X

സൗമ്യവധം: തിരുത്തല്‍ ഹര്‍ജിയും തള്ളി സുപ്രീംകോടതി; പ്രോസിക്യൂഷന്റെ വീഴ്ചയെന്ന് കണ്ടെത്തല്‍

 

ന്യൂഡല്‍ഹി: ഏറെ കോളിളക്കമുണ്ടാക്കിയ സൗമ്യവധക്കേസില്‍ ഗോവിന്ദച്ചാമിക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ അവസാന ശ്രമവും പരാജയപ്പെട്ടു. പ്രതിക്കെതിരായ കൊലക്കുറ്റം റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹര്‍ജി കോടതി തള്ളി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിമാരാണ് ഹര്‍ജി പരിഗണിച്ചത്.
നേരത്തെ, വിധിക്കെതിരെയുള്ള പുനഃപരിശോധനാ ഹര്‍ജിയും സുപ്രീംകോടതി തള്ളിയിരുന്നു. ഇതോടെ, സംസ്ഥാന സര്‍ക്കാറിനു മുമ്പില്‍ കേസിലെ എല്ലാ നിയമവാതിലുകളും അടഞ്ഞു. കേസില്‍ പരസ്യവാദം കേള്‍ക്കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അതുണ്ടായില്ല. ജഡ്ജിമാരുടെ ചേംബറിലാണ് അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി തയാറാക്കിയ തിരുത്തല്‍ ഹര്‍ജി പരിഗണിച്ചത്.
ചീഫ് ജസ്റ്റിസ് ജെ.എസ് ഖേഹാര്‍, ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെ. ചെലമേശ്വര്‍ എന്നിവര്‍ക്ക് പുറമെ നേരത്തെ കേസില്‍ വിധി പറഞ്ഞ ജഡ്ജിമാരായ രഞ്ജന്‍ ഗോഗോയി, പി.സി. പന്ത്, യു.യു. ലളിത് എന്നിവരാണ് തിരുത്തല്‍ ഹര്‍ജി പരിഗണിച്ചത്.
സംശയത്തിന്റെ നേരിയ കണിക ബാക്കിനില്‍ക്കുന്നുണ്ടെങ്കില്‍ വധശിക്ഷ വിധിക്കാനാവില്ലെന്ന് ചുണ്ടിക്കാട്ടിയാണ് നേരത്തെ റിവ്യൂ ഹര്‍ജി തള്ളിത്. ഇതേ വാദം തന്നെയാണ് ഇന്നലേയും കോടതി ചൂണ്ടിക്കാട്ടിയത്. സൗമ്യയെ തീവണ്ടിയില്‍ നിന്ന് തള്ളിയിട്ടത് ഗോവിന്ദച്ചാമിയാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് അന്ന് കോടതി നിരീക്ഷിച്ചിരുന്നു. സംശയത്തിന്റെ ആനുകൂല്യമുള്ള ഒരാളുടെ ജീവന്‍ എങ്ങനെയാണ് എടുക്കുക എന്നായിരുന്നു കോടതിയുടെ ചോദ്യം.
എന്നാല്‍ മറ്റെല്ലാ തെളിവുകളും എതിരാകുമ്പോള്‍ ഗോവിന്ദച്ചാമിക്ക് സംശയത്തിന്റെ ഇളവ് നല്‍കരുതെന്നാണ് തിരുത്തല്‍ ഹര്‍ജിയില്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
നവംബര്‍ 11നാണ് സര്‍ക്കാറിന്റെയും സൗമ്യയുടെ അമ്മയും കൊടുത്ത പുനഃപരിശോധനാ ഹര്‍ജികള്‍ സുപ്രീംകോടതി തള്ളിയിരുന്നത്. 2011 ഫെബ്രുവരി ഒന്നിന്് എറണാകുളം-ഷൊര്‍ണൂര്‍ പാസഞ്ചര്‍ തീവണ്ടിയില്‍ ആക്രമണത്തിന് ഇരയായ സൗമ്യ ഫെബ്രുവരി ആറിന് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്.

പ്രോസിക്യൂഷന്റെ വീഴ്ച

കേരള മനഃസാക്ഷിയെ ഞെട്ടിച്ച സൗമ്യവധക്കേസില്‍ പ്രതിയായ ഗോവിന്ദച്ചാമിയെ തൂക്കുകയറില്‍ നിന്ന് രക്ഷിച്ചത് പ്രോസിക്യൂഷന്റെ വീഴ്ച. സുപ്രീംകോടതിയില്‍ കേസിന്റെ പരിഗണനാഘട്ടത്തില്‍ പിണറായി സര്‍ക്കാറിനുണ്ടായ വീഴ്ചയാണ് തിരുത്തല്‍ ഹര്‍ജിയും തള്ളുന്നതിലേക്ക് കാര്യങ്ങളെത്തിച്ചത്.
യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് വിചാരണക്കോടതിയിലും ഹൈക്കോടതിയിലും ജാഗ്രതയോടെ കേസ് നടത്തിയതിനാലാണ് ഈ കേസില്‍ പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ ലഭിച്ചത്. പക്ഷേ കേസ് സുപ്രീംകോടതിയിലെത്തിയപ്പോള്‍ സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്ത് അലംഭാവമുണ്ടായി. വിചാരണക്കോടതിയിലും ഹൈക്കോടതിയിലും കേസ് സമര്‍ത്ഥമായി കൈകാര്യം ചെയ്ത അഭിഭാഷകന്റെയും അന്വേഷണ സംഘത്തിന്റെയും സേവനം സുപ്രീംകോടതിയില്‍ ഉറപ്പാക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞില്ല.
വിചാരണക്കോടതിയില്‍ കേസ് വാദിച്ച അഡ്വ.സുരേശന്റെ പ്രത്യേക സേവനം തേടണമെന്ന് യു.ഡി.എഫ് സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയിരുന്നു. പക്ഷേ ഇടതുസര്‍ക്കാറിന് അത് നടപ്പാക്കാനായില്ല. സുപ്രീംകോടതിയില്‍ കേസ് നടത്തിയിരുന്ന സ്റ്റാന്റിംഗ് കോണ്‍സലിനെ മാറ്റി പുതിയ ആളെ നിയോഗിച്ചു. പക്ഷേ അദ്ദേഹത്തിന് കാര്യങ്ങള്‍ ഏകോപിപ്പിക്കാന്‍ കഴിഞ്ഞില്ല. സുപ്രീംകോടതിയുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സംസ്ഥാനത്തിന്റെ അഭിഭാഷകര്‍ക്ക് കഴിഞ്ഞില്ല. കേസിലെ എല്ലാ തെളിവുകളും നിരത്താന്‍ സുപ്രീംകോടതിയില്‍ പ്രോസിക്യൂഷന് കഴിയാതെ പോയി.
ഗോവിന്ദച്ചാമി സൗമ്യയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയെന്ന് കേരളം മുഴുവന്‍ വിശ്വസിക്കുന്നുവെങ്കിലും കോടതിക്ക് മുന്നില്‍ ഇത് തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ ദയനീയമായി പരാജയപ്പെട്ടു. കൊലപാതകം തെളിയിക്കാനാവശ്യമായ ദൃക്‌സാക്ഷികളോ സാഹചര്യത്തെളിവുകളോ സമര്‍പ്പിക്കുന്നതിന് പ്രോസിക്യൂഷന് കഴിഞ്ഞില്ല.

chandrika: