ഒരു കിലോഗ്രാം കഞ്ചാവ് കടത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ സിംഗപ്പൂരില്‍ ഒരാള്‍ക്ക് വധശിക്ഷ. 46 കാരനായ തങ്കരാജു സുപ്പിയ എന്നയാള്‍ക്കാണ് വധശിക്ഷ വിധിച്ചിരിക്കുന്നത്. ഇയാളെ അടുത്ത ആഴ്ച തൂക്കിലേറ്റുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ വധശിക്ഷ നടപ്പാക്കാനുള്ള തീരുമാനത്തെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്.
2017ലാണ് കഞ്ചാവ് കടത്താന്‍ പദ്ധതിയിട്ടു എന്ന കേസില്‍ തങ്കരാജുവിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തുന്നത്. 1017.9 ഗ്രാം കഞ്ചാവ് തങ്കരാജു കടത്താന്‍ ശ്രമിച്ചു എന്നായിരുന്നു ആരോപണം. 2018ലാണ് വധശിക്ഷയ്ക്ക് വിധിക്കുന്നത്. അപ്പീല്‍ കോടതിയും ശരിവെക്കുകയായിരുന്നു.
ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് ഇതേ ശിക്ഷ തന്നെയായിരിക്കും ലഭിക്കുകയെന്നും തങ്കരാജുവിനെതിരായ കുറ്റം സംശയാതീതമായി തെളിയിക്കപ്പെട്ടതാണെന്നും ഹൈക്കോടതി ജഡ്ജി ഹൂ ഷിയു പിങ് പറഞ്ഞു.
രണ്ട് വര്‍ഷത്തിന് ശേഷം, 2022 മാര്‍ച്ചിലാണ് വധശിക്ഷാ നടപടികള്‍ സിംഗപ്പൂര്‍ പുനരാംരംഭിച്ചത്. കഴിഞ്ഞ വര്‍ഷം മാത്രം ലഹരി കേസുകളുമായി ബന്ധപ്പെട്ട് 11 വധ ശിക്ഷകളാണ് സിംഗപ്പൂര്‍ നടപ്പാക്കിയത്.