X

ചികിത്സയില്‍ വീഴ്ച : ഉപഭോക്തൃ കമ്മീഷന്റെ വിധിക്ക് ഹൈക്കോടതി സ്‌റ്റേ

പ്രസവ ചികിത്സയില്‍ വീഴ്ച വരികയും  കുട്ടി മരണപ്പെടുകയും ചെയ്ത സംഭവത്തില്‍ ഉപഭോക്തൃ കമ്മീഷന്റെ വിധിക്ക് ഹൈക്കോടതി സ്‌റ്റേ. പരാതിക്കാരന് നാലര ലക്ഷം രൂപ നഷ്ട പരിഹാരം നല്‍കാന്‍ മലപ്പുറം ജില്ലാ ഉപഭോക്തൃ കമ്മീഷന് വിധിച്ചിരുന്നു. പരിശോധനക്കായി നിലമ്പൂര്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിയ പരാതിക്കാരന്റെ ഭാര്യയെ നിര്‍ബന്ധിച്ച് അഡ്മിറ്റ് ചെയ്ത് വേദനക്കുള്ള മരുന്ന് നല്‍കിയതുമൂലം കുട്ടി മരണപ്പെടുകയായിരുന്നുവെന്നാണു ഹര്‍ജിക്കാരന്റെ ആരോപണം. ഇക്കാര്യം അമ്മയെയോ ബന്ധുക്കളെയോ അിറയിക്കാന്‍ ആശുപത്രി അധികൃതര്‍ തയ്യാറായില്ല. സാരമായ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രസവം നടന്നത്. ശേഷം കുട്ടികളുടെ ഡോക്ടര്‍ ഇല്ലാത്തതു കാരണം കുട്ടിയെ  മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രണ്ടുദിവസത്തിന് ശേഷം കുട്ടിയുടെ നില ഗുരുതരമായപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും അവിടെ വെച്ച് കുട്ടി മരണപ്പെടുകയുമായിരുന്നു.  നാല് ലക്ഷം രൂപ നഷ്ടപരിഹാരവും 50,000 രൂപ കോടതി ചിലവും ഉത്തരവ് കിട്ടി ഒരു മാസത്തിനകം നല്‍കണമെന്നും അല്ലാത്ത പക്ഷം വിധി തിയ്യതി മുതല്‍ 12 ശതമാനം പലിശ നല്‍കണമെന്നുമാണ് വിധി.

webdesk14: