X
    Categories: indiaNews

പൊലീസ് പണം പിടിച്ചെടുത്തു; തട്ടിയെടുത്തോടി ബിജെപി പ്രവര്‍ത്തകര്‍

സിദ്ദിപേട്ട്: തെലങ്കാനയിലെ ദുബ്ബാക്ക ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥിയുടെ അടുത്ത ബന്ധുവിന്റെ വീട്ടില്‍നിന്ന് പൊലീസ് 18.67 ലക്ഷം രൂപ പിടിച്ചെടുത്തു. വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്യാനായി എത്തിച്ച പണമാണ് പിടിച്ചെടുത്തതെന്ന് പൊലീസ് പറഞ്ഞു.

പൊലീസ് പണം പിടിച്ചെടുത്തതിന് പിന്നാലെ ബിജെപി സ്ഥാനാര്‍ത്ഥിയായ രഘുനന്ദന്‍ റാവു സംഭവസ്ഥലത്തെത്തി. നിരവധി ബിജെപി പ്രവര്‍ത്തകരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. പിന്നീട് പൊലീസും പ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതിനിടെ പണം സൂക്ഷിച്ച ബാഗ് പോലീസിന്റെ കയ്യില്‍നിന്ന് ബിജെപി പ്രവര്‍ത്തകര്‍ തട്ടിയെടുത്തു. ആറ് ലക്ഷത്തോളം രൂപ പ്രവര്‍ത്തകര്‍ തട്ടിയെടുത്ത് ഓടുകയായിരുന്നു.

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ, തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ രഘുനന്ദന്‍ റാവു പണം ഉപയോഗിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്നാണ് മൂന്ന് സ്ഥലങ്ങളില്‍ തിരച്ചില്‍ നടത്തിയത്. ഇതിന്റെ വിഡിയോ ചിത്രീകരിച്ചിട്ടുണ്ട്. പണം കണ്ടെടുത്തതും ബിജെപി പ്രവര്‍ത്തകര്‍ ഇത് തട്ടിയെടുത്തതും ദൃശ്യങ്ങളിലുണ്ട്. 200ഓളം പേരടങ്ങുന്ന ബിജെപി പ്രവര്‍ത്തകരാണ് പൊലീസിനെ തടയാന്‍ എത്തിയതെന്നും സിദ്ദിപേട്ട് പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി. നവംബര്‍ മൂന്നിനാണ് ദുബ്ബാക്കയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുക.

web desk 3: