X

ഡയാലിസിസ് രോഗികൾക്ക് ഉല്ലാസയാത്രയൊരുക്കി ശിഹാബ് തങ്ങൾ സെൻറർ

റഹൂഫ് കൂട്ടിലങ്ങാടി

മലപ്പുറം: ഡയാലിസിസ് രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഒരു ദിവസത്തെ വിനോദയാത്രയൊരുക്കി ശിഹാബ് തങ്ങൾ സെൻ്റർ. സന്നദ്ധ സേവന ജീവകാരുണ്യ പ്രവർത്തന രംഗത്ത് കൂട്ടിലങ്ങാടി പഞ്ചായത്തിൽ പത്ത് വർഷത്തിലേറെയായി ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന ശിഹാബ് തങ്ങൾ സ്മാരക മോണ്യൂമെൻറ് ഫോർ അഡോപ് റിലീഫ് ട്രീറ്റ്മെൻ്റ് (സ്മാർട്ട് ) സൊസൈറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് സെൻ്ററിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമാണ് മലമ്പുഴയിലേക്ക് വിനോദയാത്ര നടത്തിയത്.

ഡയാലിസിസ്, ഫിസിയോ തെറാപ്പി രോഗികളായ അൻപതോളം പേരും കൂട്ടിരിപ്പുകാരും വളണ്ടിയർമാരുമുൾപ്പെടെ നൂറിലേറെ പേരാണ് രണ്ടു ബസുകളിലായി യാത്ര പോയത്. ഡോക്ടർ, ഫിസിയോ തെറാപ്പിസ്റ്റ്, ഡയാലിസിസ് സ്പെഷലിസ്റ്റ്, ടെക്നീഷ്യൻമാർ, നഴ്സ്, ആരോഗ്യ പ്രവർത്തകർ എന്നിവർ യാത്രയെ അനുഗമിച്ചു.

ഒന്നിടവിട്ട ദിവസങ്ങളിൽ ഡയാലിസിസ് നടത്തുന്ന വൃക്ക രോഗികൾ
അപകടം, പക്ഷാഘാതം മൂലം തളർന്ന അവയവങ്ങളുടെ ശേഷി വീണ്ടെടുപ്പിനായി തുടർച്ചയായി ഫിസിയോ തെറാപ്പി ചെയ്യുന്നവർ, വീടിനുള്ളിൽ ഒതുങ്ങികൂടേണ്ടി വന്നവർ, കൂട്ടിരുപ്പുകാർ എന്നിവരുടെ ശാരീരിക മാനസിക അസ്വാസ്ഥ്യങ്ങൾ, മാനസിക പിരിമുറുക്കം തുടങ്ങിയവക്ക് ആശ്വാസം പകരുന്നതിനും മനസികോല്ലാസം നൽകുന്നതിനുമായാണ് യാത്ര സംഘടിപ്പിച്ചത്.
പാലക്കാട് ജില്ലയിലെ മലമ്പുഴ ഡാം, ഉദ്യാനം, പാലക്കാട് കോട്ട തുടങ്ങിയവ സന്ദർശിച്ച് രാത്രിയോടെ മടങ്ങിയെത്തി.

എൻ.കെ.അഹമ്മദ് അഷ്റഫ് ഫ്ലാഗ് ഓഫ് ചെയ്ത യാത്രയിൽ മഞ്ഞളാംകുഴി അലി.എം. എൽ.എ, പാലക്കാട് ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഡ്വ:സിദ്ദീഖ്, കോട്ടോപാടം ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ മുഹമ്മദലി എന്നിവർ വിവിധ സ്ഥലങ്ങളിലെത്തി യാത്രാംഗങ്ങളുമായി സംവദിച്ചു.
സ്മാർട്ട് പ്രവർത്തകരായ വി.കെ.മുനീർ റഹ്മാൻ, വി.അബ്ദുൽ അസീസ്, കെ.അബ്ദുൽ നാസർ, കെ.അൻവർ ഹുസൈൻ, പി.മുസ്തഫ, പി.നസീർ, പി.ഷാജഹാൻ, ജഹ്ഫർ ഫൈസി, ഡോ: അഷ്റഫ് ,ഫൈസൽ തുടങ്ങിയവർ നേതൃത്വം നൽകി.

webdesk13: