X

തെരഞ്ഞെടുപ്പ് ഫലം 23ന്; അന്ന് പ്രതിപക്ഷപാര്‍ട്ടികളെ ഡല്‍ഹിയിലേക്ക് ക്ഷണിച്ച് സോണിയയുടെ അപ്രതീക്ഷിതനീക്കം

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്ന മെയ് 23ന് പ്രതിപക്ഷപാര്‍ട്ടികളെ മൊത്തം ഡല്‍ഹിയിലേക്ക് ക്ഷണിച്ച് യു.പി.എ അധ്യക്ഷ സോണിയഗാന്ധി. ഫലം പുറത്തുവരുന്ന അന്ന് ഡല്‍ഹിയില്‍ എത്തിച്ചേരാന്‍ ഡി.എം.കെ അധ്യക്ഷന്‍ സ്റ്റാലിന് ക്ഷണം ലഭിച്ചതായാണ് റിപ്പോര്‍ട്ട്. ബി.ജെ.പിയെ അധികാരത്തിലെത്തിക്കാതിരിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളെ കൂടെ നിര്‍ത്തുന്നതിനും സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുമാണ് സോണിയ ഗാന്ധിയുടെ നീക്കം.

ജനതാദള്‍ സെക്യുലര്‍, ശരത് പവാറിന്റെ എന്‍.സി.പി,ഉത്തര്‍പ്രദേശിലെ സഖ്യകക്ഷികളായ മായാവതി, അഖിലേഷ് യാദവ് തുടങ്ങിയവര്‍ക്കും സോണിയയുടെ ക്ഷണം ലഭിച്ചിട്ടുണ്ട്.

മെയ് 23-ന് ന്യൂഡല്‍ഹിയില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം നടക്കുമെന്നാണ് വിവരം. യോഗത്തില്‍ പ്രധാനമന്ത്രി ആരായിരിക്കണമെന്നും തീരുമാനിക്കുന്നതിനും സാധ്യതയുണ്ട്. നേരത്തെ, കോണ്‍ഗ്രസുമായി ഐക്യത്തിലില്ലാതിരുന്ന പ്രതിപക്ഷപാര്‍ട്ടികളായ ബിജു ജനതാദള്‍, വൈഎസ്ആര്‍ കോണ്‍ഗ്രസ്, ടിആര്‍എസ് എന്നിവരേയും മഹാസഖ്യത്തിലേക്ക് കൊണ്ടുവരാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്. മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥിനേയും മറ്റ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളേയും നവീന്‍ പട്‌നായിക്, ജഗന്‍മോഹന്‍ റെഡ്ഡി, കെ ചന്ദ്രശേഖര റാവു എന്നിവരുമായി ചര്‍ച്ച നടത്താന്‍ സോണിയാഗാന്ധി നിയോഗിച്ചതായും വാര്‍ത്തകളുണ്ട്.

അതേസമയം, കോണ്‍ഗ്രസിന് പ്രധാനമന്ത്രി സ്ഥാനം കിട്ടിയില്ലെങ്കിലും കുഴപ്പമില്ലെന്നും മുതിര്‍ന്ന നേതാവ് ഗുലാംനബി ആസാദും വ്യക്തമാക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിന് മേല്‍ക്കൈ ലഭിക്കുകയാണെങ്കില്‍ നേതൃത്വം ഏറ്റെടുക്കും. അല്ലാത്ത പക്ഷം എന്‍.ഡി.എയേയും ബി.ജെ.പിയേയും അധികാരത്തില്‍ എത്തിക്കാതിരിക്കുക എന്നതാണ് ല്ഖ്യമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

chandrika: