X
    Categories: MoreViews

ഉന്നതങ്ങളിലേക്ക് വീണ്ടും ദുബൈ; ക്രീക്ക് ടവറിന് ശൈഖ് മുഹമ്മദ് ശിലയിട്ടു

ദുബൈ: ലോകത്തെ ഏറ്റവും ഉയരം കൂടിയ ഗോപുരമായി ഉയരാനൊരുങ്ങുന്ന ‘ദുബൈ ക്രീക്ക് ടവറി’ന് യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ അമീറുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് ആല്‍ മക്തൂം ശിലയിട്ടു. എക്‌സ്‌പോ 2020 യുടെ ഭാഗമായി നിര്‍മിക്കുന്ന ടവര്‍, നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ഭൂമിയിലെ മനുഷ്യനിര്‍മിതമായ ഏറ്റവും ഉയരമുള്ള കെട്ടിടമായിരിക്കും. ദുബൈ ക്രീക്ക് ഹാര്‍ബറില്‍ എമാര്‍ പ്രോപര്‍ട്ടീസ് നിര്‍മിക്കുന്ന ടവറില്‍ ഹോട്ടല്‍, റൊട്ടേറ്റിങ് ബാല്‍ക്കണി, ഒബ്‌സര്‍വേഷന്‍ ഡക്ക്‌സ് തുടങ്ങിയവയാണുണ്ടാവുക.

ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ട്രാന്‍സ്‌പോര്‍ട്ട് ഹബ് അടക്കമുള്ള ലോക പ്രശസ്ത കെട്ടിടങ്ങള്‍ ഡിസൈന്‍ ചെയ്ത സ്വിസ് ആര്‍ക്കിടെക്ട് സാന്റിയാഗോ കലാട്രവ വാള്‍സ് ആണ് ദുബൈ ക്രീക്ക് ടവറിന്റെ ഡിസൈന്‍ നിര്‍വഹിക്കുന്നത്. ലില്ലി പുഷ്പത്തില്‍ നിന്ന് മാതൃകയുള്‍ക്കൊണ്ട്, മിനാര രൂപത്തിലാവും ടവറിന്റെ നിര്‍മിതി. ഒബ്‌സര്‍വേഷന്‍ ഡെക്കുകള്‍ ദീര്‍ഘവൃത്താകൃതിയില്‍ മൊട്ടുകള്‍ പോലെയും ബാക്കിഭാഗങ്ങള്‍ നീണ്ടുയര്‍ന്നും ആയിരിക്കും. ലില്ലി ഇലകളെ ഓര്‍മിപ്പിക്കും വിധത്തില്‍ ഉറപ്പുള്ള കേബിളുകള്‍ ഉപയോഗിച്ചാണ് ടവറിന്റെ അടിത്തട്ട് ഒരുക്കുക.

ഏറ്റവും മുകളില്‍ ദുബൈ നഗരം മുഴുവന്‍ കാണാവുന്ന തരത്തില്‍ മുറി, പുരാതന ലോകത്തെ അത്ഭുതങ്ങളിലൊന്നായ ബാബിലോണിയ പൂന്തോട്ടത്തെ അനുകരിച്ചു കൊണ്ട് വി.ഐ.പി ഒബ്‌സര്‍വേഷന്‍ ഗാര്‍ഡന്‍ ഡക്ക്‌സ് എന്നിവ ഗോപുരത്തിലുണ്ടാവും. നിര്‍മാണം പൂര്‍ത്തിയാകുമ്പോള്‍ ഡൗണ്‍ടൗണ്‍ ദുബൈ (ബുര്‍ജ് ദുബൈ) യുടെ ഇരട്ടിയോളം ഉയരമുണ്ടാവും ക്രീക്ക് ടവറിന്.

മനുഷ്യന്റെ നിര്‍മാണ ചരിത്രത്തിലെ പുതിയൊരു വെല്ലുവിളിയാവും പുതിയ ടവര്‍ എന്നും ആ മത്സരം യു.എ.ഇ മുന്നില്‍ നിന്ന് നയിക്കുകയാണെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.

chandrika: