X

ഇറാന്‍ പ്രസിഡന്റ് റൂഹാനി ഹൈദരാബാദിലെ മക്കാ മസ്ജിദില്‍ ജുമുഅ നിസ്‌കാരം നിര്‍വ്വഹിച്ചു

ഹൈദരാബാദ് : ഇന്ത്യന്‍ സന്ദര്‍ശനത്തിനെത്തിയ ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി ഹൈദരാബാദിലെ ചരിത്ര പ്രസിദ്ധമായ മക്കാ മസ്ജിദില്‍ ജുമുഅ നിസ്‌കാരം നിര്‍വ്വഹിച്ചു. നമസ്‌കാരത്തിനുശേഷം അദ്ദേഹം വിശ്വാസികളുടെ സമ്മേളനത്തില്‍ സംവദിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. മൂന്നുദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിന്റെ ഭാഗമായിയാണ് റൂഹാനി ഇന്ത്യയിലെത്തിയത്. ബീഗംപെട്ട് എയര്‍പോര്‍ട്ടില്‍ എത്തിയെ അദ്ദേഹത്തെ കേന്ദ്രമന്ത്രി ആര്‍.കെ.സിങ്, തെലങ്കാന ആന്ധ്ര ഗവര്‍ണര്‍ ഇ.എസ്.എല്‍.നരസിംഹന്‍ എന്നിവരാണ് സ്വീകരിച്ചത്.

കഴിഞ്ഞ ദിവസം ഇന്ത്യയിലെത്തിയ റൂഹാനി ഇന്ന് രാവിലെ ഗാല്‍ക്കൊണ്ടയിലെ ഖുത്തബ് ഷാഹി ഭരണാധികാരികളുടെ ശവകുടീരങ്ങളില്‍ സന്ദര്‍ശിച്ചിരുന്നു. ഏഴ് ശവകുടീരങ്ങള്‍ എന്നറിയപ്പെടുന്ന ഈ സ്മാരകങ്ങള്‍ ഇറാനിയന്‍ വാസ്തുവിദ്യ ശൈലിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. തുടര്‍ന്നാണ് ഹൈദരാബാദിലെ ചരിത്ര പ്രസിദ്ധമായ മക്ക മസ്ജിദില്‍ ജുമുഅ നിസ്‌കാരത്തിനു വേണ്ടി പോയത്.

ഇന്നത്തെ പരിപാടികള്‍ക്കു ശേഷം വൈകീട്ട് റുഹാനി ഡല്‍ഹിയിലേക്ക് തിരിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി നാളെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. 2016ല്‍ നരേന്ദ്ര മോദി ഇറാന്‍ സന്ദര്‍ശിച്ചിരുന്നു. അന്ന് ഇറാനുമായി ഇന്ത്യ പത്തോളം സുപ്രാധ കരാറുകളില്‍ ഒപ്പു വെച്ചിരുന്നു.

chandrika: