X

അന്താരാഷ്ട്ര പ്രസാധക സംഘടനയുടെ തലപ്പത്ത് ആദ്യമായി അറബ് വനിത; ചരിത്രമെഴുതി ബുദൂര്‍ അല്‍ ഖാസിമി

ദുബൈ: അന്താരാഷ്ട്ര പ്രസാധക സംഘടനയുടെ തലപ്പത്ത് ചരിത്രത്തില്‍ ആദ്യമായി ഒരു അറബ് വനിത. ശൈഖ ബുദൂര്‍ ബിന്‍ത് സുല്‍ത്താന്‍ അല്‍ ഖാസിമിയാണ് സംഘടനയുടെ പുതിയ സാരഥിയായി നിയമിതയായത്. 1896ല്‍ സ്ഥാപിതമായതാണ് ഇന്റര്‍നാഷണല്‍ പബ്ലിഷേഴ്‌സ് അസോസിയേഷന്‍. ഞായറാഴ്ച ചേര്‍ന്ന അസോസിയേഷന്‍ ജനറല്‍ അസംബ്ലിയിലാണ് പുതിയ പ്രസിഡണ്ടിനെ തെരഞ്ഞെടുത്തത്.

ഇത് രണ്ടാം തവണയാണ് സംഘടനയുടെ തലപ്പത്തേക്ക് ഒരു വനിതയെത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. അര്‍ജന്റീനയില്‍ നിന്നുള്ള അന മരിയ കബനെല്ലാസ് ആയിരുന്നു ആദ്യത്തേത്. പാരിസില്‍ സ്ഥാപിതമായ സംഘടനയുടെ നിലവിലെ ആസ്ഥാനം ജനീവയാണ്. 69 രാഷ്ട്രങ്ങളില്‍ നിന്നുള്ള 83 സംഘടനകള്‍ ഇതിന് കീഴിലുണ്ട്.

പുസ്തക വ്യവസായത്തിലെ സുപ്രധാന തസ്തികയിലേക്കുള്ള ശൈഖ ബുദൂറിന്റെ നിയമനം അറബ് ലോകത്തിന് തന്നെ നേട്ടമായി. ജിസിസി രാഷ്ട്രങ്ങളിലെ, വിശേഷിച്ച് യുഎഇയിലെ പ്രസാധന മേഖലയെ ഇത് ശക്തിപ്പെടുത്തുമെന്ന് കരുതപ്പെടുന്നു.

വര്‍ഷങ്ങളായി യുഎഇയുടെ സാംസ്‌കാരിക മേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന വ്യക്തിത്വമാണ് ശൈഖ ബുദൂര്‍. അന്താരാഷ്ട്ര പ്രശസ്തമായ ഷാര്‍ജ പുസ്തകോത്സവത്തിന്റെ തിരശ്ശീലയ്ക്ക് പിന്നില്‍ ഇവര്‍ സജീവമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഷാര്‍ജ പുസ്‌കോത്സവത്തിന്റെ ഉപദേശക സമിതി അധ്യക്ഷ കൂടിയാണ് ഇവര്‍. സമിതിയുടെ പ്രവര്‍ത്തനഫലമായാണ് ഷാര്‍ജയെ 2019ലെ ലോക പുസ്തക തലസ്ഥാനമായി യുനസ്‌കോ അംഗീകരിച്ചത്.

Test User: