X

പട്ടിണി: സോമാലിയയില്‍ 48 മണിക്കൂറിനിടെ 110 മരണം

മൊഗാദിഷു: ആഫ്രിക്കന്‍ രാജ്യങ്ങളെ കാര്‍ന്നുതിന്നുന്ന വരള്‍ച്ചയും പട്ടിണിയും സോമാലിയയില്‍ രൂക്ഷമായി. 48 മണിക്കൂറിനിടെ 110 പേര്‍ പട്ടിണി കാരണം മരിച്ചതായി മലേഷ്യന്‍ പ്രധാനമന്ത്രി ഹസന്‍ അലി ഖൈര്‍ അറിയിച്ചു. രൂക്ഷമായി തുടരുന്ന വരള്‍ച്ച ദേശീയ ദുരന്തമായി കലാശിക്കുമെന്ന് കഴിഞ്ഞയാഴ്ച സോമാലിയന്‍ ഭരണകൂടം മുന്നറിയിപ്പുനല്‍കിയിരുന്നു. മനുഷ്യരും കന്നുകാലികളും ഒരുപോലെ പ്രയാസകരമായ അവസ്ഥയിലാണെന്ന് അലി ഖൈര്‍ പറഞ്ഞു.

പട്ടിണിയും അതിസാരവും കാരണം മരിച്ചുകൊണ്ടിരിക്കുന്ന സോമാലിയന്‍ ജനതയെ സഹായിക്കാന്‍ ഭരണകൂടം പരമാവധി ചെയ്യുമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. മാനുഷിക ദുരന്തത്തില്‍നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ അദ്ദേഹം അന്താരാഷ്ട്ര സഹായം അഭ്യര്‍ത്ഥിച്ചു. ബയ്‌ഡോ നഗരത്തിനു ചുറ്റുമുള്ള ഗ്രാമങ്ങളെയാണ് പട്ടിണി ഏറ്റവും കൂടുതല്‍ പിടിച്ചുലച്ചിരിക്കുന്നത്. മരിച്ചവരില്‍ ഏറെയും കുട്ടികളും വൃദ്ധരുമാണ്.
കടുത്ത കുടിവെള്ള ക്ഷമവും മേഖലയില്‍ അനുഭവപ്പെടുന്നുണ്ട്. 55 ലക്ഷം പേര്‍ ജലജന്യ രോഗങ്ങളുടെ പിടിയിലാണ്. വെള്ളിയാഴ്ച മുതല്‍ 69 പേര്‍ കൊളറ ബാധിച്ച് മരിച്ചു. മലിന ജലമാണ് പകര്‍ച്ച വ്യാധികള്‍ക്ക് കാരണം. സോമാലിയയില്‍ 50 ലക്ഷം പേര്‍ അടിയന്തര സഹായം കാത്ത് കഴിയുന്നുണ്ടെന്ന് യു.എന്‍ വിദഗ്ധര്‍ പറയുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഭക്ഷണവും ചികിത്സയും തേടി തലസ്ഥാനമായ മൊഗാദിഷുവിലേക്ക് കൂട്ട പലായനം തുടരുകയാണ്. 363,000 കുട്ടികള്‍ പോഷകാഹരം കിട്ടാതെ പ്രയാസപ്പെടുന്നുണ്ട്. 71,000 കുട്ടികള്‍ക്ക് കടുത്ത പോഷകക്കുറവ് അനുഭവപ്പെടുന്നുണ്ടെന്നും യു.എന്‍ പറയുന്നു.
പട്ടിണിയുടെ മറവില്‍ ചൂഷണവും മനുഷ്യാവകാശ ധ്വംസനങ്ങളും തുടരുന്നുണ്ട്. തീവ്രവാദ ശൃംഖലകളും സജീവമാണ്. സോമാലിയക്കു പുറമെ, നൈജീരിയ, ദക്ഷിണ സുഡാന്‍, യമന്‍ എന്നീ രാജ്യങ്ങളും കടുത്ത പട്ടിണിയില്‍ അകപ്പെട്ടിട്ടുണ്ട്. 2011ല്‍ സോമാലിയയില്‍ 260,000 പേര്‍ പട്ടിണി കിടന്ന് മരിച്ചിട്ടുണ്ടെന്നാണ് കണക്ക്.

chandrika: