X

പടപൊരുതാനൊരുങ്ങി സോണിയ ഗാന്ധി; നേതാക്കളെ നേരില്‍ കാണുന്നു

ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ രൂക്ഷ വിമര്‍ശനവുമായ രംഗത്തെത്തിയതിന് പിന്നാലെ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയഗാന്ധി ഇന്നു കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരെ നേരില്‍കാണും. തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനും നടപ്പാക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാനുമാണ് മുഖ്യമന്ത്രിമാരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. ഹരിയാന, മഹാരാഷ്ട്ര, ഝാര്‍ഖണ്ഡ് എന്നിവ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ സംഘടനാ സംവിധാനം മെച്ചപ്പെടുത്താനുള്ള ചര്‍ച്ചകളും ഇന്നത്തെ കൂടിക്കാഴ്ചയില്‍ നടക്കും.

ഇതിന്റെ ഭാഗമെന്നോണം സോണിയ ഗാന്ധിയും മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങും നോര്‍ത്ത് ഈസ്റ്റ് മേഖലയിലെ പാര്‍ട്ടി നേതാക്കളെ ഇന്ന് സന്ദര്‍ശിച്ചു.

അതേസമയം രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയ സോണിയാ ഗാന്ധി നേതാക്കള്‍ക്ക് വലിയ ഉപദേശമാണ് നല്‍കിയത്. ജനങ്ങള്‍ നല്‍കിയ അധികാരം അപകടകരമായ രീതിയില്‍ സര്‍ക്കാര്‍ ദുര്‍വിനിയോഗം ചെയ്യുകയാണെന്ന് അവര്‍ പറഞ്ഞു. സര്‍ക്കാരിന്റെ ദുര്‍ഭരണം തുറന്നുകാട്ടാന്‍ രാജ്യത്തെ ഇളക്കിമറിച്ചുള്ള പ്രക്ഷോഭം നടത്തണമെന്നും സോണിയ ആഹ്വാനം ചെയ്തു.
ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗത്തിലാണ് സോണിയാ ഗാന്ധി ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്.

രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി വളരെ ഭീകരമായ അവസ്ഥയിലാണ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുകയാണ്. നഷ്ടം പെരുകുന്നു. ഇതില്‍ നിന്ന് ശ്രദ്ധ തിരിക്കാന്‍ രാഷ്ട്രീയ പകപോക്കലാണ് കേന്ദ്രം നടത്തുന്നത്. ഏറ്റവും അപകടകരമായ രീതിയിലാണ് ജനാധിപത്യം ദുരുപയോഗം ചെയ്യപ്പെടുന്നത്. മഹാത്മാഗാന്ധി, സര്‍ദാര്‍ പട്ടേല്‍, അംബേദ്കര്‍ എന്നിവരുടെ സന്ദേശങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുന്നു. ഒരു അജണ്ടയുടെ ഭാഗമായിട്ടാണ് ഇങ്ങനെ തെറ്റായി വ്യാഖ്യാനിക്കുന്നതെന്നും അവര്‍ പറഞ്ഞു.

ഇതിനെ കോണ്‍ഗ്രസ് ഭയമില്ലാതെ നേരിടണം. ഗ്രാമ, നഗര ഭേദമില്ലാതെ പാര്‍ട്ടി പൊരുതണം. ഗ്രാമങ്ങളിലെ പാവപ്പെട്ടവരോടും ജനങ്ങളോടും അവരുടെ പ്രശ്‌നങ്ങള്‍ ഉന്നയിക്കാനും അവര്‍ക്ക് വേണ്ടി പോരാടാനും പാര്‍ട്ടി പ്രവര്‍ത്തകര്‍ തയ്യാറാവണം. അതുവഴി ജനങ്ങള്‍ക്ക് മുമ്പില്‍ മോദി സര്‍ക്കാരിനെ തുറന്നുകാട്ടണമെന്നും ഇതിനായി കോണ്‍ഗ്രസ് പ്രക്ഷോഭ അജണ്ട രൂപീകരിക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.

ഇടപെടലുകളും സാന്നിധ്യവും സമൂഹമാധ്യമത്തില്‍ മാത്രമൊതുക്കരുത്. ജനങ്ങളുമായി പാര്‍ട്ടി നേരിട്ടു ബന്ധം സ്ഥാപിക്കുന്നതു പ്രധാനമാണ്- സോണിയ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും ഉപദേശിച്ചു. സമൂഹമാധ്യമങ്ങളില്‍ മാത്രം സജീവമായി ഇടപെട്ടാല്‍ പോരാ, പ്രവര്‍ത്തകര്‍ ജനങ്ങളിലേക്ക് നേരിട്ട് ഇറങ്ങണം. രാജ്യം ഏറ്റവും ആപത്തു നേരിടുന്ന കാലമാണിതെന്നും അവര്‍ ഓര്‍മിപ്പിച്ചു.

സോണിയ വീണ്ടും അധ്യക്ഷ പദവി ഏറ്റെടുത്തതിന് ശേഷം വിളിച്ചുചേര്‍ത്ത ആദ്യ നേതൃയോഗമാണിത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, എ.ഐ.സി.സി ജന. സെക്രട്ടറിമാര്‍, സംസ്ഥാനങ്ങളുടെ ചുമതലയുള്ളവര്‍, സംസ്ഥാന അധ്യക്ഷന്‍മാന്‍, നിയമസഭാ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു. രാഹുല്‍ ഗാന്ധി യോഗത്തിന് എത്തിയിരുന്നില്ല.
മഹാത്മാ ഗാന്ധിയുടെ 150 ാം ജന്മവാര്‍ഷിക ആഘോഷം സംബന്ധിച്ചും യോഗം ചര്‍ച്ച ചെയ്തു. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്, രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട്, പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമി, ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍, എ.കെ ആന്റണി, കെ.സി വേണുഗോപാല്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പ്രിയങ്കാ ഗാന്ധി തുടങ്ങിയവരും സംബന്ധിച്ചു.

chandrika: