X

എസ്.പിയും ബി.എസ്്.പിയും കൈകോര്‍ക്കുമോ?; സംയുക്തവാര്‍ത്താസമ്മേളനം നാളെ

ലക്‌നൗ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയും സഖ്യമാവുമെന്ന് റിപ്പോര്‍ട്ടുകള്‍ക്ക് ബലമേകി ഇരു പാര്‍ട്ടികളുടേയും സംയുക്ത വാര്‍ത്താ സമ്മേളനം. നാളെയാണ് പാര്‍ട്ടി നേതാക്കളുടെ വാര്‍ത്താസമ്മേളനം വിളിച്ചിരിക്കുന്നത്. ഈ സഖ്യം നിലവില്‍ വരുകയാണെങ്കില്‍ അത് കോണ്‍ഗ്രസ്സിനും ബി.ജെ.പിക്കും തിരിച്ചടിയാവും.

വാര്‍ത്താ സമ്മേളനത്തില്‍ സഖ്യപ്രഖ്യാപനം നടക്കുമെന്ന സൂചനകള്‍ ഇതിനകം വന്നു കഴിഞ്ഞു. അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടിയും മായാവതിയുടെ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയും സഖ്യമായി ഉപതെരഞ്ഞെടുപ്പുകളെ നേരിട്ടപ്പോള്‍ മികച്ച പ്രതികരണമാണ് ഉണ്ടാക്കാനായത്.

ഇതോടെ വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലും ഈ സഖ്യം തുടരാനുള്ള തീരുമാനത്തില്‍ ഇരു സംഘങ്ങളും എത്തിച്ചേര്‍ന്നതായുള്ള റിപ്പോര്‍ട്ടുകള്‍ ദേശീയ മാധ്യമങ്ങള്‍ പുറത്ത് വിട്ടിരുന്നു. നേരത്തെ, ഡല്‍ഹിയില്‍ മായാവതിയും അഖിലേഷ് യാദവും മൂന്ന് മണിക്കൂറോളം ചര്‍ച്ച നടത്തിയിരുന്നു.

ഇതില്‍ സീറ്റുകള്‍ വിഭജിക്കുന്നത് സംബന്ധിച്ചുള്ള ധാരണളായിട്ടുണ്ട്.ആകെയുള്ള 80 സീറ്റില്‍ 37 സീറ്റുകളില്‍ വീതം മത്സരിക്കാനുള്ള ധാരണയാണ് എസ്പിയും ബിഎസ്പിയും തമ്മില്‍ ഉരുത്തിരിഞ്ഞിരിക്കുന്നതെന്നാണ് സൂചനകള്‍. കോണ്‍ഗ്രസ് ഈ സഖ്യത്തിന്റെ ഭാഗമാകില്ലെന്നും ഉറപ്പായിട്ടുണ്ട്. കഴിഞ്ഞ തവണ 80ല്‍ 73 സീറ്റുകളാണ് ബിജെപി സഖ്യം നേടിയത്.

25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുപാര്‍ട്ടികളും ബി.ജെ.പിക്കെതിരെ വീണ്ടും ഒന്നിക്കുന്നത് നേരത്തെ മുതിര്‍ന്ന നേതാക്കളായ മുലായാംസിങ് യാദവും കാന്‍ഷിറാമും പ്രയോഗിച്ച തന്ത്രം വിജയിച്ചിരുന്നു. സഖ്യം വിജയിക്കുകയാണെങ്കില്‍ ബി.ജെ.പിക്ക് കേന്ദ്രഭരണം എളുപ്പമാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

chandrika: