X

പകപോക്കല്‍; സോളാറില്‍ രാഷ്ട്രീയം കളിച്ച് പിണറായി

രഹസ്യമാക്കിവെച്ചിരിക്കുന്ന സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ പേര് പറഞ്ഞ് എതിരാളികളെ കേസില്‍ കുടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ പകപോക്കല്‍ രാഷ്ട്രീയം. കമ്മീഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വെക്കുന്നതിന് മുന്‍പു അതിന്റെ പേരില്‍ നടപടിക്ക് മുതിരുന്നത് കമ്മീഷനുകളുടെ ചരിത്രത്തില്‍ തന്നെ അത്യപൂര്‍വമാണ്. വേങ്ങരയില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെയുള്ള പിണറായി വിജയന്റെ നാടകീയ നീക്കത്തിന് പിന്നിലെ രാഷ്ട്രീയ ലക്ഷ്യം പകല്‍പോലെ വ്യക്തം. നിരവധി തട്ടിപ്പുകളിലൂടെ പലരില്‍ നിന്നായി കോടിക്കണക്കിന് രൂപ കൈക്കലാക്കിയ കേസിലെ പ്രതിയായ സരിതാ എസ്. നായരെ വിശുദ്ധയാക്കിയാണ് പിണറായിയുടെ പ്രതികാര നടപടിയെന്നതും കേരളീയ സമൂഹത്തെയാകെ ഞെട്ടിച്ചു. സോളാര്‍ റിപ്പോര്‍ട്ട് പുറത്ത് വിടാതെ പുകമറ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമം.

സോളാര്‍ കേസുമായി ബന്ധപ്പെട്ട് സരിതാനായരെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചത് യു.ഡി.എഫ് സര്‍ക്കാറാണ്. അതേ സര്‍ക്കാറിലെ പ്രമുഖര്‍ക്കെതിരെ സരിത എഴുതിയതെന്ന് പറയപ്പെടുന്ന കത്തിന്റെ ചുവടുപിടിച്ചാണ് കേസ് എടുക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചത്. എന്നാല്‍ സരിതയുടെ കത്തില്‍ പേര് ഉള്‍പ്പെട്ടിട്ടുള്ള ഇടത് എം.എല്‍.എക്കെതിരെ കേസ് എടുത്തിട്ടില്ലെന്നതും ഇതുരാഷ്ട്രീയപകപോക്കലാണെന്ന വാദത്തെ സാധൂകരിക്കുന്നു. അധികാരത്തിലെത്തിയതിന് ശേഷം മന്ത്രിസഭായോഗത്തിന് ശേഷമുള്ള പതിവ് വാര്‍ത്താസമ്മേളനം ഒഴിവാക്കിയിരുന്ന പിണറായി വിജയന്‍, വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്ന വേളയിലാണ് മാധ്യമപ്രവര്‍ത്തകരെ വിളിച്ചുവരുത്തി കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.

നിരവധി കമ്മീഷനുകള്‍ റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും കൂത്ത്പറമ്പ് സംഭവം ഒഴിച്ചുനിര്‍ത്തിയാല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ കേസ് ഇതുവരെ എടുത്തിട്ടില്ല. അതും നിയമസഭയില്‍ വെക്കുംമുന്‍പ് നടപടി പ്രഖ്യാപിക്കുന്നതും കുറ്റക്കാരായി കണ്ടെത്തിയെന്ന പേരില്‍ വകുപ്പുതല നടപടികളെടുക്കുന്നതും അസാധാരണമാണ്.

സോളാര്‍ അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ഇന്നലെ തന്നെ നടപടി പ്രഖ്യാപിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടേത് അസാധാരണ നടപടിയാണെന്ന വാദമാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. സോളാര്‍ കേസില്‍ പുതിയ പരാതികളോ രേഖകളോ തെളിവുകളോ ലഭിച്ചാല്‍ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുമെന്ന ഭീഷണിയും വാര്‍ത്താസമ്മേളനത്തില്‍ പിണറായി വിജയന്‍ മുഴക്കി. ലൈംഗിക സംതൃപ്തി നേടിയിട്ടുണ്ടെങ്കില്‍ അതും കൈക്കൂലിയായി കണക്കാക്കാമെന്ന വിചിത്രവാദവും മുഖ്യമന്ത്രി മുന്നോട്ടുവെക്കുന്നു.

chandrika: