kerala

കാലിക്കറ്റ് സര്‍വകലാശാല സിലബസില്‍ വേടന്റെ പാട്ട്; റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍

By webdesk17

July 01, 2025

കാലിക്കറ്റ് സര്‍വലശാല സിലബസില്‍ വേടന്റെ പാട്ട് ഉള്‍പ്പെടുത്തിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ഗവര്‍ണര്‍. പാട്ട് ഉള്‍പ്പെടുത്തിയതിനെതിരായ പരാതി പഠിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് ചാന്‍സലര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ വിസി ഡോ പി രവീന്ദ്രന് നിര്‍ദേശം നല്‍കിയത്. ബിജെപി അനുകൂല സിന്‍ഡിക്കേറ്റ് അംഗം എകെ അനുരാഗിന്റെ പരാതിയിലാണ് നടപടി. സിലബസില്‍ നിന്നും വേടന്റെ പാട്ട് പിന്‍വലിക്കണം എന്നായിരുന്നു പരാടിയില്‍ ആവശ്യപ്പെട്ടിരുന്നത്.

‘ഭൂമി ഞാന്‍ വീഴുന്നിടം’ എന്ന വേടന്റെ പാട്ട് ബിഎ മലയാളം മൂന്നാം സെമസ്റ്ററിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. വേടന്റെ പാട്ടും മൈക്കിള്‍ ജാക്സന്റെ ‘ദേ ഡോണ്ട് കെയര്‍ എബൗട്ട് അസ്’ എന്ന പാട്ടും തമ്മിലുള്ള താരതമ്യ പഠനമാണ് പാഠഭാഗത്തിലുള്ളത്. അമേരിക്കന്‍ റാപ്പ് സംഗീതവും മലയാള റാപ്പ് സംഗീതവും തമ്മിലുള്ള പഠനമാണ് പാഠത്തിന്റെ അടിസ്ഥാന ലക്ഷ്യം. യുദ്ധം കൊണ്ടുണ്ടാവുന്ന പ്രശ്നവും പലായനവുമാണ് വേടന്റെ പാട്ടിന്റെ വിഷയം.

ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്ന താന്‍ വരുംതലമുറക്ക് തെറ്റായ മാതൃകയാണെന്ന് സ്വയം സമ്മതിച്ച ആളാണ് വേടനെന്നും ഇത്തരമൊരു വ്യക്തിയുടെ പാട്ട് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയത് പ്രതിഷേധാര്‍ഹമാണെന്നും പരാതിയില്‍ പറയുന്നു.