X
    Categories: MoreViews

ആരോഗ്യ രംഗത്ത് വിപ്ലവം ; എട്ടിനം കാന്‍സറുകള്‍ തിരിച്ചറിയാന്‍ കഴിയുന്ന ബ്ലെഡ് ടെസ്റ്റ് വരുന്നു

ആധുനിക കാലത്തെ മനുഷ്യര്‍ ഏറ്റവും ഭയപ്പെടുന്ന രോഗമാണ് കാന്‍സര്‍. വിഭിന്നങ്ങളായ കാരണങ്ങളാവാം ശരീരത്തിലെ അവയവങ്ങളെ കാന്‍സര്‍ ബാധിക്കുന്നതിനു പിന്നില്‍. മാരകമായ ഈ രോഗത്തെ എങ്ങനെ ചെറുക്കാം എന്നതില്‍ ഏറ്റവും പ്രധാനമാണ് പ്രാരംഭ ദിശയിലുള്ള രോഗനിര്‍ണയവും ഉടനെത്തന്നെയുള്ള ചികിത്സയും. ഇത്തരത്തില്‍ രോഗത്തെ അതിജീവിച്ച പലകേസുകളും നമ്മുക്കു ചുറ്റുമുണ്ട്. അതേസമയം പല കാന്‍സറും തിരിച്ചറിയാനുള്ള ടെസ്റ്റുകള്‍ ലോകത്ത് ഇതുവരെ കണ്ടെത്തിയിട്ടില്ല. വിവിധതരം കാന്‍സറിന് വ്യത്യസ്തമായ ചിലവേറിയ ടെസ്റ്റുകളും നടത്തേണ്ടതുണ്ട്. പലപ്പോഴും സാധരണക്കാരായ ജനങ്ങള്‍ക്ക് ഇത്തരം ചെലവേറിയ ടെസ്റ്റുകള്‍ക്ക് നടത്താന്‍ സാധിക്കാറില്ല. എന്നാല്‍ അമേരിക്കയിലെ ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ പുതിയ കണ്ടുപിടുത്തം കാന്‍സര്‍ രോഗ നിര്‍ണയത്തിന് പുത്തന്‍ പ്രതീക്ഷ നല്‍കുകയാണ് സാധാരണക്കാരായ ജനങ്ങള്‍ക്ക്.

ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞന്മാര്‍ വികസിപ്പിച്ചെടുത്ത പുതിയ രക്ത നിര്‍ണയത്തിലൂടെ (ബ്ലെഡ് ടെസ്റ്റ്) ഒരേസമയം മനുഷ്യ ശരീരത്തില്‍ എട്ടു തരം കാന്‍സറുകള്‍ തിരിച്ചറിയാനാകും. കാന്‍സര്‍സീക്ക് എന്നു പേരു നല്‍കിയ ബ്ലെഡ് ടെസ്റ്റിന് ഒരാള്‍ വിധേയനായാല്‍ വയര്‍, അന്നനാളം, ശ്വാസകോശം, സ്തനം, ഗര്‍ഭാപാത്രം, കരള്‍, പാന്‍ക്രിയാസ് തുടങ്ങി അയാളുടെ ശരീരത്തിലെ എട്ടോളം അവയങ്ങളില്‍ കാന്‍സര്‍ ബാധിച്ചിട്ടുണ്ടോ ഉണ്ടെങ്കില്‍ തന്നെ എത്രാമത്തെ സ്‌റ്റേജിലാണ് രോഗമിപ്പോള്‍ എന്നു തിരിച്ചറിയാനാകും. മേല്‍പറഞ്ഞ അവയവങ്ങളില്‍ അഞ്ച് അവയവങ്ങളിലെ കാന്‍സര്‍ കണ്ടെത്താന്‍ നിലവില്‍ ടെസ്റ്റുകള്‍ ഇല്ലാത്ത സാഹചര്യത്തിലാണ് പുതിയ കണ്ടുപിടുത്തം. കാന്‍സര്‍സീക്ക് ടെസ്റ്റ് ആരോഗ്യമേഖലയില്‍ വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍.

അമേരിക്കയിലെ നൂറു കണക്കിന് ആളുകളില്‍ പരീക്ഷണം നടത്തി പലരുടെയും രോഗം നേരത്തെ കണ്ടെത്താന്‍ കാന്‍സര്‍സീക്ക് ടെസ്റ്റിലൂടെ സാധിച്ചിട്ടുണ്ട്. തുടര്‍ന്നാണ് ഇതിനു പിന്നിലെ ശാസ്ത്രജ്ഞര്‍ തങ്ങളുടെ പുതിയ കണ്ടുപിടുത്തം ലോകത്തിനു മുന്നില്‍ സമര്‍പ്പിക്കാന്‍ ഒരുങ്ങുന്നത്.

chandrika: