X

ഷിഗെല്ല; ആശങ്ക വേണ്ട, സൂപ്പര്‍ ക്ലോറിനേഷന്‍ കൊണ്ട് തടയാനാകുമെന്ന് ഡിഎംഒ

കോഴിക്കോട്: ജില്ലയില്‍ കാണപ്പെട്ട ഷിഗെല്ല രോഗം, വ്യാപനത്തിന്റെ ഘട്ടമെത്തിയിട്ടില്ലെന്ന് ഡിഎംഒ ഡോ. വി ജയശ്രീ. ഫറോക്ക് കല്ലമ്പാറ കഷായപ്പടിയില്‍ കഴിഞ്ഞ ദിവസം കാണപ്പെട്ട ഷിഗല്ല രോഗാണുവിന് നേരത്തെ കാണപ്പെട്ട കോട്ടംപറമ്പിലേതുമായി ബന്ധമില്ലെന്ന് ജയശ്രീ അറിയിച്ചു. രോഗവ്യാപനം എന്ന ആശങ്ക വേണ്ട. അഞ്ച് സാമ്പിള്‍ പരിശോധിച്ചിട്ടുണ്ട്. അതില്‍ രണ്ടെണ്ണത്തില്‍ ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെന്നും ഡിഎംഒ പറഞ്ഞു.

ഷിഗെല്ലോസിസ് എന്ന ബാക്ടീരിയ അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികളിലാണ് പ്രധാനമായും കാണുന്നത്. പെട്ടെന്ന് വഷളാവുമെന്നതാണ് പ്രത്യേകത. നിലവില്‍ ജില്ലയില്‍ ഏഴ് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ആറ് പേരില്‍ രോഗ ലക്ഷണമുണ്ടെന്നും ഡിഎംഒ ചൂണ്ടിക്കാട്ടി. എന്നാല്‍, സൂപ്പര്‍ ക്ലോറിനേഷന്‍ കൊണ്ട് നിയന്ത്രിക്കാവുന്നതാണ് രോഗം. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ഡിഎംഒ അറിയിച്ചു.

ഫറോക്ക് സ്വദേശിയായ ഒന്നരവയസുകാരനിലാണ് ഷിഗെല്ല കണ്ടെത്തിയത്. കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കടുത്ത വയറുവേദനയെത്തുടര്‍ന്ന് കുട്ടിയെ മൂന്നു ദിവസം മുമ്പ് ഫറോക്ക് ചുങ്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്.

web desk 1: