X

സോളാര്‍ അന്വേഷണം: അനിശ്ചിതത്വം തുടരുന്നു: ഉത്തരവ് പുറത്തിറങ്ങിയില്ല

തിരുവനന്തപുരം: സോളാര്‍ അന്വേഷണ സംഘം രൂപീകരിച്ചുകൊണ്ടുള്ള ഉത്തരവ് സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. നിയമപരമായ എല്ലാ വശങ്ങളും പരിശോധിച്ചെ ഉത്തരവ് പുറത്തിറക്കാവൂ എന്നതാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. എ.ജിയുടെ നിയമോപദേശം വൈകുന്നതാണ് കാരണം. പ്രത്യേക അന്വേഷണസംഘത്തിന്റെ അധികാര പരിധി സംബന്ധിച്ച ആശയക്കുഴപ്പവും സര്‍ക്കാറിന് മുന്നിലുണ്ട്. അന്വേഷണം സംബന്ധിച്ച കരട് ഉത്തരവ് കഴിഞ്ഞ ദിവസം ആഭ്യന്തരവകുപ്പ് മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു. കൂടുതല്‍ പരിശോധനക്കായി മുഖ്യമന്ത്രി ഇത് അഡ്വക്കേറ്റ് ജനറലിന് കൈമാറിയിട്ടുണ്ട്.

എ.ജിയുടെ നിയമോപദേശം ഇതുവരെ ലഭിക്കാത്തതാണ് അന്വേഷണ ഉത്തരവ് ഇറക്കുന്നതില്‍ കാലതാമസമുണ്ടാക്കുന്നത്. പ്രത്യേക അന്വേഷണ സംഘത്തിന് വിജിലന്‍സ് കേസെടുക്കാനാവുമോയെന്ന ആശയക്കുഴപ്പവും സര്‍ക്കാറിനെ വലക്കുന്നുണ്ട്. പഴുതുകളടച്ചുളള അന്വേഷണ ഉത്തരവാണ് തയാറാക്കേണ്ടതെന്നാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശം. എ.ജിയുടെ നിയമോപദേശം ലഭിച്ചാലുടന്‍ അന്വേഷണ ഉത്തരവ് ഇറങ്ങുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് വിശദീകരിക്കുന്നു.

ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും മന്ത്രിമാരായിരുന്ന തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആര്യാടന്‍ മുഹമ്മദ്, അടൂര്‍ പ്രകാശ്, എ.പി അനില്‍കുമാര്‍ തുടങ്ങി 22 പേര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. മന്ത്രിസഭാ തീരുമാനങ്ങള്‍ 24 മണിക്കൂറിനകം ഉത്തരവായിറങ്ങുകയാണ് പതിവെങ്കിലും ഇക്കാര്യത്തില്‍ ആറ് ദിവസം കഴിഞ്ഞിട്ടും നടപടിയുണ്ടായിട്ടില്ല. അന്വേഷണത്തിനെതിരെ നിയമപോരാട്ടത്തിന് സാധ്യതയുള്ളതിനാല്‍ നിയമവശങ്ങള്‍ കൂടി പരിശോധിച്ചാണ് ഉത്തരവ് തയാറാക്കുന്നത്. സോളാര്‍ കേസിലെ മുന്‍ അന്വേഷണത്തിന് നേതൃത്വം നല്‍കിയിരുന്ന ഡി.ജി.പി എ. ഹേമചന്ദ്രന്‍ അടക്കമുള്ളവര്‍ക്കെതിരെ അന്വേഷണം നടത്താനാണ് ഉത്തരവ്. ഇതിനെതിരെ ഉദ്യോഗസ്ഥര്‍ക്കിടയിലുള്ള വിമുഖതയും ഉത്തരവിറങ്ങാന്‍ വൈകുന്നതിന് കാരണമാണ്.

ഉത്തര മേഖല ഡി.ജി.പി രാജേഷ് ദിവാന്റെ നേതൃത്വത്തില്‍ ഐ.ജി. ദിനേന്ദ്ര കശ്യപ് അടങ്ങുന്ന മുഖ്യമന്ത്രി പ്രഖ്യാപിച്ച അതേ സംഘം തന്നെയാവും അന്വേഷിക്കുക. ഉത്തരവിറങ്ങിയ ശേഷം രണ്ട് ദിവസത്തിനകം ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നേ പീഡനക്കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്ന കാര്യം തീരുമാനിക്കൂ.
റിപ്പോര്‍ട്ട് നല്‍കാനാവില്ലെന്ന് മുഖ്യമന്ത്രി

സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇപ്പോള്‍ പരസ്യപ്പെടുത്താനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. റിപ്പോര്‍ട്ട് പരസ്യമാക്കുന്നത് നിയമവിരുദ്ധമാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ദേശീയ വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തിലാണ് റിപ്പോര്‍ട്ട് ഇപ്പോള്‍ നല്‍കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കണമെന്നാവശ്യപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് പിണറായിയുടെ പ്രതികരണം.

വിവരാവകാശ നിയമപ്രകാരം റിപ്പോര്‍ട്ട് നല്‍കാനാവില്ലെന്ന് നിയമമന്ത്രി അറിയിച്ചതിനെത്തുടര്‍ന്നായിരുന്നു ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. എന്നാല്‍, റിപ്പോര്‍ട്ട് ഉമ്മന്‍ചാണ്ടിക്ക് നല്‍കില്ലെന്നും സമയമാവുമ്പോള്‍ അത് നിയമസഭയുടെ മേശപ്പുറത്ത് വെക്കുമെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. ആറുമാസത്തിനകം സഭയില്‍ വെക്കണമെന്നാണ് ചട്ടം. അത് പാലിച്ചില്ലെങ്കില്‍ മാത്രമേ നടപടി നിയമവിരുദ്ധമാകുവെന്നാണ് പിണറായിയുടെ വാദം.

chandrika: