X

രാജ് ശക്തിക്കെതിരെ ലോക് ശക്തി പ്രയോഗിക്കണം; യശ്വന്ത് സിന്‍ഹ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്ര സര്‍ക്കാറിനും എതിരെ വിമര്‍ശനവുമായി വീണ്ടും മുതിര്‍ന്ന ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹ. രാജ് ശക്തിക്ക്(സര്‍ക്കാര്‍) എതിരെ ലോക്ശക്തി(ജനശക്തി) പ്രയോഗിക്കണമെന്ന് സിന്‍ഹ ആഹ്വാനം ചെയ്തു. വിദര്‍ഭയില്‍ കര്‍ഷക എന്‍.ജി.ഒ സംഘടിപ്പിച്ച പരിപിടിയിലാണ് മോദിക്കെതിരെ യശ്വന്ത് സിന്‍ഹ ആഞ്ഞടിച്ചത്.

സോഷ്യലിസ്റ്റ് നേതാവ് ജയ്പ്രകാശ് നാരായണനെ ഉദ്ധരിച്ചാണ് കേന്ദ്ര സര്‍ക്കാറിനെതിരെ ജനശക്തി ഉണരണമെന്ന് സിന്‍ഹ ആഹ്വാനം ചെയ്തത്. അകോളയിലെ ഈ സമ്മേളനം ജനശക്തിയുടെ തുടക്കമാകട്ടെയെന്നും അദ്ദേഹം പറഞ്ഞു. നമ്മള്‍ സാമ്പത്തിക മാന്ദ്യം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. കണക്കുകളും അതാണ് തെളിയിക്കുന്നത്. നമ്മുടെ ഭരണത്തലവന്‍ അടുത്തിടെ മണിക്കൂറുകളോളം കണക്കുകള്‍ നിരത്തി വികസനത്തെക്കുറിച്ച് സംസാരിക്കുന്നത് കേട്ടു. അനേകം കാറുകളും മോട്ടോര്‍ സൈക്കിളുകളും വില്‍ക്കുന്നതായി അദ്ദേഹം പറഞ്ഞു.

അതാ ണോ രാജ്യത്തിന്റെ വികസനത്തിന്റെ അര്‍ത്ഥം. ശരിയാണ്. വില്‍പ്പനയുണ്ട്. എന്നാല്‍ എന്തെങ്കിലും നിര്‍മ്മാണം വിടെ നടക്കുന്നുണ്ടോ- സിന്‍ഹ ചോദിച്ചു. നോട്ടു നിരോധനത്തെക്കുറിച്ച് താന്‍ സംസാരിക്കുന്നില്ല. അല്ലെങ്കിലും പരാജയപ്പെട്ട ഒരു സംവിധാനത്തെക്കുറിച്ച് എന്ത് പറയാനാകും. ഞങ്ങള്‍ പ്രതിപക്ഷത്തായിരുന്നപ്പോള്‍, രാജ്യത്ത് നികുതി ഭീകരത, റെയ്ഡ് രാജ് എന്നിങ്ങനെ സര്‍ക്കാറിനെതിരെ വലിയ ആരോപണമുയര്‍ത്തിയിരുന്നു. എന്നാല്‍ ഇന്നത്തെ പോക്കിനെക്കുറിച്ച് പറയാന്‍ വാക്കുകളില്ല. ഭീകരത എന്നു മാത്രമാണ് വിശേഷിപ്പിക്കാനാവുകയെന്നും സിന്‍ഹ പറഞ്ഞു.

chandrika: