X
    Categories: CultureNewsViews

ശിഹാബ് തങ്ങളുടെ വിയോഗത്തിന് പത്താണ്ട്: ഓര്‍മകളെ തഴുകി കൊടപ്പനക്കലെ പൂമുറ്റം

മലപ്പുറം: ആ പൂമരം മണ്ണോടുചേര്‍ന്നതല്ല, ജനസഹസ്രങ്ങള്‍ മനസ്സിലേക്ക് പറിച്ചുനട്ടതായിരുന്നു. കണ്‍പാര്‍ത്തു, കാത്തുവെച്ച് കൊതിതീരും മുമ്പ് മിഴിയോരത്തുനിന്നും മാഞ്ഞ ആ സ്‌നേഹവസന്തത്തിന്റെ ഓര്‍മകള്‍ ചേര്‍ത്തുവെച്ച് പരസ്പരം പങ്കുവെക്കാന്‍ ഇന്നലെ കൊടപ്പനക്കല്‍ മുറ്റത്തേക്ക് ഓടിയെത്തിയത് സാംസ്‌കാരിക കേരളത്തിന്റെ പരിഛേദം. തീരാവേദനയായി, നിലക്കാത്ത നഷ്ടമായി പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഓര്‍മയായിട്ട് ഒരു പതിറ്റാണ്ട് കടന്നുപോയിരിക്കുന്നു. ആ പാല്‍നിലാവുദിച്ചു നിന്ന തറവാട്ടുമുറ്റം ഇന്നലെ മിഴിനീരോര്‍മകള്‍ പുതുക്കുന്ന നിമിഷങ്ങളാണ് പകര്‍ന്നത്. നേതാവിനെ നഷ്ടപ്പെട്ട ജനത, ആത്മസൗഹൃദം നെഞ്ചിലൊതുക്കിയ സഹചാരികള്‍, പ്രിയ ജ്യേഷ്ഠന്റെ സ്‌നേഹതലോടലുകള്‍ മതിവരാത്ത സഹോദരങ്ങള്‍, ആ സാന്നിധ്യം ഇന്നുമുണ്ടായിരുന്നെങ്കിലെന്നു കൊതിക്കുന്ന മക്കളും പേരമക്കളും എല്ലാവരും ആ പൂമുഖത്ത് ഒരിമിച്ചിരുന്നു. നടന്നുതീര്‍ത്ത വഴിയില്‍ ആ മന്ദസ്മിതവും ലാളിത്യവും മൗനത്തില്‍ പൊതിഞ്ഞ ശാസനയും നിലപാടുകളും ഓരോരുത്തരിലും ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും അതുണ്ടാക്കിയ നേട്ടങ്ങളെക്കുറിച്ചും അവര്‍ ഓര്‍ത്തെടുത്തു. ഗദ്ഗദത്താല്‍ പലരുടെയും സ്വരമിടറിയപ്പോള്‍ സദസ്സ് കണ്ണീര്‍ച്ചാലായി മാറുകയായിരുന്നു. കടലുണ്ടിയപ്പോഴും ശാന്തമായി ഒഴുകുകയായിരുന്നു തൊട്ടുചാരെയൊരു സ്‌നേഹസമുദ്രമുണ്ടായിരുന്നെന്ന ഗതകാലത്തെയോര്‍ത്ത്.
പ്രിയ തങ്ങള്‍ വിടചൊല്ലിയതില്‍ പിന്നെ ആദ്യമായാണ് ഓര്‍മപുതുക്കാന്‍ കൊടപ്പനക്കല്‍ മുറ്റത്ത് ഒരു ചടങ്ങ് സംഘടിപ്പിക്കുന്നത്. കേട്ടറിഞ്ഞവരെല്ലാം അവിടേക്കെത്തി. രാവിലെ മുതല്‍ തന്നെ സാംസ്‌കാരിക രംഗത്തെ പ്രമുഖരും വിദേശ പ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും ചടങ്ങിന്റെ ഭാഗമായി.
പത്തുമണിയോടെ ഔദ്യോഗിക പരിപാടികള്‍ക്ക് തുടക്കമായി. മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ സ്വാഗതഭാഷണം നടത്തി. പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.വി അബ്ദുല്‍ വഹാബ് എം.പി, അബ്ദുസമദ് സമദാനി, കെ.പി.എ മജീദ്, ഡോ.എം.കെ മുനീര്‍, പാലോളി മുഹമ്മദ് കുട്ടി, ആര്യാടന്‍ മുഹമ്മദ്, മാധ്യമ പ്രവര്‍ത്തകന്‍ ജോണി ലൂക്കോസ്, കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, ടി.പി അബ്ദുല്ലക്കോയ മദനി, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, കുട്ടി അഹമ്മദ് കുട്ടി, എം.എന്‍ നഫേല്‍ (ശ്രീലങ്ക), മുഹമ്മദ് റഈസ് ബിന്‍ നൂറുദ്ദീന്‍ (മലേഷ്യ), ചലചിത്ര സംവിധായകന്‍ ജയരാജ്, ഡോ.ആസാദ് മൂപ്പന്‍, ചന്ദ്രിക പത്രാധിപര്‍ സി.പി സൈതലവി, നവാസ് പാലേരി, പി.എം.എ ഗഫൂര്‍, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ പ്രസംഗിച്ചു. ടി.എം സലീം, സി.പി ചെറിയ മുഹമ്മദ്, പി.എം.എ സലാം, കെ.എസ് ഹംസ, സി.എച്ച് റഷീദ്, സി.എം.എ കരീം, അബ്ദുറഹ്മാന്‍ രണ്ടത്താണി, പി.കെ അബ്ദുറബ്ബ്, മഞ്ഞളാംകുഴി അലി, കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍, അഡ്വ.എന്‍ ശംസുദ്ദീന്‍, കെ.എന്‍.എ ഖാദര്‍, പി.അബ്ദുല്‍ ഹമീദ്, സി.മമ്മുട്ടി, അഡ്വ.എം ഉമ്മര്‍, പി.ഉബൈദുല്ല, പി.കെ ബഷീര്‍, ടി.വി ഇബ്രാഹിം, അഡ്വ.യു.എ ലത്തീഫ്, അഡ്വ.എം.റഹ്മത്തുല്ല, കോഴിക്കോട് ഖാസി സയ്യിദ് നാസര്‍ അബ്ദുല്‍ഹയ്യ് ശിഹാബ് തങ്ങള്‍, എം.സി വടകര, കെ.മുഹമ്മദുണ്ണി ഹാജി, മെട്രോ മുഹമ്മദ് ഹാജി, ഉമ്മര്‍ പാണ്ടികശാല, എം.എ റസാക്ക് മാസ്റ്റര്‍, അഷ്‌റഫ് കോക്കൂര്‍, സി. മുഹമ്മദലി, ഉമ്മര്‍ അറക്കല്‍, എം.കെ ബാവ, ഇസ്മയില്‍ മൂത്തേടം, നൗഷാദ് മണ്ണിശ്ശേരി, അഡ്വ.എന്‍ സൂപ്പി, എം.പി.എം ഇസ്ഹാഖ് കുരിക്കള്‍, സി.കെ സുബൈര്‍, അഡ്വ. ഫൈസല്‍ ബാബു, എം.എ സമദ്, നജീബ് കാന്തപുരം, ഫൈസല്‍ ബാഫഖി തങ്ങള്‍, മുജീബ് കാടേരി, പി.ഇസ്മയില്‍, ആഷിഖ് ചെലവൂര്‍, വി.അന്‍വര്‍സാദത്ത്, പി.ജി മുഹമ്മദ്, വി.വി മുഹമ്മദലി, ടി.പി അഷ്‌റഫലി, ഷെമീര്‍ ഇടിയാട്ടില്‍, എന്‍.എ കരീം, പി.വി അഹമ്മദ് സാജു, എ.കെ സൈനുദ്ദീന്‍ മാസ്റ്റര്‍, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, എടപ്പാള്‍ ബാപ്പു, പി.വി മുഹമ്മദ് അരീക്കോട് പങ്കെടുത്തു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഖിറാഅത്ത് നടത്തി. സയ്യിദ് യൂസുഫ് തങ്ങള്‍ നന്ദിയും പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: