X
    Categories: CultureViews

ഷുഹൈബ് വധം; തിങ്കളാഴ്ച മുതല്‍ 48 മണിക്കൂര്‍ നിരാഹാരം

കണ്ണൂര്‍: യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എടയന്നൂരിലെ ഷുഹൈബിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിന്റെ സമര രീതി മാറുന്നു. പ്രതികളെ നിയമത്തിന് മുന്നിലെത്തിച്ച് നീതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി രാഷ്ട്രീയ കാര്യ സമിതി അംഗം കെ.സുധാകരന്‍ തിങ്കളാഴ്ച മുതല്‍ 48 മണിക്കൂര്‍ നിരാഹാരം അനുഷ്ടിക്കും.
ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേണം ഇഴയുന്ന സാഹചര്യത്തിലാണ് കൊല നടത്തിയവരെയും കൊലപാതകത്തിന് നേതൃത്വം നല്‍കിയവരെയും നിയമത്തിന് മുന്നിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സമരം ശക്തമാക്കുന്നത്. കേസുമായി ബന്ധപ്പെട്ട് പ്രാഥമികമായ അന്വേഷണം പോലും നടത്താന്‍ പൊലീസ് തയ്യാറാകാത്ത സാഹചര്യത്തിലാണ് നിരാഹാര സമരം നടത്തുന്നത്. ഷുഹൈബിനെ കൊലപ്പെടുത്തിയവരെ കുറിച്ചുള്ള വിവരങ്ങളും തെളിവുകളും നല്‍കിയിട്ടും പൊലീസ് നിഷ്‌ക്രിയത്വം കാണിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി മാധ്യമങ്ങളോട് പറഞ്ഞു.
പൊലീസ് സി.പി.എമ്മിന് വിധേയമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ഈ സാഹചര്യത്തില്‍ സ്വതന്ത്രമായി അന്വേഷണം നടത്താന്‍ പൊലീസിന് സാധിക്കാത്ത സ്ഥിയുണ്ടെന്നും സതീശന്‍ പാച്ചേനി പറഞ്ഞു. 48 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടണമെന്നാണ് ഞങ്ങളുടെ ആവശ്യം. കെ.പി.സി.സിയുടെ അനുമതിയോടെയാണ് കെ.സുധാകരന്‍ 48 മണിക്കൂര്‍ നിരാഹാരം അനുഷ്ടിക്കുന്നത്.അനിശ്ചിത കാല നിരാഹാര സമരത്തിനാണ് കെ.പി.സി.സിയോട് അനുമതി തേടിയത്. 48 മണിക്കൂറിനുള്ളില്‍ പ്രതികളെ പിടികൂടിയില്ലെങ്കില്‍ സമരം വ്യാപിപ്പിക്കുമെന്നും ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
 20ന് എടയന്നൂരിലും ജില്ലയിലെ മണ്ഡലങ്ങളിലും ഷുഹൈബ് അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കും. കെ.പി.സി.സി നേതാക്കളുടെ സാന്നിധ്യത്തില്‍ ഷുഹൈബ് കുടുംബ സഹായ നിധി സമാഹരിക്കുമെന്നും സതീശന്‍ പാച്ചേനി പറഞ്ഞു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: