X
    Categories: Views

റെക്കോര്‍ഡുകള്‍ തിരുത്തി സ്മിത്ത്; ആഷസില്‍ ഓസീസിന് ലീഡ്

പെര്‍ത്ത്: ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തിലും ഓസ്‌ട്രേലിയന്‍ ആധിപത്യം. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സില്‍ നേടിയ 403-നെതിരെ ബാറ്റിങ് തുടരുന്ന ഓസീസ് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റിന് 549 എന്ന ശക്തമായ നിലയിലാണ്. ക്യാപ്ടന്‍ സ്റ്റീവന്‍ സ്മിത്തിന്റെ ഇരട്ട സെഞ്ച്വറിയും (229 നോട്ടൗട്ട്) മിച്ചല്‍ മാര്‍ഷിന്റെ സെഞ്ച്വറിയും (181 നോട്ടൗട്ട്) കരുത്തു പകര്‍ന്നപ്പോള്‍ 146 റണ്‍സ് ലീഡായി ആതിഥേയര്‍ക്ക്.

ബൗളര്‍മാര്‍ക്ക് ആനുകൂല്യമൊന്നും കിട്ടാത്ത പിച്ചില്‍ ഇംഗ്ലണ്ടിന് ഇന്ന് ഷോണ്‍ മാര്‍ഷിന്റെ (28) വിക്കറ്റ് മാത്രമേ വീഴ്ത്താന്‍ കഴിഞ്ഞുള്ളൂ. ഇംഗ്ലണ്ടിനേക്കാള്‍ 155 റണ്‍സ് പിന്നിലായിരുന്നു ഓസ്‌ട്രേലിയ അപ്പോള്‍. എന്നാല്‍ അഞ്ചാം വിക്കറ്റില്‍ സ്മിത്തിനു കൂട്ടായി മിച്ചല്‍ മാര്‍ഷ് എത്തിയതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി.

തുടര്‍ച്ചയായി നാലാം കലണ്ടര്‍ വര്‍ഷത്തില്‍ 1000 റണ്‍സ് പിന്നിട്ട സ്മിത്ത് 108 ഇന്നിങ്‌സ് കളിച്ചവരില്‍ ഏറ്റവുമധികം റണ്‍സ് (5,764) നേടുന്ന കളിക്കാരനുമായി. വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ഗാരി സൊബേഴ്‌സിനെയാണ് സ്മിത്ത് പിറകിലാക്കിയത്. 22-ാം ടെസ്റ്റ് സെഞ്ച്വറി നേടിയ താരം കൂടുതല്‍ സെഞ്ച്വറികളുടെ എണ്ണത്തില്‍ ഒമ്പതാമത്തെ ഓസ്‌ട്രേലിയക്കാരനായി. നിലവില്‍ കളിക്കുന്നവരില്‍ ഏറ്റവുമധികം ടെസ്റ്റ് സെഞ്ച്വറികള്‍ സ്വന്തമായുള്ള താരവും സ്മിത്ത് തന്നെ.

ചന്ദ്രിക വെബ് ഡെസ്‌ക്‌: