X
    Categories: MoreViews

യുഎന്‍ ഹ്യുമാനിറ്റേറിയന്‍ അംബാസഡറായി ഡോ. അല്‍മുറൈഖി

ദോഹ: യുഎന്‍ ജനറല്‍ സെക്രട്ടറിയുടെ ഹ്യുമാനിറ്റേറിയന്‍ അംബാസഡറായി ഖത്തറിന്റെ ഡോ. അഹമ്മദ് ബിന്‍ മുഹമ്മദ് അല്‍ മുറൈഖിയെ നിയമിച്ചു. യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണാണ് നിയമനഉത്തരവ് പുറത്തിറക്കിയത്.
മനുഷ്യാവകാശരംഗത്തും കാരുണ്യപ്രവര്‍ത്തനങ്ങളിലും രാജ്യാന്തരതലത്തില്‍ ഖത്തര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കും ശ്രമങ്ങള്‍ക്കുമുള്ള അംഗീകാരമാണ് ഡോ. അല്‍ മുറൈഖിയുടെ നിയമനം. വിവിധ രാജ്യങ്ങള്‍ക്ക് കാരുണ്യ സഹായ പ്രവര്‍ത്തനങ്ങള്‍ ലഭ്യമാക്കുന്നതിന് ഖത്തര്‍ വലിയ ജാഗ്രതയും ശ്രദ്ധയും പുലര്‍ത്തുന്നുണ്ട്. ഈ മേഖലയില്‍ രാജ്യത്തിന് ലഭിച്ച രാജ്യാന്തര അംഗീകാരം കൂടിയായാണ് ഈ നിയമനത്തെ കണക്കാക്കുന്നത്.
കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും ദുരിതം അനുഭവിക്കുന്ന മനുഷ്യര്‍ക്ക് സഹായം എത്തിക്കുന്നതിലും നിരവധി രാജ്യാന്തര സംഘടനകളോടൊപ്പം ഖത്തര്‍ സജീവമായി പങ്കാളികളാകുന്നുണ്ട്. ഹ്യുമാനിറ്റേറിയന്‍ കാര്യങ്ങള്‍ക്കുള്ള യുഎന്‍ അണ്ടര്‍ സെക്രട്ടറി ജനറല്‍ സ്റ്റീഫന്‍ ഒബ്രിയാനുമായി ഡോ. അല്‍ മുറൈഖി വളരെ ചേര്‍ന്നുപ്രവര്‍ത്തിക്കും.
പുതിയ തസ്തികയിലേക്ക് എത്തുന്നതിനു മുമ്പ് നിരവധി ഉയര്‍ന്ന തസ്തികകളില്‍ മികവുറ്റ പ്രവര്‍ത്തനം കാഴ്ചവെച്ചിട്ടുണ്ട് ഡോ. അല്‍മുറൈഖി. വിദേശകാര്യമന്ത്രാലയത്തിലെ രാജ്യാന്തര വികസന വകുപ്പ് ഡയറക്ടര്‍, ഖത്തര്‍ ഫണ്ട് ഫോര്‍ ഡെവലപ്‌മെന്റ് ഡയറക്ടര്‍ ജനറല്‍, ഖത്തരി അതോറിറ്റി ഓഫ് ചാരിറ്റബിള്‍ വര്‍ക്ക് ഡയറക്ടര്‍ ജനറല്‍, റഗുലേറ്ററി അതോറിറ്റി ഫോര്‍ ചാരിറ്റബിള്‍ ആക്ടിവിറ്റീസ്(ആര്‍എസിഎ) ഡെപ്യൂട്ടി ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് ഡോ. അല്‍ മുറൈഖി.

chandrika: