X

‘ഭഗത് സിങ് ജയിലില്‍ കിടന്നപ്പോള്‍ പൊതിച്ചോറ് എത്തിച്ചു നല്‍കി’; മോദിയുടെ കള്ളക്കഥ പൊളിച്ചടുക്കി സോഷ്യല്‍മീഡിയ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കള്ളക്കഥ പൊളിച്ചടുക്കി സോഷ്യല്‍മീഡിയ. ഭഗത് സിങ് ജയിലില്‍ കിടന്നപ്പോള്‍ പൊതിച്ചോറ് എത്തിച്ചു നല്‍കിയതുള്‍പ്പെടെയുള്ള കള്ളകഥയെ ട്രോളിയാണ് സമൂഹമാധ്യമങ്ങള്‍ പ്രധാനമന്ത്രിക്കെതിരെ രംഗത്തുവന്നത്. ഭഗത് സിങ്ങിനെയും ബത്തുകേശ്വര്‍ ദത്തിനെയും പോലുള്ള സ്വാതന്ത്ര്യസമര സേനാനികള്‍ ജയിലില്‍ കിടന്നപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ തിരിഞ്ഞുനോക്കിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

ഇതിനെതിരെയാണ് ജനങ്ങള്‍ രംഗത്തുവന്നത്. ചരിത്രബോധമില്ലാതെ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയ പ്രധാനമന്ത്രിയുടെ നടപടിയെയാണ് സോഷ്യല്‍ മീഡിയ പരിഹസിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കര്‍ണാടകയിലെ ബിഡാറില്‍ സംസാരിക്കവെയായിരുന്നു മോദിയുടെ പരാമര്‍ശം.

‘ശഹീദ് ഭഗത് സിങ്, ബത്തുകേശ്വര്‍ ദത്ത്, വീര്‍ സവര്‍ക്കര്‍ എന്നിവരെ പോലെ മഹാന്മാര്‍ രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതി ജയിലില്‍ അകപ്പെട്ടപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ ആരും അവരെ പോയി കണ്ടിരുന്നില്ലെന്ന് മോദി കുറ്റപ്പെടുത്തി.

ജയിലില്‍ കഴിയവെ ഇനി മുതല്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ പ്രവര്‍ത്തിക്കില്ലെന്ന് മാപ്പെഴുതി നല്‍കിയ സവര്‍ക്കറെയും സ്വാതന്ത്ര്യസമരസേനാനി എന്ന് വിശേഷിപ്പിച്ചാണ് മോദി സംസാരിച്ചത്. ജയിലില്‍ കഴിയുന്ന അഴിമതിക്കാരെ കാണാന്‍ കോണ്‍ഗ്രസുകാര്‍ പോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മോദിയുടെ ചരിത്രബോധമില്ലായ്മയെ വിമര്‍ശിച്ച് നിരവധി പ്രമുഖര്‍ സോഷ്യമീഡിയയില്‍ രംഗത്തുവന്നു.

ഭഗത് സിങിനെ മോദി സന്ദര്‍ശിക്കുന്നതിന്റെ ചിത്രം പങ്കുവെച്ചാണ് ട്വിറ്ററില്‍ ചിലര്‍ മോദിയെ കളിയാക്കുന്നത്.

ലാഹോര്‍ സെന്‍ട്രല്‍ ജയിലില്‍ ഭഗത് സിങ്ങിന് വീട്ടില്‍ നിന്നും പാകം ചെയ്ത ഭക്ഷണം എത്തിച്ചു കൊടുക്കുന്നു മോദി എന്നു പറഞ്ഞുകൊണ്ട് ഫോട്ടോഷോപ്പ് ചെയ്ത ചിത്രങ്ങളും ചിലര്‍ പങ്കുവെച്ചു.

എന്നാല്‍ മറ്റു ചിലരാവട്ടെ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഭഗത് സിങിനെ സന്ദര്‍ശിച്ചുവെന്നതിന് തെളിവേകുന്ന ചരിത്ര രേഖകള്‍ പങ്കുവെച്ചു കൊണ്ടാണ് മോദിയുടെ കള്ളക്കഥയെ പ്രതിരോധിച്ചത്. ഇതൊന്നും താങ്കളുടെ തെറ്റല്ല, റിസര്‍ച്ച് ടീമിന്റെ പരാമര്‍ശമാണെന്നാണ് ചിലരുടെ പരിഹാസം.

നെഹ്‌റു ഭഗത് സിങഇനെ ജയിലില്‍ സന്ദര്‍ശിച്ചുവെന്നത് പാകിസ്താനികള്‍ക്കു വരെ അറിയാം. എന്നിട്ടും മോദിക്കറിയില്ലെന്ന് ചിലര്‍ പരിഹസിച്ചു.

chandrika: