X

സോണിയാ ഗാന്ധിയും വയനാട്ടിലേക്ക്


കല്‍പ്പറ്റ: വയനാട് ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി സോണിയാഗാന്ധിയെ എത്തിക്കാന്‍ ശ്രമം നടത്തിവരികയാണെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ദേശീയ നേതാക്കള്‍ക്കൊപ്പം ഒരു തവണ കൂടെ പ്രിയങ്കാ ഗാന്ധിയെയും മണ്ദലത്തിക്കാനാണ് ശ്രമം. ഇതോടെ ദക്ഷിണേന്ത്യയിലാകെ ബി.ജെ.പിക്കെതിരായ വികാരം കൂടുതല്‍ ശ്ക്തമാവുമെന്നും മുല്ലപ്പള്ളി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ലോക്സഭയിലെ ഏറ്റവും ദുര്‍ബലമായ പാര്‍ട്ടിയായി സി പി എം മാറും. മണ്ഡലത്തിലെ ഏഴ് നിയോജകമണ്ഡലത്തിലെയും തിരഞ്ഞെടുപ്പ് കമ്മിറ്റികളുടെ സംയുക്തയോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഈ തിരഞ്ഞെടുപ്പില്‍ സി പി എമ്മിന് യാതൊരു പ്രസക്തിയുമില്ല. ബംഗാളില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ബീഹാറിലും, മഹാരാഷ്ട്രയിലും കര്‍ണാടകയിലും ആരും സി പി എമ്മിനെ ഒപ്പം കൂട്ടിയില്ല. എന്നിട്ടും പിണറായി വിജയനും, കോടിയേരി ബാലകൃഷ്ണനും മത്സരിച്ച് വാചകമടിക്കുകയാണ്. മതേതര നിലപാടിനൊപ്പമാണെങ്കില്‍ രാഹുല്‍ഗാന്ധിക്കെതിരെ നിര്‍ത്തിയ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കാന്‍ തയ്യാറാകുകയാണ് വേണ്ടത്. അമേഠിയില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താതെ എസ് പിയും, ബി എസ് പിയും കാണിച്ച മാതൃക കാട്ടാനാണ് സി പി എം തയ്യാറാകേണ്ടത്. സി പി എം വൈരുദ്ധ്യപൂര്‍ണമായ നിലപാടുകളുമായാണ് മുന്നോട്ടുപോകുന്നത്. മയ്യഴിയും, പോണ്ടിച്ചേരിയും ഇതിനുദാഹരണമാണ്. സി പി എം നല്‍കുന്നത് തെറ്റായ സന്ദേശമാണ്. ഇപ്പോള്‍ സ്വീകരിക്കുന്ന നടപടി ബി ജെ പിയെ സഹായിക്കാനാണെന്നും അദ്ദേഹത്തെ കുറ്റപ്പെടുത്തി. വിടുവായത്തം പറയുന്ന മോദിയെ പോലെയും, പൊള്ളയായ വാഗ്ദാനം നല്‍കുന്ന പിണറായിയെ പോലെയുമുള്ള നേതാവല്ല രാഹുല്‍ഗാന്ധി. തിരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറയുന്ന മുഴുവന്‍ കാര്യങ്ങളും നടപ്പിലാക്കാന്‍ കോണ്‍ഗ്രസിന് സാധിക്കും. രാഹുല്‍ഗാന്ധിക്ക് മാത്രമെ, മോദിയുടെ വര്‍ഗീയരാഷ്ട്രീയത്തിന്റെ തേര്‍വാഴ്ച അവസാനിപ്പിക്കാനാവൂ. മതേതരശക്തികളും സംഘപരിവാറിന്റെ ഭിന്നതയും അസഹിഷ്ണുതയും തമ്മിലാണ് ഈതിരഞ്ഞെടുപ്പില്‍ പോരാട്ടം നടത്തുന്നത്. രാഹുല്‍ ഗാന്ധിക്കെതിരായ പോരാട്ടത്തില്‍ വിജയിക്കാമെന്നത് ബി ജെ പിയുടെ വ്യാമോഹം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ മാസം വീണ്ടും രാഹുല്‍ഗാന്ധി വയനാട്ടില്‍ പ്രചരണത്തിനെത്തും. വാര്‍ത്താസമ്മേളനത്തില്‍ ആര്യാടന്‍ മുഹമ്മദ്, എ പി അനില്‍കുമാര്‍, എന്‍ സുബ്രഹ്മണ്യന്‍, സി പി ചെറിയമുഹമ്മദ്, ഐ സി ബാലകൃഷ്ണന്‍, ടി സിദ്ദിഖ്, വി വി പ്രകാശ്, പി പി എ കരീം, എന്‍ ഡി അപ്പച്ചന്‍, എം സി സെബാസ്റ്റ്യന്‍ തുടങ്ങിയവരും സംബന്ധിച്ചു.

web desk 1: