X

കാണിക്കവഞ്ചി കുത്തിത്തുറന്ന് പണം കവർന്നു; ബി.ജെ.പി ജില്ലാ സെക്രട്ടറിക്കും ബി.എം.എസ് ജില്ലാ സെക്രട്ടറിക്കുമെതിരെ കേസ്

ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് അമ്പതിനായിരം രൂപയോളം തട്ടിയ കേസില്‍ ബി.ജെ.പി ജില്ലാ ട്രഷറര്‍, ബി.എം.എസ് ജില്ലാ സെക്രട്ടറി, മുന്‍ ബി.ജെ.പി കൗണ്‍സിലര്‍ ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ കേസെടുത്ത് ചെങ്ങന്നൂര്‍ പൊലീസ്.

ചെങ്ങന്നൂരിലെ കീഴിച്ചേരിമേല്‍ ശാസ്താംകുളങ്ങര നരസിംഹസ്വാമി ക്ഷേത്രത്തിലെ കാണിക്കവഞ്ചിയാണ് കുത്തിത്തുറന്ന് പണം തട്ടിയത്.

ബി.ജെ.പി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ.ജി. കര്‍ത്ത, ബി.എം.എസ് ആലപ്പുഴ ജില്ലാ സെക്രട്ടറി മധു കരിപ്പാലില്‍, ബി.ജെ.പി മുന്‍ നഗരസഭ കൗണ്‍സിലര്‍ കെ. ജയകുമാര്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് കേസ്. 2020 മുതല്‍ നരസിംഹസ്വാമി ക്ഷേത്രത്തിന്റെ മേല്‍നോട്ട അവകാശത്തെ സംബന്ധിച്ച് തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ക്ഷേത്രം ഉടമയായ മുഞ്ചിറമഠം സ്വാമി പവര്‍ ഓഫ് അറ്റോണി വഴി മേല്‍നോട്ട അവകാശം തനിക്ക് നല്‍കിയതായി രമേശ് വേങ്ങൂര്‍ എന്നയാള്‍ അറിയിച്ചിരുന്നു.

എന്നാല്‍ ഇതിനെതിരെ ക്ഷേത്ര ഭരണ സമിതി ഹൈക്കോടതിയില്‍ ഹരജി നല്‍കി. ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും കോടതിയുടെ അറിവോടെ വേണം നടപ്പാക്കാന്‍ എന്ന് ഉത്തരവുണ്ടെന്ന് രമേശ് വേങ്ങൂര്‍ പറഞ്ഞിരുന്നു.

ഈ ഉത്തരവിനെ മറികടന്നാണ് ഫെബ്രുവരി നാലിന് ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് അമ്പതിനായിരം രൂപയോളം ചാക്കില്‍ കെട്ടി കടത്തി എന്നാണ് രമേശിന്റെ പരാതി. സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ രമേശ് പൊലീസിനെ ഏല്‍പ്പിച്ചിരുന്നു.

 

webdesk13: