്നത്. ലിജില്‍ ജോസ്, റാസി എന്നിവരാണ് ദൃശ്യാവിഷ്‌കാരത്തിന്റെ അണിയറക്കാര്‍.

വാഹനാപകടത്തില്‍ നിന്നും മുക്തമായ ശേഷം ജഗതി പൊതു പരിപാടികളില്‍ അധികമൊന്നും പ്രത്യക്ഷപ്പെട്ടിരുന്നില്ല.

മേളയിലെ ജഗതിയുടെ നിറസാന്നിധ്യം പ്രേക്ഷകശ്രദ്ധ നേടികഴിഞ്ഞു. ജഗതിയോടൊപ്പം മലയാള നടി ശീലയും ചടങ്ങില്‍ പ്‌ങ്കെടുക്കുന്നുണ്ട്.

ചലച്ചിത്രമേളയില്‍ ഇന്ന് 63 സിനിമകള്‍ പ്രദര്‍ശിപ്പിക്കും.അന്തര്‍ദേശീയ മത്സര വിഭാഗത്തില്‍ 3 സിനിമകള്‍ മാറ്റുരയ്ക്കും. മലയാള സിനിമ വിഭാഗത്തില്‍ സജി പാലമേല്‍ ശ്രീധരന്റെ ആറടിയും പ്രദര്‍ശനത്തിനെത്തും.

chandrika: