X
    Categories: Views

താജ്മഹലും വിഭാഗീയ രാഷ്ട്രീയക്കാരുടെ ലക്ഷ്യവും

Taj Mahal in morning light. Located in Agra, India.

സോഷ്യല്‍ ഓഡിറ്റ്
ഡോ. രാംപുനിയാനി

പ്രകൃതി സൗന്ദര്യത്തിനു പുറമെ ഇന്ത്യക്കു സമ്മാനിക്കപ്പെട്ട മനുഷ്യനിര്‍മ്മിത അത്ഭുതമാണ് താജ് മഹല്‍. ഇന്ത്യക്കാരെ മാത്രമല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരെ ആകര്‍ഷിക്കുന്നതാണിത്. തന്റെ പ്രിയപ്പെട്ട ഭാര്യ മുംതാസ് മഹലിന്റെ ഓര്‍മ്മക്കായി ഷാജഹാന്‍ ചക്രവര്‍ത്തിയാണിത് പണിതത്. ലോകത്തെ ഏഴ് അത്ഭുതങ്ങളിലൊന്നായി തെരഞ്ഞെടുക്കപ്പെട്ടതും യുനെസ്‌കോ പൈതൃക പട്ടികയില്‍ ഇടം നേടിയതുമാണ്. കാലത്തിന്റെ പൂങ്കവിളില്‍ വീണ കണ്ണുനീര്‍ത്തുള്ളിയാണ് താജ്മഹലെന്നാണ് രവീന്ദ്രനാഥ ടാഗോര്‍ വൈകാരികമായി വിശേഷിപ്പിച്ചത്. ലോകമെമ്പാടുമുള്ള വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന താജ്മഹല്‍ ഇന്ത്യയിലെ ഒന്നാം നമ്പര്‍ ടൂറിസ്റ്റ് കേന്ദ്രമാണെന്നതില്‍ തര്‍ക്കമില്ല.

എന്നാല്‍ ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാറിനെ സംബന്ധിച്ച് ഇതൊന്നും ആശങ്കയുളവാക്കുന്ന കാര്യമല്ല. അധികാരത്തില്‍ ആറ് മാസം പൂര്‍ത്തിയാകുന്ന സര്‍ക്കാര്‍ ഇയ്യിടെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനവുമായി ബന്ധപ്പെട്ട് ‘ഉത്തര്‍പ്രദേശ് പര്യടന്‍ അപാര്‍ സംഭാവനായേന്‍'(ഉത്തര്‍ പ്രദേശ് ടൂറിസം: അനന്ത സാധ്യതകള്‍) എന്ന പേരില്‍ ബ്രോഷര്‍ പുറത്തിറക്കിയിരുന്നു. ഉത്തര്‍പ്രദേശിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വ്യക്തമാക്കുന്നതായിരുന്നു ഈ ലഘുലേഖ.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുഖ്യ പുരോഹിതനായ ഗോരഖ്‌നാഥ് പീഠത്തിന്റെതുള്‍പെടെ സംസ്ഥാനത്തെ മറ്റ് നിരവധി സ്ഥലങ്ങളെയും ടൂറിസത്തിന് സാധ്യതയുള്ള മത കേന്ദ്രങ്ങളെ വരെ വിശദീകരിക്കുമ്പോഴാണ് താജ്മഹലിനെ ഒഴിവാക്കിയത്. ഏറ്റവും പ്രശസ്തമായ ടൂറിസം കേന്ദ്രമായ താജ്മഹലിനെ ഒഴിവാക്കുന്നതെന്തിനാണ് എന്നതാണ് ചോദ്യം.

താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമല്ലെന്ന് മുഖ്യമന്ത്രിയാകുന്നതിനു മുമ്പ് യോഗി തറപ്പിച്ച് പറഞ്ഞിരുന്നു. ഇന്ത്യ സന്ദര്‍ശിക്കുന്ന മറ്റു രാജ്യത്തെ ഉന്നത വ്യക്തിത്വങ്ങള്‍ക്ക് താജ്മഹലിന്റെ മാതൃക സമ്മാനിക്കുന്നത് നിര്‍ത്തലാക്കണമെന്നും പകരം ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പ്രതിരൂപമായ ഗീതയോ രാമായണമോ നല്‍കണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. താജിന്റെ കാര്യത്തില്‍ യോഗിയുടെ വര്‍ഗീയ ചായ്‌വും ഉത്തര്‍പ്രദേശ് ഭരണകൂടത്തിന്റെ നീക്കവും വളരെ വ്യക്തമാണ്. താജ് ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗംതന്നെയാണെന്നും എന്നാല്‍ പ്രോത്സാഹനം ആവശ്യമുള്ള കേന്ദ്രങ്ങള്‍ മാത്രമേ ലഘുലേഖയില്‍ പരാമര്‍ശിച്ചിട്ടുള്ളുവെന്നുമാണ് വിഷയം മാധ്യമങ്ങളിലൂടെ വിമര്‍ശനവിധേയമായപ്പോള്‍ ബന്ധപ്പെട്ട മന്ത്രിമാര്‍ വ്യക്തമാക്കിയത്. താജിനായി പ്രത്യേക ഫണ്ട് അനുവദിച്ചിട്ടുണ്ടെന്നും ആഗ്രയില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ള പദ്ധതിയും പരിഗണനയിലാണെന്നും അവര്‍ വ്യക്തമാക്കുകയുണ്ടായി.

പിന്നീട് ബി.ജെ.പി കേന്ദ്രത്തില്‍ നിന്ന് അനേകം ശബ്ദങ്ങളാണ് പുറത്തുവന്നത്. അതൊരു ഹൈന്ദവ ക്ഷേത്രമായിരുന്നു, അനന്തര ഫലമൊന്നുമില്ലാത്ത സ്മാരക കെട്ടിടമാണ്, അത് ഇന്ത്യയുടെ അടിമത്തത്തെ പ്രതിഫലിപ്പിക്കുന്നതാണ്… തുടങ്ങിയ അഭിപ്രായങ്ങള്‍ ഉയര്‍ന്നു. മുസ്‌ലിം രാജാക്കന്മാര്‍ പണിത സ്മാരകങ്ങളെക്കുറിച്ചുള്ള പാര്‍ട്ടി തന്ത്രത്തിന്റെ ഇപ്പോഴത്തെ മാറ്റം പ്രതിഫലിച്ചത് ബി.ജെ.പി നേതാക്കളിലൊരാളായ സംഗീത് സോമിന്റെ വാക്കുകളിലാണ്. താജ്മഹലുമായി ബന്ധപ്പെട്ട വിഷയത്തില്‍ അദ്ദേഹം പ്രതികരിച്ചത് ഇങ്ങനെയാണ്: ‘സംസ്ഥാന സര്‍ക്കാറിന്റെ ടൂറിസം ബുക്‌ലെറ്റില്‍ നിന്ന് താജ്മഹലിനെ ഒഴിവാക്കിയതില്‍ പലരും ദുഃഖിച്ചു. ചരിത്രം എന്താണ് നമ്മോട് പറയുന്നത്? താജ്മഹല്‍ പണിതയാള്‍ പിതാവിനെ ജയിലിലടച്ചയാളാണെന്നാണ് ചരിത്രം…ഈ സ്മാരകത്തിന്റെ നിര്‍മ്മാതാവ് യു.പിയില്‍ നിന്നും ഇന്ത്യയില്‍ നിന്നും ഹിന്ദുക്കളെ പുറത്താക്കിയയാളാണ്. ഇത് വളരെ സങ്കടകരമാണ്. അത്തരക്കാര്‍ ഇപ്പോഴും നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണെന്നത് നിര്‍ഭാഗ്യകരമാണ്’
യാദൃച്ഛികമാകാം, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി താജ്മഹലിലേക്കുള്ള വിനോദ സഞ്ചാരികളുടെ ഒഴുക്കില്‍ കുറവുവന്നിട്ടുണ്ട്. അതിനാല്‍ വിനോദ സഞ്ചാര കേന്ദ്രമെന്ന നിലയില്‍ താജ്മഹലിനെ പ്രോത്സാഹിപ്പിക്കേണ്ട അടിയന്തര സാഹചര്യമാണ് നിലനില്‍ക്കുന്നത്. താജ് മഹലിനെക്കുറിച്ചുള്ള വിവരണം എന്തുകൊണ്ട് ആദ്യം വന്നില്ല എന്നതാണ് ചോദ്യം. ഏത് പശ്ചാത്തലത്തിലാണ് യോഗി നേരത്തെ താജ്മഹലിനെക്കുറിച്ച് പറഞ്ഞത്? യോഗിയുടെ പ്രത്യയശാസ്ത്രമായ ഹിന്ദുത്വയെ അസ്വസ്ഥമാക്കുന്നതാണ് മുഗള്‍ ചക്രവര്‍ത്തി നിര്‍മ്മിച്ച സ്മാരകത്തിന്റെ ഘടന. ഗാന്ധിജിയെപോലുള്ള ഇന്ത്യന്‍ ദേശീയവാദികള്‍ ഇന്ത്യന്‍ സംസ്‌കാരത്തിനു നല്‍കിയ നിര്‍വചനം ഭരണകക്ഷിയായ യോഗി-ഹിന്ദുത്വ പ്രത്യയശാസ്ത്രക്കാര്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. അവര്‍ക്ക് ഉന്നത ജാതി ഹിന്ദു സംസ്‌കാരം മാത്രമാണ് ഇന്ത്യന്‍ സംസ്‌കാരം.

താജ്മഹല്‍ ഹിന്ദു ക്ഷേത്രമായിരുന്നുവെന്നതും അത് തേജോ മഹാലയ് ആണെന്നുമുള്ള ആര്‍.എസ്.എസ്-ഹിന്ദുത്വ പ്രചാരണം ഇതുവരെ സ്വയം പ്രമാണീകരിക്കുകയായിരുന്നുവെന്നത് ആശ്ചര്യകരമല്ല. ഇത് ചരിത്രപരമായ അറിവുകള്‍ക്കും തെളിവുകള്‍ക്കും വിരുദ്ധമാണ്. ഷാജഹാനാണ് താജ്മഹല്‍ പണിതതെന്ന് ഷാജഹാന്റെ കൊട്ടാര രേഖയായ ബാദ്ഷാനാമയില്‍ വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. തന്റെ പ്രിയ പത്‌നിയുടെ വേര്‍പാടില്‍ ഷാജഹാന്‍ അതീവ ദുഃഖിതനായിരുന്നുവെന്നും അവരുടെ ഓര്‍മ്മക്കായി ശ്രദ്ധേയമായ ശവകുടീരം അദ്ദേഹം പണിതതായും യൂറോപ്യന്‍ സഞ്ചാരിയായ പീറ്റര്‍ മുണ്‌ഡെ രേഖപ്പെടുത്തിയിട്ടുണ്ട്. അക്കാലത്ത് ഇന്ത്യ സന്ദര്‍ശിച്ച ഫ്രഞ്ച് സ്വര്‍ണ വ്യാപാരി തവര്‍ണിയര്‍ ഇക്കാര്യം സ്ഥിരീകരിക്കുന്നുണ്ട്. ഷാജഹാന്റെ ദൈനംദിന എക്കൗണ്ട് ബുക്കുകള്‍ മാര്‍ബിളിന് ചെലവഴിച്ച തുക, തൊഴിലാളികള്‍ക്ക് നല്‍കിയ കൂലി തുടങ്ങിയ ചെലവുകള്‍ സംബന്ധിച്ച വിശദമായ രേഖകള്‍ നല്‍കുന്നു. നഷ്ടപരിഹാരമായി രാജ ജയ്‌സിങില്‍ നിന്നാണ് ഭൂമി വാങ്ങിയത് എന്നതു മാത്രമാണ് ശിവക്ഷേത്രമാണെന്ന (തേജോമഹാലയ) തെറ്റായ വാദത്തിനുള്ള ഒരേയൊരു അടിസ്ഥാനം. രാജ ജയ്‌സിങ് വൈഷ്ണവനായിരുന്നു എന്നതും വൈഷ്ണവ രാജാവ് ഒരിക്കലും ശിവക്ഷേത്രം നിര്‍മ്മിക്കില്ല എന്നതും എടുത്തുപറയേണ്ടതാണ്.

താജ്മഹലിനെ നശിപ്പിക്കുകയെന്നത് ഇന്ത്യന്‍ ചരിത്രം തിരുത്തിയെഴുതാനുള്ള വിശാല ഹിന്ദുത്വ പദ്ധതിയുടെ ഭാഗമാണ്. ചരിത്രത്തില്‍ വര്‍ഗീയ വ്യാഖ്യാനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും സംഭവങ്ങള്‍ വര്‍ഗീയ മനോഭാവത്തിന് അനുയോജ്യമാക്കുന്നതിനുള്ള വളച്ചൊടിക്കല്‍ സൃഷ്ടിക്കുകയുമാണ്. ഏറ്റവും ഭയാനകമായ ഇത്തരം വളച്ചൊടിക്കല്‍ അക്ബറും റാണാപ്രതാപും തമ്മില്‍ നടന്ന ഹാല്‍ദി ഘാട്ടി യുദ്ധമാണ്. യുദ്ധത്തില്‍ റാണാപ്രതാപാണ് വിജയിച്ചത്. ഇത്തരം യുദ്ധങ്ങള്‍ അധികാരത്തിനു വേണ്ടി മാത്രമുള്ളതായിരുന്നു. മതത്തിനു വേണ്ടിയായിരുന്നില്ല. അക്ബറും റാണാപ്രതാപും ‘മറ്റു’ മതങ്ങള്‍ സ്വീകരിച്ചവരായിരുന്നു. അവരുടെ ബന്ധം മതവുമായി ബന്ധപ്പെട്ടായിരുന്നില്ല.

താജ്മഹലും അതുപോലുള്ള സ്മാരകങ്ങളും മുസ്‌ലിം രാജാക്കന്മാരുടെ കാലത്താണ് നിര്‍മ്മിക്കപ്പെട്ടത് എന്നതിനാലാണ് വര്‍ഗീയ ചിന്തകരില്‍ നിന്ന് ഉപദ്രവമേല്‍ക്കേണ്ടിവന്നത്. ഹിന്ദു ക്ഷേത്രമായി അവതരിപ്പിക്കാനുള്ള ശ്രമം ഇതുവരെ ഉണ്ടായിരുന്നില്ല. എന്നാലിപ്പോള്‍ വര്‍ഗീയ ശക്തികള്‍ അധികാര കസേരയിലെത്തിയതോടെ അത് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഭാഗമായിരുന്നതില്‍ നിന്നും അതിനെ തുടച്ചുനീക്കുകയാണ്. ഇന്ത്യന്‍ സംസ്‌കാരത്തില്‍ അതിന്റെ സ്ഥാനം നഷ്ടപ്പെടുത്താന്‍ വേണ്ടിയാണത്. യു.പിയിലെ ലഘുലേഖയില്‍ നിന്ന് താജ്മഹലിനെ ഒഴിവാക്കുകവഴി മുസ്‌ലിം സമൂഹത്തെ പാര്‍ശ്വവത്കരിക്കുകയെന്നതാണ് ബഹുമുഖ മുള്‍മുനയുള്ള ഹിന്ദുത്വ തന്ത്രം. സ്വാതന്ത്ര്യദിനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിമാര്‍ പ്രസംഗം നടത്തുന്ന ഡല്‍ഹിയിലെ ചെങ്കോട്ടക്കു നേരെയും ഇത് തിരിയാം. വിവിധ കോണുകളില്‍ നിന്നുണ്ടായ വിമര്‍ശനത്തിന്റെ വെളിച്ചത്തില്‍ ഉത്തര്‍പ്രദേശ് മന്ത്രിമാര്‍ മുഖം രക്ഷിക്കാന്‍ താജ്മഹല്‍ ഇന്ത്യന്‍ പൈതൃകത്തിന്റെ ഭാഗമാണെന്ന് പറയുന്നുണ്ടെങ്കിലും സംഗീത് സോമിനെ പോലുള്ളവര്‍ കൂടുതല്‍ അബദ്ധങ്ങള്‍ തുറന്നടിക്കുകയാണ്. ചരിത്രപരമായതും പുരാവസ്തു പ്രാധാന്യമുള്ളതുമായ ഇത്തരം എല്ലാ സ്ഥലങ്ങളും പരിരക്ഷിക്കുക മാത്രമല്ല ഇന്ത്യന്‍ സമന്വയ സംസ്‌കാരത്തിന്റെ ഭാഗമാക്കുകകൂടി വേണം.

chandrika: