X

 മുസ്‌ലിംകളെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്ത് ബ്രിട്ടനില്‍ കത്ത് വിതരണം

ലണ്ടന്‍: മുസ്‌ലിംകളെ ആക്രമിക്കാന്‍ ആഹ്വാനം ചെയ്ത് ബ്രിട്ടനില്‍ വ്യാപകമായി ലഘുലേഖ വിതരണം. ഏപ്രില്‍ മൂന്നിന് ചുരുങ്ങിയത് ഒരു മുസ്്‌ലിമിനെയെങ്കിലും ആക്രമിക്കാന്‍ ആഹ്വാനം ചെയ്യുന്ന കത്ത് നിരവധി പേര്‍ക്ക് ലഭിച്ചിട്ടുണ്ട്. പോസ്റ്റ് വഴിയാണ് കത്ത് ലഭിച്ചത്. ലണ്ടന്‍, വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ്, യോര്‍ക്‌ഷെയര്‍ എന്നിവിടങ്ങളില്‍ നിരവധി പേര്‍ കത്ത് ലഭിച്ചതായി അറിയിച്ചു.

മുസ്‌ലിംകളെ ആക്രമിക്കുന്നവര്‍ക്ക് പ്രതിഫലവും കത്ത് വാഗ്ദാനം ചെയ്യുന്നുണ്ട്. മുസ്്‌ലിമിനെ അധിക്ഷേപിക്കുന്നവര്‍ക്ക് 10 പോയിന്റും മുഖത്ത് ആസിഡ് ഒഴിച്ച് ആക്രമിക്കുന്നവര്‍ക്ക് 50 പോയിന്റും മസ്ജിദിന് ബോംബുവെക്കുന്നവര്‍ക്ക് ആയിരം പോയിന്റുമാണ് കത്ത് ഉറപ്പുനല്‍കുന്നത്. മുസ്‌ലിംകള്‍ അക്രമികളാണെന്നും ബ്രിട്ടീഷുകാരെ ദുരിതത്തിലാഴ്ത്തിയവരാമെന്നും കത്തില്‍ പറയുന്നു. വിദ്വേഷം നിറഞ്ഞ കത്തിന്റെ ഉറവിടം തേടി ബ്രിട്ടീഷ് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും സുരക്ഷ ഉറപ്പാക്കുമെന്നും വെസ്റ്റ് യോര്‍ക്‌ഷെയര്‍ പൊലീസ് അറിയിച്ചു. കത്ത് വിതരണം ചെയ്തവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും പൊലീസ് പ്രഖ്യാപിച്ചു. കത്തുകള്‍ ലഭിച്ചവരോട് എത്രയും വേഗം പൊലീസിന് കൈമാറാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ബ്രിട്ടീഷ് മുസ്്‌ലിം നേതാക്കളും രാഷ്ട്രീയക്കാരും പൗരാവകാശ പ്രവര്‍ത്തകരും സംഭവത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. പൊലീസ് നടത്തുന്ന അന്വേഷണത്തിന് എല്ലാവിധ സഹായവും നല്‍കുമെന്ന് ബ്രിട്ടീഷ് മുസ്്‌ലിം കൗണ്‍സില്‍ അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ മിഖ്ദാദ് വെര്‍സി അറിയിച്ചു. മുസ്‌ലിംകളെ ആക്രമിക്കാന്‍ ജനങ്ങളെ പ്രേരിപ്പിച്ച് ഭീരുക്കളായ തീവ്രവാദികള്‍ കത്തുകള്‍ വിതരണം ചെയ്യുന്നുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് കെട്ടതെന്ന് ലേബര്‍ പാര്‍ട്ടി നേതാവും അഭിഭാഷകയുമായ യാസ്മിന്‍ ഖുറേഷി പറഞ്ഞു.

chandrika: